ഈ കീപ്പർ വെറും ‘പോസ്റ്റ്’ അല്ല; ഓപ്പൺ ചാൻസിൽ മെസ്സിയെ പിടിച്ചുകെട്ടിയ ‘സ്വീപ്പർ കീപ്പർ’! സിമോൻ ‘ക്ലീൻ’ ആണ്!

1 day ago 1

ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപ് വരെ സ്പാനിഷ് മാധ്യമങ്ങളിലും ഫുട്ബോൾ ചർച്ചകളിലും ഉയർന്നു കേട്ടത് ഒരേയൊരു ചോദ്യമായിരുന്നു– ‘ആരായിരിക്കണം സ്പെയിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ?’ ആഴ്സനലിൽ മിന്നും ഫോമിൽ കളിക്കുന്ന ഡേവിഡ് റായയും, ലാ ലിഗയിൽ വിസ്മയമായി മാറിയ ജോവാൻ ഗാർസിയയും അവസരത്തിനായി കാത്തുനിൽക്കുമ്പോൾ, അത്‌ലറ്റിക് ക്ലബ്ബിന്റെ ഉനായ് സിമോനിൽ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുവന്തെ അമിതമായി വിശ്വസിക്കുന്നെന്ന് പലരും കുറ്റപ്പെടുത്തി. വിമർശനങ്ങൾ സിമോനും കേട്ടിരുന്നു. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി, 2026 ലോകകപ്പിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ന്യൂയോർക്കിലെ ആകാശത്തേക്ക് സ്വർണക്കപ്പും ഗോൾഡൻ ഗ്ലൗവും ഉയർത്തിപ്പിടിച്ച് ആ 29 വയസ്സുകാരൻ പുഞ്ചിരിച്ച് നിൽക്കുന്നുണ്ടായിരുന്നു. അതേലോകം അവനെ നോക്കി വിസ്മയിച്ചു, അവൻ വെറുമൊരു ഗോൾകീപ്പറല്ല, സ്പെയിനിന്റെ വിജയചരിത്രം കാത്ത കാവൽമാലാഖയായിരുന്നു.

What you should work next

∙ വിശ്വാസത്തിന്റെ ആഴം, ഒരു കുടുംബത്തിന്റെ ബന്ധംഒരു ഗോൾകീപ്പറെ സംബന്ധിച്ച് ഏറ്റവും വലിയ കരുത്ത്, കോച്ചിന് അയാളിലുള്ള വിശ്വാസമാണ്. ഡി ലാ ഫ്യുവന്തെയും സിമോനു തമ്മിലുള്ള ബന്ധം കേവലം ഒരു കളിക്കാരനും പരിശീലകനും തമ്മിലുള്ളതായിരുന്നില്ല. സ്പെയിന്റെ അണ്ടർ-19, അണ്ടർ-21 ടീമുകൾ മുതൽ സിമോനിന്റെ വളർച്ച നേരിട്ടു കണ്ട ആളാണ് ഡി ലാ ഫ്യുവന്തെ. യൂറോ കപ്പും നേഷൻസ് ലീഗും ഒന്നിച്ച് നേടിയ അവർക്ക് പരസ്പരം വാക്കുകൾ ആവശ്യമില്ലായിരുന്നു. ‘ഞങ്ങൾക്കിടയിലുള്ളത് ഒരു കോച്ചും കളിക്കാരനും തമ്മിലുള്ള ബന്ധമല്ല, ഒരു കുടുംബബന്ധമാണ്’ എന്ന് ഡി ലാ ഫ്യുവന്തെ പറയുമ്പോൾ അതിലൊരു വലിയ സത്യമുണ്ടായിരുന്നു. പുറംലോകം മുഴുവൻ സിമോനിന്റെ യോഗ്യതയെ ചോദ്യം ചെയ്തപ്പോഴും, തന്റെ തന്ത്രങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കണ്ണി സിമോൻ ആണെന്ന് ആ കോച്ചിന് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ടൂർണമെന്റിലുടനീളം സിമോന് കരുത്തായത്.

