Published: September 02, 2026 11:01 AM IST Updated: September 02, 2026 02:01 PM IST
2 minute Read
മലപ്പുറം ∙ മെസ്സി ഒരു റീപ്ലേ ആയിരിക്കുന്നു. തത്സമയമായിരുന്നു തിങ്കളാഴ്ച രാത്രി വരെ. കാലവും താരവും നേർക്കുനേർ വരുമ്പോൾ ആരു ജയിക്കുമെന്നറിയാഞ്ഞിട്ടല്ല. എങ്കിലും ഉള്ളിലൊരു കൊളുത്തൽ. ബുദ്ധി കൊണ്ടറിയുന്നതിനെ മനസ്സുകൊണ്ട് അംഗീകരിക്കാനൊരു മടി. മൊബൈലിന്റെ തമ്പ് സ്റ്റോപ്പിലെല്ലാം ഇപ്പോൾ അയാളുടെ റീലുകളാണ്. വെട്ടിക്കുന്നതിന്റെ, സൂചിമുനപ്പാസുകളുടെ, വളഞ്ഞുകയറുന്ന ഗോളുകളുടെ പലവിധ വിഡിയോകൾ. ചിലതിനെല്ലാം രാജകീയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്. ചിലതിനു വിലാപഗാനത്തിന്റെ ടോൺ. ഒരു തലമുറയുടെയാകെ അൽഗൊരിതം സെറ്റ് ചെയ്തയാൾ ബൂട്ടഴിക്കുമ്പോൾ ജീവിതത്തിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനാണ് തീരുന്നതെന്ന് ഇപ്പോൾ അറിയുന്നുണ്ട്. ‘പിരിയണം അരങ്ങിൽ നിന്നുടൻ ശരിയായി കളി തീർത്ത നട്ടുവൻ’ എന്ന സത്യമെഴുതിയ കവിയെ വല്ലാതെ ശകാരിക്കാൻ തോന്നുന്നു.
What you should work next
ജീവിതത്തിൽ ചെയ്തുതീർക്കാൻ ബാക്കിയൊന്നുമില്ലെന്നു ബോധ്യം വരുമ്പോൾ നിത്യതയെ പുൽകുന്ന രീതിയുണ്ടായിരുന്നു ജൈനമതത്തിൽ. സല്ലേഖന എന്നാണു പറയുക. ആദ്യം ഭൗതിക സുഖങ്ങളെല്ലാം ഉപേക്ഷിക്കും പിന്നെ ഭക്ഷണം, പിന്നെ വെള്ളം, ഒടുവിൽ ജീവനും. അനുഷ്ഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശരിയായ കാര്യമാണിത്. എന്നാൽ ഉറ്റവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകവും. ഈ സങ്കടം ആദ്യം അനുഭവിപ്പിച്ചതു സച്ചിനാണ്. 2012ൽ വൺ ഡേ ക്രിക്കറ്റിൽനിന്നു വിരമിച്ചപ്പോൾ സംഭവിക്കാൻ പോകുന്നതിന്റെ റൂട്ട് മാപ്പ് മനസ്സിലാക്കാനുള്ള ബോധമുറച്ചിരുന്നില്ല. ടെസ്റ്റുണ്ടല്ലോ എന്ന ആശ്വാസം. തൊട്ടടുത്ത വർഷം അതിൽ നിന്നും അദ്ദേഹം വിരമിച്ചു. ക്രിക്കറ്റ് കണ്ടതേയില്ല പിന്നീടു കുറേക്കാലം. പിന്നീടു വന്ന ധോണി, കോലി ആരാധകരെയെല്ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചു.
