‘ഫ്രാൻസിനെ തോൽപിക്കുന്നവർക്ക് ഈ ലോകകപ്പ് വിജയിക്കാം’. ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിതക്കുതിപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വാചകമായിരുന്നു ഇത്. കിലിയൻ എംബപെയും ഒസ്മാൻ ഡെംബലെയും നയിക്കുന്ന ആക്രമണ നിര ഈ ലോകകപ്പിലെ ഏതു കൊമ്പൻമാരെയും മുട്ടുകുത്തിക്കാൻ പോന്നതാണ്. ലോകകപ്പിൽ ഫ്രാൻസിന്റെ 16 ഗോളുകളിൽ 13 ഉം ഇരുവരുടെയും വകയാണ്. (എംബപെ എട്ടും ഡെംബലെ അഞ്ചും ഗോളുകൾ). എന്നാൽ ഗോളടിവീരന്‍മാര്‍ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോൾ പോലും സെമി ഫൈനലിൽ നേടാൻ കഴിഞ്ഞില്ല. ഒറ്റക്കാരണം മാത്രം സ്പെയിനിന്റെ കടുകട്ടി പ്രതിരോധവും ഗോൾ കീപ്പര്‍ ഉനാസ് സിമോണും. അവിടെയാണ് ഫ്രാൻസിനു കണക്കുകൂട്ടലുകൾ തെറ്റിപ്പോയത്. ഫലം ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക് രണ്ടു ഗോൾ വിജയവുമായി സ്പാനിഷ് നിര മാർച്ച് ചെയ്തു. 20ന് നടക്കുന്ന ഫൈനലിൽ സ്പെയിന് എതിരാളികൾ അർജന്റീനയായാലും ഇംഗ്ലണ്ടായാലും അവർ ഫ്രാൻസിനോളം ഭീഷണിയാകില്ല. ഫ്രാൻസിനെ വീഴ്ത്തിയവർ കപ്പടിക്കുമെന്ന പ്രവചനം ശരിയായാൽ 2010ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകപ്പ് ഉയർത്തും.
ആദ്യപകുതിയിൽ സ്പാനിഷ് കുതിപ്പ്
മൊറോക്കോയെ ക്വാർട്ടറിൽ നേരിട്ട ടീമിൽ രണ്ടു മാറ്റങ്ങളുമായി ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം ഫ്രാൻസ് ടീമിനെ ഇറക്കിയത്. ഒറെലിയൻ ചൊവേമനിയും ബ്രാഡ്‍ലി ബാർക്കോളയും കളിക്കാനിറങ്ങി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇറക്കാനായിരുന്നു സ്പെയിനിന്റെ തീരുമാനം. ആറാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായ ആദ്യ കോർണർ കിക്കോടെയാണ് മത്സരം ചൂടുപിടിച്ചത്. മിച്ചൽ ഒലിസെയെടുത്ത കോർണറിൽ അഡ്രിയൻ റാബിയോട്ടിന്റെ ശ്രമം ഗോൾ കിക്ക് മാത്രമായി കലാശിച്ചു. ആറാം മിനിറ്റിൽ സ്പാനിഷ് താരം ഡാനി ഒൽമോയെ ബോക്സിനു തൊട്ടുമുന്നിൽ വീഴ്ത്തിയതിന് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ടിന് യെല്ലോ കാർഡ് ലഭിച്ചു. മറുപടിയിൽ അലക്സ് ബെന എടുത്ത ഫ്രീകിക്ക്, ഫ്രാൻസ് താരങ്ങൾ പ്രതിരോധിച്ചു.
What you should work next
15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തി. ഫ്രീകിക്കിൽ സ്പെയിനിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാല്‍ പന്തുമായി ഫ്രാൻസ് നടത്തിയ കൗണ്ടർ അറ്റാക്കിൽ ഗോൾ വഴങ്ങാതെ സ്പെയിൻ കഷ്ടിച്ചു പിടിച്ചുനിന്നു. മിച്ചൽ ഒലിസെയുടെ ഗോൾ ശ്രമം സ്പാനിഷ് താരം പെഡ്രോ പോറോ പ്രതിരോധിച്ചു. 20–ാം മിനിറ്റിലെ ഒരു പിഴവിന്റെ പേരിൽ ഫ്രാൻസിന് പെനാൽറ്റി വഴങ്ങേണ്ടിവന്നത് ആദ്യ പകുതിയുടെ ഗതി തന്നെ മാറ്റിയെഴുതി. 20–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്കു പന്തു നീട്ടി നൽകാൻ സ്പാനിഷ് താരം മാർക് കുക്കുറെല്ലയുടെ ശ്രമം. പന്തിനായി ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തി. പെനാൽറ്റി കിക്കെടുത്ത മികേൽ ഒയർസബാൽ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ലക്ഷ്യം വച്ചു. ഫ്രഞ്ച് ഗോൾ കീപ്പർ ഡൈവ് ചെയ്തെങ്കിലും പ്രതിരോധിക്കാൻ സാധ്യമായില്ല. സ്പെയിൻ 1–0ന് മുന്നിൽ.
