എത്ര വേണമെങ്കിലും അടിച്ചോളൂ, ‘ആറ്റിറ്റ്യൂഡ്’ മാറാതെ പഞ്ചാബ്, അപരാജിത കുതിപ്പ് തുടരും; 264 അടിച്ചിട്ടും ഡൽഹി തോറ്റു!

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 25, 2026 05:30 PM IST Updated: April 25, 2026 08:13 PM IST

2 minute Read

prabsimran-singh
പഞ്ചാബ് താരങ്ങളായ പ്രിയൻഷ് ആര്യയും പ്രബ്സിമ്രൻ സിങ്ങും ബാറ്റിങ്ങിനിടെ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

ന്യൂഡൽഹി∙ എത്ര റൺസ് വേണമെങ്കിലും അടിച്ചോളൂ, ഒരു കുഴപ്പവുമില്ല! ഈ ഐപിഎൽ‍ സീസണിലെ ‘ആറ്റിറ്റ്യൂഡിന്’ പേരുകേട്ട പഞ്ചാബ് കിങ്സും അവരുടെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അത് ഒരിക്കൽകൂടി തെളിയിച്ചു. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് എത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബിന് 13 പോയിന്റായി. കളിച്ച ഏഴു മത്സരങ്ങളിൽ ആറും ജയിച്ച പഞ്ചാബ് സീസണിൽ തോൽവിയറിയാതെ കുതിപ്പു തുടരുകയാണ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തില്‍ ആറു വിക്കറ്റ് വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ട്വന്റി20 ചരിത്രത്തിൽ ചേസിങ്ങിലെ ഏറ്റവും വലിയ വിജയമാണിത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണര്‍ പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 26 പന്തുകൾ നേരിട്ട പ്രബ്സിമ്രൻ 76 റൺസടിച്ചു. 36 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യർ‌ 71 റൺസുമായി പുറത്താകാതെനിന്നു. ഏഴു സിക്സുകളും മൂന്നു ഫോറുകളുമാണ് അയ്യർ ബൗണ്ടറി കടത്തിയത്. പ്രിയൻഷ് ആര്യ (17 പന്തിൽ 43), നേഹൽ വധേര (15 പന്തിൽ 25), ശശാങ്ക് സിങ് (10 പന്തിൽ 19) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറര്‍മാർ. സീസണിലെ നാലാം തോൽവി വഴങ്ങിയ ഡൽഹി പട്ടികയിൽ ആറാം സ്ഥാനത്താണ്.

വമ്പൻ വിജയലക്ഷ്യത്തിന് തുടക്കം മുതൽ ആഞ്ഞടിക്കുകയെന്നതായിരുന്നു പഞ്ചാബിന്റെ മറുപടി, 2.5 ഓവറിൽ 50 കടന്ന പഞ്ചാബ്, 5.2 ഓവറിൽ 100 ല്‍ എത്തി. പവർപ്ലേയിൽ നേടിയത് വിക്കറ്റു പോകാതെ 116 റൺസ്. പിന്നീട് മുൻനിര വിക്കറ്റുകൾ നഷ്ടമായപ്പോഴും, ബൗണ്ടറികൾ കണ്ടെത്തുന്നതു പഞ്ചാബ് തുടർന്നു. 20 സിക്സുകളും അത്ര തന്നെ ഫോറുകളുമാണ് അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ പഞ്ചാബ് ബാറ്റർമാർ ബൗണ്ടറി കടത്തിയത്. ഡൽഹിക്കായി കുല്‍ദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, വിപ്രജ് നിഗം എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

സെഞ്ചറി നേടിയ കെ.എൽ. രാഹുലിന്റെ ആഹ്ലാദം.

സെഞ്ചറി നേടിയ കെ.എൽ. രാഹുലിന്റെ ആഹ്ലാദം.

സെഞ്ചറിയടിച്ച ഓപ്പണർ കെ.എൽ. രാഹുലിന്റെ പ്രകടനമാണ് ഡൽഹിയെ വമ്പൻ സ്കോറിലെത്തിച്ചത്. 67 പന്തുകൾ നേരിട്ട രാഹുൽ ഒൻപതു സിക്സുകളും 16 ഫോറുകളുമുൾപ്പടെ 152 റൺസാണ് അടിച്ചുകൂട്ടിയത്. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്സ് താരം അഭിഷേക് ശർമ 55 പന്തിൽ 141 റൺസെടുത്ത പ്രകടനത്തെയാണ് രാഹുൽ പിന്തള്ളിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റല്‍സ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. വൺഡൗണായിറങ്ങിയ നിതീഷ് റാണ അർധ സെഞ്ചറി (44 പന്തിൽ‍ 91) നേടി പുറത്തായി.

28 റൺസിൽ നിൽക്കെ ഓപ്പണര്‍ പതും നിസംഗയെ ഡൽഹിക്കു നഷ്ടമായി. അർഷ്ദീപ് സിങ്ങെറിഞ്ഞ മൂന്നാം ഓവറിൽ വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ് ക്യാച്ചെടുത്താണു നിസംഗയെ വീഴ്ത്തിയത്. പിന്നാലെയെത്തിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് രാഹുൽ രക്ഷാപ്രവർത്തനം തുടങ്ങിയതോടെ പവർപ്ലേയിൽ ഡൽഹി 68 റൺസെടുത്തു. 10 ഓവറുകളിലാണ് ഡൽഹി 100 പിന്നിട്ടത്. 26 പന്തുകളിൽ അർധ സെഞ്ചറി തികച്ച രാഹുൽ പിന്നീടുള്ള 21 പന്തുകളിൽ 100 ലെത്തി. ഈ സീസണിൽ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.

15.3 ഓവറിൽ ഡൽഹി 200 പിന്നിട്ടു. പഞ്ചാബ് പേസർ സേവ്യർ ബാർട്‌ലെറ്റിന്റെ പന്തിൽ‌ ശ്രേയസ് അയ്യരുടെ ക്യാച്ചിലാണ് നിതീഷ റാണ വീഴുന്നത്. എന്നാൽ അവസാന ഓവർ വരെ തകർത്തടിച്ച രാഹുൽ ഐപിഎലിൽ 150 പിന്നിടുന്ന മൂന്നാമത്തെ ബാറ്റര്‍ എന്ന റെക്കോർഡും സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ആർസിബിക്കെതിരെ രാഹുൽ അർധ സെഞ്ചറി നേടിയിരുന്നു. 34 പന്തുകൽ നേരിട്ട രാഹുൽ 57 റൺസെടുത്താണു പുറത്തായത്. 

English Summary:

Indian Premier League 2026, Delhi Capitals vs Punjab Kings Match Live Updates

Read Entire Article