∙ ചരിത്രം തിരുത്തിക്കുറിച്ച ഏഴ് ക്ലീൻ ഷീറ്റുകൾഒലിവർ കാൻ, ജിയാൻലൂജി ബഫൺ, ഇക്കർ കസീയസ്... ലോകകപ്പ് ചരിത്രത്തിൽ ഇതിഹാസങ്ങളായ ഗോൾകീപ്പർമാർക്ക് പോലും ഒരു ടൂർണമെന്റിൽ അഞ്ചിൽ കൂടുതൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എട്ടു മത്സരങ്ങളിൽനിന്ന് ഏഴു ക്ലീൻ ഷീറ്റുകൾ എന്ന അവിശ്വസനീയമായ റെക്കോർഡോടെ ഉനായ് സിമോൻ ആ ഇതിഹാസങ്ങളെയെല്ലാം പിന്നിലാക്കി. തുടർച്ചയായി 650 മിനിറ്റുകൾ തന്റെ വലയിലേക്ക് ഒരു പന്തുപോലും കടത്തിവിടാതെ അവൻ തീർത്ത പ്രതിരോധമതിൽ ബെൽജിയത്തിന് മാത്രമാണ് തകർക്കാൻ കഴിഞ്ഞത്. 91.7 ശതമാനം സേവ് പെർസെന്റേജുമായി ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി മാറിയ സിമോൻ, വെറും ഭാഗ്യം മാത്രമല്ല താൻ ആ സ്ഥാനത്ത് നിൽക്കുന്നതെന്ന് തെളിയിച്ചു.

∙ ശാന്തതയുടെയും ബുദ്ധിയുടെയും കളിത്തമ്പുരാൻസിമോനിന്റെ ഏറ്റവും വലിയ സവിശേഷത അവൻ പന്തുകൾ തടുത്തിടുന്നത് മാത്രമല്ല, മറിച്ച് ഒരു ഷോട്ട് വരാവുന്ന സാഹചര്യം പോലും മുൻകൂട്ടി കണ്ട് ഇല്ലാതാക്കുന്നു എന്നതാണ്. സ്പെയിൻ എപ്പോഴും തങ്ങളുടെ ഡിഫൻസ് ലൈൻ വളരെ മുന്നോട്ട് കയറ്റിയാണ് കളിക്കാറുള്ളത്. അങ്ങനെയുള്ളപ്പോൾ ഡിഫൻഡർമാർക്ക് പുറകിലുള്ള വലിയൊരു പ്രദേശം ഒഴിഞ്ഞുകിടക്കും. ആ പ്രദേശത്തിന്റെ പൂർണമായ ഉത്തരവാദിത്തം സിമോൻ എന്ന ‘സ്വീപ്പർ കീപ്പർ’ ഏറ്റെടുത്തു. ടൂർണമെന്റിലുടനീളം 22 തവണയാണ് ബോക്സിന് പുറത്തേക്ക് ഓടിയിറങ്ങി അവൻ അപകടങ്ങൾ ഒഴിവാക്കിയത്.

 TIMOTHY A. CLARY / AFP)

അർജന്റീന - സ്പെയിൻ ലോകകപ്പ് ഫൈനൽ മത്സരത്തിൽ നിന്ന് (Photo: TIMOTHY A. CLARY / AFP)

സെമിഫൈനലിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയെ നേരിടുമ്പോൾ ലോകത്തിലെ ഏതു കീപ്പറും ഭയക്കും. എംബപെയുടെ വേഗതയ്ക്ക് മുന്നിൽ പലരും ബോക്സിനുള്ളിൽ ഒതുങ്ങിക്കൂടുമ്പോൾ സിമോൻ മുന്നോട്ട് ആഞ്ഞടിച്ചു. ഒരു ഘട്ടത്തിൽ മാനുവൽ നോയറുടെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു സിമോനിന്റെ പ്രകടനം. പന്ത് തന്റെ പ്രതിരോധനിരയെ മറികടന്ന് മുന്നോട്ട് പോകുമ്പോഴെല്ലാം സിമോൻ അവിടെ ഒരു രക്ഷകനായി അവതരിച്ചു.

