ഋഷഭ് പന്തിന്റെ സെൻസിബിൾ അർധ സെഞ്ചറി, അവസാന ഓവറിൽ മൂന്ന് ഫോറടിച്ച് ഫിനിഷിങ്; ലക്നൗവിന് അഞ്ച് വിക്കറ്റ് വിജയം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 05, 2026 05:39 PM IST Updated: April 05, 2026 07:31 PM IST

2 minute Read

rishabh-pant
ഋഷഭ് പന്തിന്റെ ബാറ്റിങ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന് ആദ്യ വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ അഞ്ചു വിക്കറ്റിനാണ് ലക്നൗ തകർത്തുവിട്ടത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടിയിൽ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ വിജയ റൺസ് കുറിച്ചു. ലക്നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് അർ‍ധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 50 പന്തുകൾ നേരിട്ട ഋഷഭ് 9 ഫോറുകൾ അടിച്ച് 68 റൺ‍സാണു നേടിയത്. 27 പന്തുകള്‍ നേരിട്ട ഓപ്പണർ എയ്ഡൻ മാർക്രം 45 റൺസെടുത്തു പുറത്തായി. ആദ്യ മത്സരത്തിൽ ഡൽഹിയോടു തോറ്റ ലക്നൗവിന് വലിയ ആശ്വാസമാണ് ഈ വിജയം.

ചെറിയ വിജയലക്ഷ്യത്തിലേക്ക് സമ്മർദങ്ങളില്ലാതെയായിരുന്നു ലക്നൗവിന്റെ ബാറ്റിങ്. ഓപ്പണിങ് വിക്കറ്റിൽ 37 റണ്‍സാണ് എയ്ഡൻ മാർക്രവും മിച്ചൽ മാർഷും ചേർന്നു കൂട്ടിച്ചേർത്തത്. 14 റൺസെടുത്ത മിച്ചൽ മാർഷിനെ ഇഷാൻ മലിംഗ നിതീഷ് റെഡ്ഡിയുടെ കൈകളിലെത്തിച്ചു. മാർക്രത്തോടൊപ്പം ക്യാപ്റ്റൻ ഋഷഭ് പന്തും ചേർന്നതോടെ ലക്നൗ സ്കോർ ഉയർത്തി. അതിനിടെ മാര്‍ക്രമിനെ ശിവാങ്ക് കുമാർ പുറത്താക്കി. 12 ഓവറിൽ ലക്നൗ 100 കടന്നു. പിന്നാലെ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനിയെ ഹര്‍ഷ് ദുബെ മടക്കി. 

നിക്കോളാസ് പുരാനും (ഒന്ന്) അബ്ദുൽ സമദും (16) വലിയ ഇന്നിങ്സുകളില്ലാതെ പുറത്തായെങ്കിലും ക്യാപ്റ്റൻ പന്തിന്റെ സെൻസിബിൾ ഇന്നിങ്സ് ലക്നൗവിനെ വിജയത്തിലെത്തിച്ചു. അവസാന 12 പന്തുകളിൽ 13 റൺസായിരുന്നു ലക്നൗവിനു ജയിക്കാൻ വേണ്ടിയിരുന്നത്. 43 പന്തുകളിൽനിന്നാണ് ഋഷഭ് അർധ സെഞ്ചറിയിലെത്തിയത്. ഹർഷൽ പട്ടേൽ എറിഞ്ഞ 19–ാം ഓവറിൽ നാലു റൺസെടുക്കാൻ മാത്രമാണു ലക്നൗവിനു സാധിച്ചത്. ഇതോടെ അവസാന ഓവറിൽ ലക്നൗവിന് ജയിക്കാൻ വേണ്ടത് ഒന്‍പതു റൺസ്. ജയ്ദേവ് ഉനദ്ഘട്ടിന്റെ 20–ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ഋഷഭ് ബൗണ്ടറി കടത്തി. ഉനദ്ഘട്ട് രണ്ട് ‍ഡോട്ട്ബോളുകൾ എറിഞ്ഞെങ്കിലും അഞ്ചാം പന്ത് ഫോറടിച്ച് ലക്നൗ ക്യാപ്റ്റൻ ടീമിനെ സീസണിലെ ആദ്യ വിജയത്തിലെത്തിച്ചു.

26 റൺസെടുക്കുന്നതിനിടെ നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദിനെ അര്‍ധ സെഞ്ചറികൾ നേടിയ ഹെൻ‍റിച് ക്ലാസനും നിതീഷ് കുമാർ റെ‍‍‍ഡ്ഡിയും ചേർന്നാണു പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 41 പന്തുകൾ നേരിട്ട ഹെൻറിച് ക്ലാസൻ രണ്ടു സിക്സുകളും അഞ്ച് ഫോറുകളുമുള്‍പ്പടെ 62 റൺസാണു നേടിയത്. 33 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെ‍ഡ്ഡി 56 റൺസ് അട‌ിച്ചെടുത്തു. അഞ്ച് സിക്സുകളും മൂന്നു ഫോറുകളും താരം ബൗണ്ടറി കടത്തി. ഇവർ‍ക്കു പുറമേ 14 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റന്‍ മാത്രമാണ് രണ്ടക്കം കടന്നത്.

പവർപ്ലേ അവസാനിക്കും മുൻപു തന്നെ സൺറൈസേഴ്സിന് അഭിഷേക് ശർമ (പൂജ്യം), ട്രാവിസ് ഹെഡ് (ഏഴ്), ഇഷാൻ കിഷൻ (ഒന്ന്) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിലെ അവസാന പന്തിൽ‍ അഭിഷേക് ശർമയും രണ്ടാം ഓവറിലെ ആദ്യ പന്തിൽ ട്രാവിസ് ഹെഡും പുറത്തായി. പ്രിൻസ് യാദവിനാണ് ഇഷാൻ കിഷന്റെ വിക്കറ്റ്. ഒരു സിക്സടിച്ച് ഹൈദരാബാദിനു പ്രതീക്ഷ നൽകിയ ലിവിങ്സ്റ്റണിനെ സ്പിന്നര്‍ ദിഗ്‍വേഷ് രതി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@SRHൽ നിന്ന് എടുത്തതാണ്.

ഹെൻറിച് ക്ലാസനും നിതീഷ് കുമാർ‍ റെഡ്ഡിയും ബാറ്റിങ്ങിനിടെ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@SRHൽ നിന്ന് എടുത്തതാണ്.

ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും കൈകോര്‍ത്തതോടെ 14.3 ഓവറിലാണ് ഹൈദരാബാദ് 100 കടന്നത്. സ്കോർ 142 ൽ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് ലക്നൗ പൊളിച്ചത്. മണിമാരൻ സിദ്ധാർഥിന് വിക്കറ്റ് നൽകി നിതീഷ് കുമാർ റെഡ്ഡി മടങ്ങി. തൊട്ടുപിന്നാലെ ആവേശ്ഖാന്റെ പന്തിൽ ക്ലാസനും വീണു. വാലറ്റക്കാരുടെ പോരാട്ടം പേരിലൊതുങ്ങി‍തോടെ ഹൈദരാബാദിന് 156 റണ്‍സു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലക്നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, ആവേശ് ഖാന്‍ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

English Summary:

Indian Premier League, Sunrisers Hyderabad vs Lucknow Super Giants Match Live Updates

Read Entire Article