എതിരെ ഉള്ളത് ആരെന്ന ഭയമില്ല, ബൗണ്ടറി ലൈനിൽ പത്തുപേർ നിന്നിട്ടും കാര്യമില്ല: വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: April 29, 2026 05:47 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയുടെ ആഹ്ലാദം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തുന്ന വൈഭവിനെതിരെ ബൗണ്ടറി ലൈനിനു സമീപം പത്തു ഫീൽഡർമാരെ നിർത്തിയാലും പോരാതെ വരുന്ന അവസ്ഥയാണെന്ന് സുനിൽ ഗാവസ്കർ വ്യക്തമാക്കി. പഞ്ചാബ് കിങ്സിനെതിരെ 16 പന്തുകള്‍ നേരിട്ട വൈഭവ് 43 റണ്‍സെടുത്തിരുന്നു. ഇതോടെ 2026 ഐപിഎലിൽ 400 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡിലേക്കും വൈഭവ് എത്തി.

അഞ്ച് സിക്സുകളും മൂന്നു ഫോറുകളുമാണ് ന്യൂചണ്ഡീഗഡിൽ വൈഭവ് ബൗണ്ടറി കടത്തിയത്. ‘‘അത്രയും മികച്ച ഷോട്ടുകളാണ് വൈഭവിന്റെ ബാറ്റിൽനിന്നും ഉണ്ടാകുന്നത്. ബൗണ്ടറി ലൈനിൽ 10 ഫീൽഡർമാരെ നിർത്തിയിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. വൈഭവിന് ഒന്നിനെയും ഭയമില്ല. അത് അദ്ദേഹത്തിന്റെ പ്രായത്തിന്റെ കൂടി പ്രത്യേകതയാണ്. എതിരായി നിൽക്കുന്നത് ഏതു ടീമാണെന്നു പോലും വൈഭവ് നോക്കുന്നില്ല.’’– സുനിൽ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

മധ്യനിരയിൽ 77 റൺസ് കൂട്ടിച്ചേർത്ത ഡോനോവൻ ഫെേരര– ശുഭം ദുബെ കൂട്ടുകെട്ടാണ് പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് വിജയം സമ്മാനിച്ചത്. സീസണിൽ പഞ്ചാബ് കിങ്സിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ ഫെരേരയും യശസ്വി ജയ്സ്വാളും രാജസ്ഥാനു വേണ്ടി അർധ സെഞ്ചറികൾ സ്വന്തമാക്കി. 26 പന്തുകളിൽനിന്ന് ഡോനോവൻ ഫെരേര 52 റൺസും 27 പന്തുകളിൽ ജയ്സ്വാൾ 51 റൺസും സ്കോർ ചെയ്തു. വൈഭവ് സൂര്യവംശി (16 പന്തിൽ 43), ശുഭം ദുബെ (12 പന്തിൽ 31) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ റിയാൻ പരാഗ് 29 റൺസടിച്ചു പുറത്തായി.

പതിവു പോലെ വെടിക്കെട്ട് തുടക്കമാണ് വൈഭവ് സൂര്യവംശി രാജസ്ഥാനു നൽകിയത്. അർഷ്ദീപ് സിങ്ങെറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് വൈഭവിനെ മടക്കി. വൈഭവിന്റെ കരുത്തിൽ പവർപ്ലേയിൽ 84 റൺസടിച്ച രാജസ്ഥാന്‍, ഒൻപത് ഓവറിൽ 100 പിന്നിട്ടു. സ്കോർ 105ല്‍ നിൽക്കെ ധ്രുവ് ജുറേലിനെ ചെഹൽ മാർകോ യാൻസന്റെ കൈകളിലെത്തിച്ചു. 123 ൽ യശസ്വി ജയ്സ്വാളിനെയും 151 ൽ പരാഗിനെയും ചെഹൽ വീഴ്ത്തിയതോടെ പഞ്ചാബിന് പ്രതീക്ഷയായി. എന്നാൽ മധ്യനിരയിൽ ഡോനോവന്‍ ഫെരേരയും ശുഭം ദുബെയും തകർത്തടിച്ചതോടെ രാജസ്ഥാൻ വിജയത്തിലെത്തി. പഞ്ചാബിനു വേണ്ടി യുസ്‍വേന്ദ്ര ചെഹൽ മൂന്നും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കുകയായിരുന്നു. 22 പന്തിൽ 62 റൺസടിച്ച മധ്യനിര താരം മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.

English Summary:

Young Rajasthan Royals sensation Vaibhav Suryavanshi has impressed Sunil Gavaskar with his explosive batting. His caller 43 disconnected 16 balls against Punjab Kings, including 5 sixes, highlights his fearlessness and potential.

Read Entire Article