Published: March 13, 2026 09:33 AM IST Updated: March 13, 2026 09:45 AM IST
1 minute Read
ന്യൂഡൽഹി ∙ സഞ്ജു സാംസണെ ട്വന്റി20 ലോകകപ്പ് പ്ലേയിങ് ഇലവനിലേക്കു കൊണ്ടുവന്ന സാഹചര്യം വിശദീകരിച്ച് ഇന്ത്യൻ ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്. ഓഫ് സ്പിന്നർമാർക്കു മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് പതറിയതാണ് ട്വന്റി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താൻ നിമിത്തമായതെന്ന് സിതാൻഷു കോട്ടക് പറഞ്ഞു. ഗ്രൂപ്പ് റൗണ്ട് ഉൾപ്പെടെ 4 മത്സരങ്ങളിൽ ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമായി. ടോപ് ഓർഡറിൽ 3 ഇടംകൈ ബാറ്റർമാരുള്ള ഇന്ത്യയ്ക്കെതിരെ എതിരാളികൾ ഓഫ് സ്പിൻ വിജയകരമായി ഉപയോഗിക്കാൻ തുടങ്ങി. ഈ പ്രതിസന്ധി മറികടക്കാനാണ് സഞ്ജുവിനെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയത്.’’
‘‘തുടർച്ചയായ 3 മത്സരങ്ങളിലും ടീമിന്റെ വിശ്വാസം കാത്ത് സഞ്ജു തിളങ്ങിയതോടെ ആ പരീക്ഷണം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നു’’– ഒരു അഭിമുഖത്തിൽ സിതാൻഷു പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസീലൻഡിനെതിരായ ഫൈനലിലും അര്‍ധ സെഞ്ചറി നേടിയ സഞ്ജു, പ്ലേയർ ഓഫ് ദ് ടൂർണമെന്റ് ആയിരുന്നു. ഐസിസിയുടെ ലോകകപ്പ് ടീമിലും സഞ്ജു ഓപ്പണിങ് ബാറ്ററായി ഇടം പിടിച്ചിരുന്നു.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരായ പോരാട്ടത്തിൽ മാത്രമായിരുന്നു മലയാളി താരത്തിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. അതും അഭിഷേക് ശർമയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായി വിശ്രമം ആവശ്യമായതുകൊണ്ടാണു സഞ്ജു കളിച്ചത്. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോൽവി വഴങ്ങിയതോടെയാണ് സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനിലേക്കു പരിഗണിച്ചത്.
തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് കളി ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നു സഞ്ജു വിഴിഞ്ഞത്തെ വീട്ടിൽവച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നു. ‘‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽനിന്നു പഠിക്കണമല്ലോ. ലോകകപ്പിൽ വേറെ ഗെയിം പ്ലാൻ തയാറാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ ഓഫാണ്. പുറത്തുനിന്നുള്ള ബഹളങ്ങൾ മാറ്റി ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പറ്റി.’’–സഞ്ജു പറഞ്ഞു.
English Summary:







English (US) ·