ഫൈനലിൽ അർജന്റീനയ്ക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ലയണൽ മെസ്സി എന്ന മന്ത്രവാദിയുടെ കാലുകളിലേക്ക് എത്തിയേക്കാമായിരുന്ന ഒരു മാരകമായ ത്രൂ-ബോൾ, ബോക്സിന് 40 വാര പുറത്തേക്ക് ഓടിയെത്തിയാണ് സിമോൺ ക്ലിയർ ചെയ്തത്. ആ ഒരു നിമിഷം പാളിപ്പോയിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം മറ്റൊന്നാകുമായിരുന്നു. എന്നാൽ സിമോനിന്റെ മനസ്സിൽ ഭയമില്ലായിരുന്നു, കൃത്യമായ കണക്കുകൂട്ടലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

∙ വിജയത്തിലും തിളങ്ങുന്ന വിനയംഫൈനലിൽ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി ലോകകിരീടവും ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവും സ്വന്തമാക്കിയിട്ടും സിമോനിന്റെ വാക്കുകളിൽ നിറഞ്ഞത് വിനയമായിരുന്നു. ‘‘എന്റെ ഗ്ലൗസിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അവ പറയുമായിരുന്ന ഒന്നുണ്ട് – മറ്റു ഗോൾകീപ്പർമാരുടെ ഗ്ലൗസിനെപ്പോലെ എനിക്ക് അധികം ജോലി ചെയ്യേണ്ടി വന്നിട്ടില്ല എന്ന്’’– ഇതായിരുന്നു സിമോനിന്റെ വാക്കുകൾ. ഈ ഏഴു ക്ലീൻ ഷീറ്റുകളുടെയും ക്രെഡിറ്റ് സ്വന്തം പേരിൽ കുറിക്കാതെ, തനിക്ക് മുന്നിൽ ജീവൻമരണപോരാട്ടം നടത്തിയ സഹതാരങ്ങൾക്ക് അവൻ അത് സമർപ്പിച്ചു. ഈ വിനയമാണ് അവനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്.

∙ വീട്ടിലെത്തുമ്പോൾ അറിയാം ആ 'കുതന്ത്രങ്ങളുടെ' ആഴം‘‘ഞങ്ങൾക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. റഫറിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ എനിക്ക് വികാരങ്ങളൊന്നും തോന്നിയില്ല, ഞങ്ങൾ അത് നേടി എന്നൊരു ചിന്ത മാത്രമായിരുന്നു മനസ്സിൽ. 50 ദിവസത്തെ ഈ നീണ്ട ക്യാംപിൽ കളിക്കുന്നവരും കളിക്കാത്തവരും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കോച്ചിന് കഴിഞ്ഞു. സ്പെയിനിൽ തിരിച്ചെത്തുമ്പോൾ മാത്രമേ ഞങ്ങൾ ചെയ്ത ഈ ‘കുതന്ത്രങ്ങളുടെ' ആഴം ഞങ്ങൾക്ക് മനസ്സിലാകൂ’’– ലോകകപ്പ് വിജയത്തിന് ശേഷം സിമോൻ പറഞ്ഞു.

ഫിഫ ലോകകപ്പ് ചാംപ്യന്മാരായ സ്പെയിൻ ടീം ട്രോഫിയുമായി. (Photo by Odd ANDERSEN / AFP)

ഫിഫ ലോകകപ്പ് ചാംപ്യന്മാരായ സ്പെയിൻ ടീം ട്രോഫിയുമായി. (Photo by Odd ANDERSEN / AFP)

ഫുട്ബോൾ ലോകം എപ്പോഴും ഗോളടിക്കുന്ന സ്ട്രൈക്കർമാരെയും കളി മെനയുന്ന മിഡ്ഫീൽഡർമാരെയും ഓർത്തു വയ്ക്കാറാണ് പതിവ്. എന്നാൽ ചില ടൂർണമെന്റുകൾ ഗോൾകീപ്പർമാരുടേത് കൂടിയായി മാറും. 2026ലെ ലോകകപ്പ് ഉനായ് സിമോൻ എന്ന മനുഷ്യന്റെ പോരാട്ടവീര്യത്തിന്റെ അടയാളപ്പെടുത്തലാണ്. തനിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും തന്റെ ഗ്ലൗസുകൾ കൊണ്ട് തട്ടിയകറ്റിയ അവൻ, സ്പെയിൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഇനി ഇക്കർ കസീയസിനൊപ്പം തങ്കലിപികളാൽ എഴുതപ്പെടും. വിശ്വസ്തതയുടെ, ശാന്തതയുടെ, അതിലുപരി അചഞ്ചലമായ പ്രതിരോധത്തിന്റെ മറുപേരാണ് ഉനായ് സിമോൻ!

English Summary:

Unai Simón is Spain's triumphant 2026 World Cup hero, silencing critics with his exceptional goalkeeping. His record-breaking performance, marked by galore cleanable sheets and important saves, cemented his presumption arsenic a shot legend.

Read Entire Article