Published: April 02, 2026 10:21 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ടീം 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മുത്തമിടുമ്പോൾ, ആ കീരിടവിജയങ്ങളിൽ പ്രധാനപങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവരാജ് സിങ്. 2011 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റും യുവരാജായിരുന്നു. ഇരു ലോകകപ്പുകളിലും എം.എസ്.ധോണിയാണ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ടീമിൽ ധോണിയേക്കാൾ സീനിയറായിരുന്നു യുവരാജ് എങ്കിലും രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ധോണിയെ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ധോണി പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായി എന്നതു ചരിത്രം.
യുവരാജ് വിരമിച്ചതിനു പിന്നാലെ താരത്തിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കാത്തതിൽ എം.എസ്. ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ് രംഗത്തെത്തിയിരുന്നു. എന്നാൽ പിതാവിന്റെ ആരോപണങ്ങളിൽ ഖേദംപ്രകടിപ്പിച്ചിരിക്കുകയാണ് യുവരാജ് ഇപ്പോൾ. വ്യാഴാഴ്ച പുറത്തിറങ്ങിയ ഒരു പോഡ്കാസ്റ്റിന്റെ ടീസറിലാണ് ‘കപിൽ ദേവിനോടും എം.എസ്. ധോണിയോടും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു’’ എന്ന് യുവരാജ് പറഞ്ഞത്.
‘‘യോഗ്‌രാജിന്റെ അഭിമുഖങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടോ?’’ എന്ന ചോദ്യത്തിന്, ‘‘ഇതു ശരിയല്ലെന്ന് ഞാൻ അച്ഛനോട് പറഞ്ഞു’’ എന്നാണ് യുവിയുടെ മറുപടി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബിലെ പ്രശസ്തനായ ക്രിക്കറ്റ് പരിശീലകനുമായ യോഗ്‌രാജ് സിങ്, മുൻ താരങ്ങളെക്കുറിച്ച് പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തുന്നയാളാണ്. 1980കളിൽ തന്നെ ടീമിൽ നിന്നു പുറത്താക്കിയതിന് അന്നത്തെ ക്യാപ്റ്റൻ കപിൽ ദേവിനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നെന്ന് 2025ൽ യോഗ്‌രാജ് പറഞ്ഞിരുന്നു. യുവരാജ് ടീമിൽനിന്നു പുറത്താകാൻ കാരണവും ധോണിയാണെന്നായിരുന്നു യോഗ്‌രാജിന്റെ ആരോപണം. ഈ രണ്ട് ആരോപണങ്ങൾക്കാണ് യുവരാജ് ഖേദം പ്രകടിപ്പിച്ചത്.
2011 ഏകദിന ലോകകപ്പിനു പിന്നാലെ അർബുദബാധിതനാണെന്നു വെളിപ്പെടുത്തിയ യുവരാജ്, കരിയറിൽനിന്ന് ഇടവേളയെടുത്തിരുന്നു. ഇതിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയെങ്കിലും ഒന്നും പഴയതു പോലെയായില്ല. 2012നും 2017നും ഇടയിൽ പലപ്പോഴും യുവരാജ് ടീമിനകത്തും പുറത്തുമായി തുടർന്നു. ടീമിൽ സ്ഥിരമായി സ്ഥാനമുറപ്പിക്കാൻ താരത്തിനു സാധിച്ചില്ല. 2017ൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Facebook/yuvirajsinghofficial/, Facebook/MSDhoni/ എന്നിവിടങ്ങളിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·