Published: March 01, 2026 11:55 PM IST
2 minute Read
കൊൽക്കത്ത ∙ റൊമാരിയോ ഷെപ്പേർഡിനെ മിഡ്–ഓണിൽ ഫോറിനു പായിച്ച ശേഷം ഈഡൻ ഗാർഡൻസിലെ പിച്ചിൽ സഞ്ജു സാംസൺ മുട്ടുകുത്തി. ഹെൽമറ്റ് ഊരിയശേഷം രണ്ടു കൈയും ഉയർത്തി ആകാശത്തേയ്ക്ക് നോക്കി. ഇതാ കാണ്, ഇതാണ് ഇന്ത്യയുടെ ചേസ് മാസ്റ്റർ. നിർണായക മത്സരത്തിൽ ഇന്ത്യയെ മുന്നിൽനിന്നു നയിച്ച പോരാളി. എന്തൊക്കെ വിശേഷണം നൽകിയാലും ഈ ഇന്നിങ്സിനെ വാക്കുകളിൽ ഒതുക്കാനാവില്ല. ദ് റിയൽ സെൻസിബിൾ ഇന്നിങ്സ്. വിമർശകർക്കുള്ള മറുപടി.
ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തോറ്റാൽ ലോകകപ്പിൽനിന്നു പുറത്താകുമായിരുന്ന ഇന്ത്യ, ജയത്തോടെ സെമിഫൈനലിലും കടന്നു. മൂന്നു റൺസിന് സെഞ്ചറി നഷ്ടമായെങ്കിലും സെഞ്ചറിയേക്കാൾ മൂല്യമുള്ള ഇന്നിങ്സ് കളിച്ച സഞ്ജു തന്നെ കളിയിലെ താരവും.
ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു. തന്റെ കഴിവിൽ ഇടയ്ക്കു തനിക്കു തന്നെ സംശയം തോന്നിയിരുന്നു. എങ്കിലും ആത്സമവിശ്വാസത്തോടെ മുന്നോട്ടു പോയി. വളരെയധികം സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ‘‘ഇത് എനിക്ക് ലോകത്തോളം വലുതാണ്. സത്യത്തിൽ, ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ, രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് സ്വപ്നം കണ്ട അന്ന് മുതൽ, ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നത്. ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. ഉയർച്ച താഴ്ചകൾ നിറഞ്ഞ സവിശേഷമായ ഒരു യാത്രയായിരുന്നു എന്റേത്. പലപ്പോഴും ഞാൻ എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്; എനിക്കിതിന് കഴിയുമോ, എനിക്ക് മുന്നേറാൻ സാധിക്കുമോ എന്നൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു. എങ്കിലും ഞാൻ എന്നിൽ വിശ്വസിച്ചു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തോട് ഞാൻ നന്ദി പറയുന്നു. ഞാൻ വളരെയധികം സന്തോഷവാനാണ്.’’– സഞ്ജു പറഞ്ഞു.
വിരാട് കോലി, രോഹിത് ശർമ ഉൾപ്പെടെയുള്ളവരിൽനിന്നുള്ള പാഠമാണ് ഈ ഇന്നിങ്സിനു സഹായകമായതെന്നും സഞ്ജു പറഞ്ഞു. ‘‘കഴിഞ്ഞ 10-12 വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു, കഴിഞ്ഞ 10 വർഷമായി ഇന്ത്യന്‍ ടീമിലുമുണ്ട്. ഞാൻ എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ടാകില്ല, പക്ഷേ ഡഗൗട്ടിലിരുന്ന് വിരാട് കോലിയെയും രോഹിത് ശർമയെയും പോലുള്ള മഹാരഥന്മാരിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അവർ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ആ അനുഭവം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ ഒരുപക്ഷേ 50-60 മത്സരങ്ങളേ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. മികച്ച താരങ്ങൾ എങ്ങനെയാണ് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് കളി മാറ്റുന്നതെന്നും ഞാൻ കണ്ടു പഠിച്ചു.
കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, വലിയൊരു സ്കോർ ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ ഈ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. ഞാൻ സ്കോർ ഉയർത്താൻ ശ്രമിക്കുമ്പോഴെല്ലാം വിക്കറ്റുകൾ വീഴുന്നുണ്ടായിരുന്നു. അതിനാൽ ഒരു പാർട്ണർഷിപ് കെട്ടിപ്പടുക്കാനാണ് ഞാൻ ശ്രമിച്ചത്. സവിശേഷമായി എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല, എന്റെ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓരോ പന്തിനെയും അതിന്റെ മെറിറ്റിൽ നേരിടാനുമാണ് ഞാൻ ശ്രമിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്.’’– സഞ്ജു കൂട്ടിച്ചേർത്തു.
English Summary:







English (US) ·