30–ാം മിനിറ്റിൽ ഫ്രാൻസ് താരം വില്യം സലിബ പരുക്കേറ്റു ഗ്രൗണ്ടിൽനിന്നു മടങ്ങിയതും ഫ്രാൻസിനു തിരിച്ചടിയായി. മാക്സെൻസ് ലക്രോയിസ് പകരക്കാരനായി ഇറങ്ങി. 34–ാം മിനിറ്റിൽ പന്തുമായി ഫ്രഞ്ച് ബോക്സിലേക്കു കയറിയ സ്പാനിഷ് താരം അല്ക്സ് ബെനയെ ഫ്രഞ്ച് ഗോൾ കീപ്പർ ഫൗൾ ചെയ്തു. എന്നാൽ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 36–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിന്റെ ഇടതു വിങ്ങിൽനിന്നു പന്തുമായി ബ്രാഡ്‍ലി ബാർക്കോളയുടെ നീക്കം. സ്പാനിഷ് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബാർക്കോള ബോക്സിനു പുറത്തുനിന്നു ഷോട്ട് എടുത്തെങ്കിലും ബാറിനു മുകളിലൂടെ പന്ത് പുറത്തേക്കാണു പോയത്. 42–ാം മിനിറ്റിൽ പന്തു പിടിച്ചെടുത്ത് ആക്രമണം നയിക്കാനുള്ള ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെയുടെ ശ്രമം ബോക്സിനു പുറത്തേക്ക് ഇറങ്ങി സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു.
ആദ്യ പകുതിക്ക് ആറു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ഈ സമയമത്രയും സമനില പിടിക്കുന്നതിനായി സ്പാനിഷ് ബോക്സിൽ തുടർച്ചയായി ഫ്രാൻസ് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന സ്പെയിൻ പ്രതിരോധ താരങ്ങൾ എല്ലാം തടഞ്ഞു. ആദ്യ പകുതിയിൽ ഒരു ഓൺടാർഗറ്റ് ഷോട്ട് പോലും ഫ്രാൻസിന് ഇല്ലായിരുന്നു. അതേസമയം അഞ്ച് ഗോൾ ശ്രമങ്ങള്‍ നടത്തിയ സ്പെയിൻ പന്തടക്കത്തിലും മുന്നിലെത്തി.
What you should work next
ലീഡ് രണ്ടാക്കി, ഫ്രാൻസിനെ തടഞ്ഞു
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രഞ്ച് മധ്യനിരയിൽ പരിശീലകൻ ദിദിയെ ദെഷാം മാറ്റം കൊണ്ടുവന്നു. അഡ്രിയൻ റാബിയോട്ടിനു പകരം മാനു കോനെ ഇറങ്ങി. എന്നാൽ കളിയുടെ ഗതി സ്വന്തമാക്കാൻ അവർക്കായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം സ്പെയിന്. 52–ാം മിനിറ്റിൽ സ്പാനിഷ് താരം ഒയർസബാലിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തിൽ ബാറിനു മുകളിലൂടെ പുറത്തുപോയി. 57–ാം മിനിറ്റിൽ ബ്രാഡ്‍ലി ബാർകോളയെ പിൻവലിച്ച ഫ്രാൻസ്, ഡെസിറെ ഡുവോയെ പകരക്കാരനാക്കി. 58–ാം മിനിറ്റിൽ ഫ്രാൻസിന്റെ സമനില മോഹങ്ങൾ കാറ്റിൽ പറത്തി, സ്പെയിൻ രണ്ടാം ഗോൾ നേടി. ബോക്സിനു വെളിയിൽനിന്ന് പെഡ്രോ പോറോ, ഡാനി ഓല്‍മോയ്ക്ക് പാസ് നൽകി ബോക്സിലേക്ക് ഓടിക്കയറി. റിവേഴ്സ് പാസിൽ പന്തു വാങ്ങി പെനാൽറ്റി ഏരിയയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ പോറോയുടെ ഫിനിഷിങ്. സ്പെയിൻ 2– ഫ്രാൻസ് 0. തൊട്ടുപിന്നാലെ ലമീൻ യമാലും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.
