‘ഈ മെഡൽ യോഗി ആദിത്യനാഥിന്’: മൺകുടിലിൽ നിന്ന് പൊൻകിരീടത്തിലേക്ക് അസ്മിത; 23കാരി എസ്ഐക്ക് രാജ്യത്തിന്റെ ‘സല്യൂട്ട്’!

1 month ago 5

ആ സ്വർണമെഡൽ നെഞ്ചോട് ചേർത്തുപിടിക്കുമ്പോൾ ഇരുപത്തിമൂന്നുകാരി അസ്മിത ഡേയുടെ കണ്ണുകൾ തിരഞ്ഞത് ഗ്ലാസ്‌ഗോയിലെ കാണികൾക്കിടയിലായിരുന്നില്ല, മറിച്ച് പഴയ ഓർമകളിലേക്കായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലാദ്യമായി ജുഡോയിൽ ഇന്ത്യയ്ക്കായി ഒരു സ്വർണമെഡൽ സ്വന്തമാക്കിയ ചരിത്ര നിമിഷത്തിൽ, ആ സന്തോഷം ആദ്യമായി പങ്കുവയ്ക്കാൻ അവൾ ആഗ്രഹിച്ച വ്യക്തി പക്ഷേ അത് കാണാൻ അവിടെയുണ്ടായിരുന്നില്ല!

What you should work next

വെറും ഏഴു മാസങ്ങൾക്ക് മുൻപ്, തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഈ ലോകത്തോടു വിടപറഞ്ഞ സ്വന്തം അച്ഛൻ... ത്രിപുരയിലെ ഒരു ചെറിയ ഗ്രാമത്തിൽ, മൺചുവരുകളുള്ള കൊച്ചു വീട്ടിലിരുന്ന്, ദിവസവും വെറും 300 രൂപ മാത്രം സമ്പാദിച്ചിരുന്ന ആ പാവം സൈക്കിൾ മെക്കാനിക്! ഇന്നിപ്പോൾ, രാജ്യത്തിന്റെ മുഴുവൻ സ്വപ്നമായി മാറിയ ഈ മെഡൽ കൈകളിൽ തഴുകുമ്പോൾ, അത് തന്റേത് മാത്രമല്ലെന്നും, തന്നെക്കാളേറെ തനിക്ക് മുന്നേ ഈ സ്വപ്നം പേറിനടന്ന അച്ഛന്റേതു കൂടിയാണെന്നും അസ്മിത വിതുമ്പലോടെ ഓർത്തെടുക്കുന്നു.

∙ മൺചുവരുകൾക്കിടയിൽ വിരിഞ്ഞ വലിയ സ്വപ്നങ്ങൾത്രിപുരയിലെ തെക്കൻ ജില്ലയിലുള്ള ബെലോണിയ എന്ന കൊച്ചു ഗ്രാമത്തിലാണ് അസ്മിതയുടെ വേരുകൾ. ആ ഗ്രാമത്തിലെ മനുഷ്യർക്ക് വലിയ സ്വപ്നങ്ങൾ കാണാൻ പോലും ഭയമായിരുന്നു. ആ അർഥത്തിൽ, വല്ലപ്പോഴും മാത്രം അടുപ്പിൽ തീ പുകയുന്ന ആ കൊച്ചുവീട്ടിൽ മകൾക്കായി വലിയൊരു സ്വപ്നം കാണാൻ ധൈര്യം കാണിച്ച ഒരേയൊരു മനുഷ്യൻ അസ്മിതയുടെ അച്ഛനായിരുന്നു.