‘നീയൊന്നും സച്ചിന്റെ പ്രൈം കണ്ടിട്ടില്ലെന്ന്’ ഓരോ കൂടലിലും തർക്കിച്ചു. സ്വന്തമായി ഒരു ഇതിഹാസമില്ലാത്തവന്റെ ആ ശൂന്യതയിലേക്കാണ് റൊസാരിയോയിലെ പയ്യൻ നടന്നു കയറിയത്. അതോടെ മെസ്സി എന്ന രണ്ടക്ഷരത്തിൽ വീണ്ടും പ്രപഞ്ചം കണ്ടു തുടങ്ങി. തത്സമയം കണ്ടതിനെക്കാളേറെ വീണ്ടും വീണ്ടും റീപ്ലേ ചെയ്താണ് മെസ്സിയെ അറിഞ്ഞത്. ആ പാസുകളുടെ വശ്യതയും ഫുട്ബോൾ ബ്രില്ല്യൻസും തത്സമയം മനസ്സിലാക്കാനുള്ള ശേഷി അന്നുമുണ്ടായിരുന്നില്ല. ഇന്നുമില്ല. പല്ലിമുട്ട വിരിഞ്ഞു ഗരുഡൻ പുറത്തുവരും പോലെ മെസ്സി ഹൃദയത്തിന്റെ രണ്ടറ്റവും മുട്ടിച്ചു ചിറകുവിരിക്കുകയായിരുന്നു പിന്നീട്. മെസ്സിക്കു തുല്യരായി പുകഴ്ത്തിയ സമകാലികരായ താരങ്ങളെയെല്ലാം ഇകഴ്ത്തിക്കെട്ടാൻ വാദങ്ങളിൽ പരമാവധി ശ്രമിക്കുകയും ചെയ്തു. ‘മെസ്സിയെ തൊട്ടാൽ കാച്ചിക്കളയും’ ലെവലിലേക്കായിരുന്നു ആ പോക്ക്. ആ മെസ്സിയാണ് കഴിഞ്ഞദിവസം നെഞ്ചുതകർത്ത് കളം വിടുമെന്നു പ്രഖ്യാപിച്ചത്.
രാജ്യാന്തര ഫുട്ബോളിൽനിന്നല്ലേ വിരമിച്ചത്, ക്ലബ്ബിലുണ്ടല്ലോ എന്നെല്ലാം സമാധാനം പറയാം. എന്നാൽ കപ്പൽ തുറമുഖം വിട്ടുപോകുന്നതിന്റെ സൈറണാണ് മുഴങ്ങിയതെന്നു മനസ്സിലാക്കാനുള്ള ബോധം ഇപ്പോഴുണ്ട്. ഫുട്ബോൾ ചലനത്തിന്റെ കലാരൂപമാണ്. അത് ഉരുണ്ടുകൊണ്ടേയിരിക്കും. പുതിയ ഇതിഹാസതാരങ്ങളും വരുമായിരിക്കും. പക്ഷേ, ആരാധകനായി മാറാനുള്ള പ്രായം കടന്നുപോയി എന്നതിൽ മാത്രമാണു സങ്കടം. ഇനി താരങ്ങളും പ്രതിഭകളും മാത്രമേയുള്ളൂ. ഒരു തലമുറയുടെ ഒന്നാകെ ഇതിഹാസ പാരമ്പര്യം അവസാനിച്ചിരിക്കുന്നു. അവസാന ലൈറ്റുമണച്ച് വീട്ടുകാർ മുറി പൂട്ടിയപ്പോൾ അകത്തുപെട്ട കുഞ്ഞിനെപ്പോലെ ഇരുട്ടത്തേക്കു തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.
നമ്മളെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അൽപം കൂടി നീട്ടിക്കൊണ്ടുപോകാമായിരുന്നോ എന്നൊരു കുറ്റബോധം ഓരോ ആരാധകന്റെയും മനസ്സിലുണ്ടാകും. പക്ഷേ, അതയാളുടെ തിരഞ്ഞെടുപ്പാണ്. തന്ന സൗഭാഗ്യങ്ങൾക്കെല്ലാം നന്ദി പറഞ്ഞു മാറി നിൽക്കാനുള്ള റോളേ ഇതിൽ നമ്മൾക്കുള്ളൂ. ഇനി മെസ്സിയുടെ കളി മികവിന്റെ കണക്കുകളും ട്രോഫികളുടെ എണ്ണങ്ങളുമെല്ലാം ഒന്നു മനഃപാഠമാക്കി വയ്ക്കണം. ‘നീയൊന്നും മെസ്സിയുടെ കളി കണ്ടിട്ടില്ല’ എന്നു പറഞ്ഞു പുതുതലമുറയോടു തർക്കിക്കാനുള്ളതാണ്. ആവശ്യം വരും.
English Summary:






English (US) ·