Published: April 25, 2026 03:09 PM IST
1 minute Read
ബെംഗളൂരു ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആർസിബി താരം വിരാട് കോലിയുടെ ‘മാച്ച് വിന്നിങ്’ ബാറ്റിങ് പ്രകടനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി കോലിയും ഭാര്യ അനുഷ്ക ശർമയും ഉൾപ്പെട്ട പഴയ വിഡിയോ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ചത്. അർധ സെഞ്ചറി പിന്നിട്ട പ്രകടനങ്ങളുമായി ടീമിനെ നയിച്ച മുന്നിൽനിന്നു നയിച്ച വിരാട് കോലി (44 പന്തിൽ 81), ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 55) എന്നിവരുടെ ബാറ്റിങ് മികവാണ് ബെംഗളൂരുവിനു ഗംഭീരമായൊരു റൺചേസ് വിജയമൊരുക്കിയത്. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇതോടെ കോലിയും അനുഷ്കയും പങ്കെടുത്ത്, 2023 മേയിൽ പുറത്തുവന്ന ഒരു ചാറ്റ് ഷോയിലെ ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. ഷോയ്ക്കിടെ കോലിയെ ‘സ്ലെഡ്ജ്’ ചെയ്യാൻ അനുഷ്‌കയോട് അവതാരകൻ ആവശ്യപ്പെട്ടു. ഒരു വിക്കറ്റ് കീപ്പറെ അനുകരിച്ചുകൊണ്ടായിരുന്നു അനുഷ്കയുടെ സ്ലെഡ്ജിങ്. ‘‘ഇന്ന് ഏപ്രിൽ 24 ആണ്, കോലി ഇന്നെങ്കിലും കുറച്ച് റൺസ് എടുക്കൂ.’’– അനുഷ്‌ക പറഞ്ഞു. എങ്കിലും കാണികളെ ചിരിപ്പിച്ചുകൊണ്ട് കോലി പെട്ടെന്ന് തന്നെ മറുപടി നൽകി. ‘‘നിങ്ങളുടെ ടീം മുഴുവനും ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എടുത്ത ആകെ റൺസിനേക്കാൾ കൂടുതൽ മത്സരങ്ങൾ എനിക്കുണ്ട്.’’– എന്നായിരുന്നു കോലിയുടെ വാക്കുകൾ.
മൂന്നു ഐപിഎൽ സീസണുകളിൽ ഏപ്രിൽ 23 നടന്ന മത്സരത്തിൽ വിരാട് കോലി ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. 2017, 2022, 2023 സീസണുകളിലായിരുന്നു ഇത്. ഇതു സൂചിപ്പിച്ചായിരുന്നു അനുഷ്കയുടെ ‘സ്ലെഡ്ജിങ്’. ഏപ്രിൽ 23 എന്നത് 24 ആയാണ് അനുഷ്ക വിഡിയോയിൽ പറഞ്ഞത്. എന്നാൽ 2025 ഐപിഎലിലും 2026 ഐപിഎലിലും ഏപ്രിൽ 24നു നടന്ന മത്സരങ്ങളിൽ, യഥാക്രമം 70 (42), 81(44) എന്നിങ്ങനെയാണ് കോലിയുടെ സ്കോറുകൾ. ഇതോടെയാണ് 2023ലെ ഈ വിഡിയോ കോലി ആരാധകർ വീണ്ടും ‘കുത്തിപ്പൊക്കിയത്’. ‘ഒരു പുരുഷന്റെ ഈഗോയെയാണ് അനുഷ്ക വെല്ലുവിളിച്ചത്’, ‘ഭാര്യ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന ഭർത്താവ്’ തുടങ്ങിയ വാചകങ്ങളോടെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ, ഗുജറാത്തിനെതിരായ മത്സരത്തിൽ കോലി അക്കൗണ്ട് തുറക്കും മുൻപേ താരത്തിനെ പുറത്താക്കാനുള്ള സുവർണാവസരം ഗുജറാത്ത് നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ ഓവറിൽ മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം പന്തിൽ വാഷിങ്ടൻ സുന്ദറാണ് ക്യാച്ച് ‘ഡ്രോപ്’ ചെയ്തത്. ഇതിനു പിന്നാലെ നിലയുറപ്പിച്ച കോലി, ടീമിന്റെ വിജയം ഉറപ്പാക്കിയതിനു ശേഷമാണ് പുറത്തായത്. സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയ കോലി, ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തു.
English Summary:







English (US) ·