സ്വന്തം സൈക്കിൾ വർക്ക്‌ഷോപ്പിൽ നിന്ന് കിട്ടുന്ന ചെറിയ തുക കൊണ്ട് കുടുംബം പുലർത്താൻ തന്നെ അദ്ദേഹം പാടുപെട്ടു. എങ്കിലും, മകളുടെ കായിക സ്വപ്നങ്ങൾക്ക് മുന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകാൻ ആ പിതാവ് സമ്മതിച്ചില്ല. ‘‘എന്റെ അച്ഛൻ ഒരു സാധാരണ സൈക്കിൾ മെക്കാനിക്കായിരുന്നു. ദിവസം 300 രൂപയൊക്കെയാണ് ആകെ സമ്പാദ്യം. ഞങ്ങൾ താമസിച്ചിരുന്നത് ഒരു മൺവീട്ടിലായിരുന്നു. പക്ഷേ, ആ അവസ്ഥയിലും എന്റെ സ്വപ്നങ്ങൾക്ക് അച്ഛൻ എന്നും താങ്ങായി നിന്നു.’’– അസ്മിത ഡേ പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ  ജൂഡോ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യയുടെ അസ്മിത ഡേയുടെ ആഹ്ലാദം. (PTI Photo/Ravi Choudhary)

കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യയുടെ അസ്മിത ഡേയുടെ ആഹ്ലാദം. (PTI Photo/Ravi Choudhary)

തുടക്കത്തിൽ 800 മീറ്റർ ഓട്ടത്തിലായിരുന്നു അസ്മിത ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് ആദ്യ കോച്ചിന്റെ നിർദേശപ്രകാരം ജുഡോയിലേക്ക് മാറി. 2015ൽ ത്രിപുര സ്പോർട്സ് സ്കൂളിൽ ചേർന്നതോടെയാണ് അസ്മിതയുടെ കായികജീവിതത്തിന് പുതിയൊരു ദിശാബോധം ലഭിക്കുന്നത്. തുടർന്ന്, കരിയർ തകർത്തു കളയുമെന്ന് ഭയന്ന ഒരു കാൽമുട്ട് പരുക്ക് അസ്മിതയെ പിടികൂടിയപ്പോഴും ആ അച്ഛൻ തളർന്നില്ല. കൈയിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവച്ച് മകളെ ഡൽഹിയിലെത്തിച്ച് മികച്ച ചികിത്സ ഉറപ്പാക്കി, മരുന്നുകൾ വാങ്ങി നൽകി അവളെ വീണ്ടും മാറ്റിലേക്ക് തിരിച്ചെത്തിച്ചു.

∙ ഇരുളടഞ്ഞ ദിനങ്ങളും അമ്മയുടെ നിശ്ചയദാർഢ്യവും

എന്നാൽ, അസ്മിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം സംഭവിച്ചത് കഴിഞ്ഞ ഡിസംബറിലായിരുന്നു. തണലായി നിന്ന അച്ഛന്റെ പെട്ടെന്നുള്ള മരണം. തന്റെ കരുത്തും ആശ്വാസവുമായിരുന്ന അച്ഛൻ കണ്ണടച്ചതോടെ, കായികലോകത്ത് താൻ കണ്ട സ്വപ്നങ്ങളെല്ലാം അവിടെ അവസാനിച്ചു എന്ന് അസ്മിത കരുതി. ഇനി എന്തിനുവേണ്ടി പോരാടണം എന്നറിയാതെ അവൾ തകർന്നുപോയി.

പക്ഷേ, അവിടെ വീണുപോകാതിരിക്കാൻ മറ്റൊരു കൈ അവൾക്ക് താങ്ങായി എത്തി–അവളുടെ അമ്മയുടെ കൈകൾ! അച്ഛൻ മരിച്ച് പത്താം നാൾ, കണ്ണീരണിഞ്ഞ കണ്ണുകളോടെ അമ്മ മകളോട് പറഞ്ഞു: ‘‘ഇന്ന് ഞാൻ നിന്നെ തടഞ്ഞാൽ, നിന്റെ സ്വപ്നങ്ങൾ ഞാൻ തല്ലിക്കെടുത്തി എന്ന് അച്ഛൻ കരുതും. നീ തിരികെ പോവുക, അച്ഛന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കുക...’’

അമ്മ നൽകിയ ആ വാക്കുകളുടെ കരുത്തിൽ, അസ്മിത തന്റെ ബാഗുകൾ വീണ്ടും പാക്ക് ചെയ്ത് ഭോപ്പാലിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്ററിലേക്ക് മടങ്ങി. 2018 മുതൽ സായിയും നാഷനൽ സെന്റർ ഓഫ് എക്സലൻസും (എൻസിഒഇ) നൽകിയ പരിശീലനവും പിന്തുണയുമാണ് പിന്നീട് അവളെ വൻകരകൾ കടന്നുള്ള ജയങ്ങളിലേക്ക് നയിച്ചത്.