63–ാം മിനിറ്റിൽ ഇടതു വിങ് വഴി, കിലിയൻ എംബപെ സ്പാനിഷ് ബോക്സിലെത്തിയെങ്കിലും, ഗോൾ നീക്കം ഉനായ് സിമോൺ പ്രതിരോധിച്ചു. 67–ാം മിനിറ്റിൽ ബോക്സിൽനിന്ന് എംബപെ എടുത്ത ഷോട്ട് സ്പാനിഷ് താരം മാർക് കുക്കുറെല്ലയുടെ പ്രതിരോധത്തിൽ തട്ടി ഗതിമാറിപ്പോയി. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ഫ്രാൻസ് വീണ്ടും രണ്ടു മാറ്റങ്ങൾ കൊണ്ടുവന്നു. മിച്ചേൽ ഒലിസെയും ലുകാസ് ഡിഗ്നെയും ഗ്രൗണ്ട് വിട്ടപ്പോൾ, തിയോ ഹെർണാണ്ടസും റയാൻ ചെർക്കിയും പകരക്കാരായി. ഒയർസബാലിനെ പിന്‍വലിച്ച സ്പെയിൻ ഫെറാൻ ടോറസിനെയും ഇറക്കി.
What you should work next
76–ാം മിനിറ്റിൽ ഫ്രഞ്ച് ഫോർവേഡ് എംബപെയെ സ്പാനിഷ് ഫോർവേഡ് ലമീൻ യമാൽ ഫൗൾ ചെയ്തു വീഴ്ത്തി. ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫ്രാൻസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. 81–ാം മിനിറ്റിൽ ഗോളി ഉനായ് സിമോണിന്റെ തീക്കളി ഒരിക്കൽകൂടി സ്പെയിനെ രക്ഷിച്ചു. കിലിയൻ എംബപെയുടെ മുന്നേറ്റം തടയുന്നതിനായി ഓടിക്കയറിലെ സിമോണിന് പന്തു നഷ്ടമായി. ഗതിമാറിപ്പോയ പന്ത് ഫ്രഞ്ച് താരം ഡെസിറെ ഡുവോയുടെ കാലിലെത്തി. എന്നാൽ ഗോൾ പോസ്റ്റിനു മുന്നിൽ തിരികെയെത്തി താരത്തിന്റെ ഷോട്ടും സിമോൺ കൃത്യമായി പിടിച്ചെടുത്തു. 88–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിനു തൊട്ടുമുന്നിൽ ഡെസിറെ ഡുവോയെ ലമീൻ യമാൽ ഫൗൾ ചെയ്തു വീഴ്ത്തി. കിലിയൻ എംബപെയുടെ ഫ്രീകിക്ക് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി.
രണ്ടാം പകുതിക്ക് ഏഴു മിനിറ്റാണ് ഇൻജറി ടൈമായി അനുവദിച്ചത്. ഈ സമയത്തും ഫ്രഞ്ച് ആക്രമണത്തിനു കുറവൊന്നുമുണ്ടായിരുന്നില്ല. 90+5–ാം മിനിറ്റിൽ ബോക്സിൽനിന്ന് ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ എടുത്ത ഷോട്ട് സ്പാനിഷ് ഗോളി കൃത്യമായി കൈപ്പിടിയിലാക്കി. അവസാന മിനിറ്റുകളിൽ ഒരു ഗോളെങ്കിലും മടക്കാൻ ഫ്രഞ്ച് താരങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ. എന്നാല്‍ അതും സാധിക്കാതെ വന്നതോടെ ഫ്രാൻസിനു സമ്പൂർണ നിരാശ. ടീമിനൊപ്പമുള്ള അവസാന ലോകകപ്പിൽ പരിശീലകൻ ദിദിയെ ദെഷാമിനും കപ്പില്ലാതെ മടക്കം. ഫ്രാൻസിന്റെ കളി കണ്ടാൽ ഇന്ന് അവരുടെ ഓഫ് ഡേ ആണെന്നു തോന്നിപ്പോകും. പക്ഷേ അതു സംഭവിച്ചത് സെമി ഫൈനൽ ദിവസമായിപ്പോയി.
2010ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനൽ കളിക്കുന്നത്.അന്ന് നെതർലൻഡ്സിനെ ഒരു ഗോളിന് തോൽപിച്ച് സ്പെയിൻ കന്നിക്കിരീടം ഉയർത്തിയിരുന്നു. 13 ഗോളുകളാണ് ഈ ലോകകപ്പിൽ സ്പെയിൻ അടിച്ചത്. അഞ്ചു ഗോളുകൾ നേടിയ മികേൽ ഒയർസബാലാണു ടോപ് സ്കോറർ. തകർത്തു കളിക്കുമ്പോഴും ഗോൾമഴ പെയ്യിക്കാന്‍ ലമീൻ യമാലിനു സാധിച്ചിട്ടില്ല. ഒരാളെ കേന്ദ്രീകരിച്ചല്ല കളിയെന്നതുകൊണ്ടു തന്നെ സ്പാനിഷ് ടീമിൽ ഗോളടിക്കാൻ ആളുകൾ ഏറെയുണ്ട്. ഫൈനലിൽ ഹാരി കെയ്നെയോ, മെസ്സിയെയോ തടയാൻ ആളുണ്ടോ എന്നതാണു മറ്റൊരു ചോദ്യം. സിമോൺ ഈ ഫോം തുടർന്നാൽ അത് എന്തെളുപ്പം!
English Summary:





English (US) ·