Published: March 17, 2026 09:21 PM IST
1 minute Read
ലഹോർ∙ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സംഘർഷങ്ങൾക്കിടെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് നടത്താനായി നെട്ടോട്ടമോടി സംഘാടകർ. ഇറാന്‍– ഇസ്രയേൽ സൈനിക നടപടികളെ തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെടുന്നതിനിടെയാണ് പിഎസ്എലിന്റെ പുതിയ സീസണ് തുടക്കമാകുന്നത്. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ, ഗ്ലെന്‍ മാക്സ്‍വെൽ എന്നിവർ 2026 പിഎസ്എൽ എഡിഷനിൽ കളിക്കുന്നുണ്ട്. ഐപിഎൽ സീസൺ തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് മാർച്ച് 26നാണ് പിഎസ്എലിലെ ഉദ്ഘാടന മത്സരം. താരങ്ങൾക്കു പുറമേ പിഎസ്എൽ ടീമുകൾക്ക് ഓസ്ട്രേലിയയിൽനിന്നുള്ള പരിശീലകരുമുണ്ട്.
സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിലേക്കു പോകുന്ന പൗരന്മാർക്ക് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പു നൽകിയതായാണു പുറത്തുവരുന്ന വിവരം. പാക്കിസ്ഥാൻ– അഫ്ഗാൻ സംഘർഷം നിലനിൽക്കുന്നതിനാൽ പാക്ക് നഗരമായ പെഷവാറിലേക്കു യാത്ര ചെയ്യരുതെന്നും ഓസ്ട്രേലിയന്‍ താരങ്ങൾക്കു നിർദേശമുണ്ട്. ചരിത്രത്തിലാദ്യമായി പെഷവാർ നഗരം പിഎസ്എൽ മത്സരത്തിന് വേദിയാകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ജാഗ്രതാ നിർദേശം.
മാർച്ച് 28ന് പെഷവാറിലെ ഇമ്രാൻ ഖാൻ സ്റ്റേഡിയത്തിൽ പെഷവാർ സൽമി– റാവൽപിണ്ടി മത്സരമുണ്ട്. സൽമിയിൽ ഓസ്ട്രേലിയൻ താരം ആരൺ ഹാർഡിയും റാവൽപിണ്ടിയിൽ ജേക് ഫ്രേസർ മഗ്രുകും കളിക്കുന്നുണ്ട്. ഇതാണ് പിസിബിയെ പ്രതിരോധത്തിലാക്കിയത്. പെഷവാറിലേക്കു പോകാൻ ഈ താരങ്ങൾ വിസമ്മതിച്ചാൽ അത് പിസിബിക്കും വലിയ നാണക്കേടാകും.
പ്രത്യേക സാഹചര്യത്തിൽ രാജ്യം വിടേണ്ടിവന്നാൽ പ്രത്യേക വിമാനമുൾപ്പടെ തയാറാക്കി നൽകാമെന്നാണ് ഓസ്ട്രേലിയൻ താരങ്ങൾക്കുള്ള ഓഫർ. അതേസമയം ഇക്കാര്യത്തിൽ ഓസ്ട്രേലിയൻ സർക്കാരോ, ക്രിക്കറ്റ് ബോർഡോ അന്തിമ തീരുമാനമെടുത്തിട്ടില്ല. നേരത്തേ ഐപിഎലിൽ പകരക്കാരനായി കളിക്കുന്നതിനായി സിംബാബ്‍വെ താരം ബ്ലെസിങ് മുസറബനി പാക്ക് ലീഗ് ഉപേക്ഷിച്ചിരുന്നു. കരാർ ഉപേക്ഷിച്ച് ഇന്ത്യയിലേക്കു പോയ സിംബാബ്‍വെ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണു പിസിബി നിലപാട്. അതിനിടെയാണ് ലീഗിന് സുരക്ഷാ ഭീഷണി കൂടെ ഉയരുന്നത്.
English Summary:







English (US) ·