∙ ഉറക്കമില്ലാത്ത രാവുകളും ഒരു സ്വീറ്റിന്റെ ത്യാഗവും

കോമൺവെൽത്ത് ഗെയിംസിന് തൊട്ടുമുൻപുള്ള ദിവസങ്ങൾ അസ്മിതയ്ക്ക് കഠിനമായ ആശങ്കയുടേതായിരുന്നു. ഉറക്കം വരാത്ത രാത്രികൾ, ഭയവും പ്രതീക്ഷയും കലർന്ന മാനസികാവസ്ഥ... ‘‘ഈ മെഡലിനായി ഞാൻ അത്രയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മത്സരത്തിന് മുൻപ് ഇന്ത്യയിലായിരുന്നപ്പോൾ എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ശരീരം തളർന്നിരിക്കുമ്പോഴും മനസ്സ് മത്സരങ്ങളെക്കുറിച്ചുള്ള ചിന്തകളാൽ അസ്വസ്ഥമായിരുന്നു. പുലർച്ചെ 5.30ന് എഴുന്നേറ്റ് ട്രെയിനിങ്ങിന് പോകുമ്പോൾ ഉള്ളിൽ വലിയൊരു ഭാരമുണ്ടായിരുന്നു.’’ – അസ്മിത പറഞ്ഞു.

ത്യാഗങ്ങൾ കായികരംഗത്തെ അധ്വാനത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും അവൾ മാറ്റിവച്ചു. അവളുടെ പ്രിയപ്പെട്ട മധുരപലഹാരമായ ‘ലൗങ് ലട്ട’ സഹോദരൻ വാങ്ങി വീട്ടിലെ ഫ്രിജിൽ വച്ചിട്ടുണ്ടായിരുന്നു. ‘‘വീട്ടിലെ ഫ്രിജിൽ അത് ഇരിക്കുന്നത് കാണുമ്പോൾ പലപ്പോഴും കഴിക്കാൻ കൊതി തോന്നുമായിരുന്നു. എന്നാൽ ആ നിമിഷം ഞാൻ എന്നെത്തന്നെ നിയന്ത്രിച്ചു. സ്വർണമെഡൽ എന്ന ലക്ഷ്യത്തിന് മുന്നിൽ എന്റെ മോഹങ്ങളെ ഞാൻ മാറ്റിവച്ചു.’’

∙ ഗ്ലാസ്‌ഗോയിലെ ചരിത്രപ്പോരാട്ടം: വെല്ലുവിളികളെ അതിജീവിച്ച് പൊന്നണിഞ്ഞ നിമിഷം

2026ലെ കോമൺവെൽത്ത് ഗെയിംസ് വേദിയായ ഗ്ലാസ്‌ഗോയിൽ 48 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനൽ പോരാട്ടം നടക്കുമ്പോൾ ഇന്ത്യ മുഴുവൻ ശ്വാസമടക്കിപ്പിടിക്കുകയായിരുന്നു. കാനഡയുടെ കരുത്തുറ്റ താരം ഹെയ്തി ക്വച് ആയിരുന്നു അസ്മിതയുടെ എതിരാളി. ഫൈനലിന്റെ തുടക്കത്തിൽ അസ്മിത തിരിച്ചടി നേരിട്ടു. ഒരു പെനൽറ്റിയും ‘യൂക്കോ’യും വഴങ്ങിയതോടെ കാനഡ താരം മത്സരത്തിൽ മുന്നിലെത്തി. എന്നാൽ തോറ്റുകൊടുക്കാൻ അസ്മിത തയാറല്ലായിരുന്നു. അച്ഛൻ തന്ന കരുത്തും അമ്മയുടെ വാക്കുകളും മനസ്സിൽ ധ്യാനിച്ച് അവൾ അതിശക്തമായി തിരിച്ചടിച്ചു. നാല് മിനിറ്റ് നീണ്ട പോരാട്ടത്തിന്റെ പകുതി ഘട്ടത്തിൽ തന്നെ സ്കോർ 1-1 എന്ന നിലയിലാക്കി സമനില പിടിച്ചു.

നിശ്ചിത സമയത്ത് വിജയിയെ കണ്ടെത്താനാകാതെ വന്നതോടെ മത്സരം ‘ഗോൾഡൻ സ്കോർ’ പിരീഡിലേക്ക് നീണ്ടു. ആദ്യ സ്കോർ നേടുന്നവർ വിജയിക്കുന്ന ആ നിർണായക ഘട്ടത്തിൽ, സമചിത്തതയോടെ നീങ്ങിയ അസ്മിത മനോഹരമായ ഒരു ആക്രമണത്തിലൂടെ രണ്ടാമത്തെ ‘യൂക്കോ’ സ്വന്തമാക്കി! 2-1 എന്ന സ്കോറിന് ചരിത്രവിജയം! ഇന്ത്യൻ ജുഡോയുടെ ചരിത്രത്തിലാദ്യമായി ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ അസ്മിതയുടെ കഴുത്തിൽ ശോഭിച്ചു.

∙ ഈ മെഡൽ യോഗി ആദിത്യനാഥിന്

ചരിത്രവിജയത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അസ്മിത നന്ദി രേഖപ്പെടുത്തി. ഈ വിജയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിക്കുന്നു എന്നാണ് അസ്മിത പറഞ്ഞത്. ഉത്തർപ്രദേശ് പൊലീസിലെ സബ് ഇൻസ്‌പെക്ടർ കൂടിയാണ് അസ്മിത ഡേ. ‘‘എനിക്ക് യുപി പൊലീസിൽ ജോലി നൽകിയ മുഖ്യമന്ത്രി യോഗി ജിയോട് ഞാൻ നന്ദി പറയുന്നു. ഈ ജോലി എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. അതിന്റെ ബലത്തിലാണ് എനിക്ക് ഇവിടെ വരെ എത്താനും സ്വർണമെഡൽ നേടാനും സാധിച്ചത്.’’– അസ്മിത പറഞ്ഞു. ത്രിപുര സ്വദേശിയായ അസ്മിത, നിലവിൽ വാരണസിയിലാണ് താമസിക്കുന്നത്.

അസ്മിതയുടെ മിന്നുന്ന വിജയത്തിൽ ഉത്തർപ്രദേശ് ഡിജിപി രാജീവ് കൃഷ്ണയും അഭിനന്ദനങ്ങൾ അറിയിച്ചു. അസ്മിതയുടെ അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കായിക ക്വോട്ട വഴി പൊലീസിൽ ജോലി നൽകുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയത്തിന്റെ വിജയം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

∙ അച്ഛനുള്ള ഉപഹാരം

പോഡിയത്തിൽ സ്വർണമെഡലുമായി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിക്കേൾക്കുമ്പോൾ അസ്മിത ഡേയുടെ മനസ്സിൽ നിറഞ്ഞത് ആ മൺവീടും, ആ അച്ഛന്റെ തഴമ്പിച്ച കൈകളുമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളോടും സ്വർണമെഡൽ പോരാട്ടത്തിലെ തിരിച്ചടികളോടും ഒരേപോലെ പൊരുതി ജയിച്ച അസ്മിത ഡേ ഇന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ്.

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കാൻ പഠിപ്പിച്ച ആ അച്ഛന്റെ മകൾ ഇന്ന് സ്വന്തം ജീവിതത്തിലെ പ്രതിബന്ധങ്ങളെല്ലാം പരിഹരിച്ച് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി നിവർന്നു നിൽക്കുന്നു. ആ അച്ഛൻ ഈ വിജയം നേരിട്ട് കണ്ടില്ലായിരിക്കാം, പക്ഷേ കോമൺവെൽത്ത് വേദിയിൽ കുറിക്കപ്പെട്ട ഈ സ്വർണ ചരിത്രം ആ പിതാവിന്റെ സ്മരണകൾക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രണാമമാണ്!

English Summary:

Asmita Dey, a 23-year-old judoka, achieved a historical golden medal for India astatine the Commonwealth Games. This triumph is peculiarly poignant arsenic it comes aft the caller passing of her father, a humble rhythm mechanic who supported her dreams against each odds.

Read Entire Article