Published: May 14, 2026 03:30 PM IST
2 minute Read
റായ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മനീഷ് പാണ്ഡെ എടുത്ത ക്യാച്ചിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം. റായ്പുരിൽ നടന്ന പോരാട്ടത്തിനിടെ ആർസിബി താരം ടിം ഡേവിഡിനെ പുറത്താക്കുന്നതിനു വേണ്ടിയായിരുന്നു മനീഷ് പാണ്ഡെയുടെ തകർപ്പൻ പ്രകടനം. കൊൽക്കത്തയുടെ യുവപേസർ കാർത്തിക് ത്യാഗിയുടെ പന്ത് നേരിട്ട ടിം ഡേവിഡ്, ‘ബാക്‌വേഡ് പോയിന്റിലേക്കാണ്’ അടിച്ചത്. അതിവേഗത്തിലെത്തിയ പന്ത് ഇടത്തേക്കു ചാടിയ മനീഷ് പാണ്ഡെ ഒറ്റക്കയ്യിൽ പിടിച്ചെടുക്കുകയായിരുന്നു.
അനായാസം പന്ത് കൈക്കലാക്കി ഗ്രൗണ്ടിൽനിന്ന് എഴുന്നേറ്റ പാണ്ഡെയെ നോൺസ്ട്രൈക്കറായിരുന്ന വിരാട് കോലിയും ബോളർ കാർത്തിക് ത്യാഗിയും അദ്ഭുതത്തോടെയാണു നോക്കിയത്. നടന്നത് എന്താണെന്നു മനസ്സിലാകാതെ തലയിൽ കൈവച്ച് നിൽക്കുകയായിരുന്നു കാർത്തിക്ക് ത്യാഗി. സ്വന്തം ടീമിലെ ബാറ്ററുടെ വിക്കറാണു വീണതെങ്കിലും മനീഷ് പാണ്ഡെയുടെ അടുത്തെത്തി കെട്ടിപ്പിടിക്കുകയാണു കോലി ചെയ്തത്. ‘സീസണിലെ ഏറ്റവും മികച്ച ക്യാച്ചെന്നാണ്’ കമന്റേറ്റർമാർ ഇതിനെ വിശേഷിപ്പിച്ചത്. പാണ്ഡെയുടെ ഫീൽഡിങ് പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
36 വയസ്സുകാരനായ മനീഷ് പാണ്ഡെ 2026 ഐപിഎലിൽ മൂന്ന് മത്സരങ്ങൾ മാത്രമാണു കളിച്ചത്. കൊൽക്കത്തയ്ക്കെതിരായ ആറു വിക്കറ്റ് വിജയത്തോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ചു. തകർത്തടിച്ച വിരാട് കോലി 60 പന്തിൽ 105 റണ്‍സുമായി പുറത്താകാതെനിന്നു. മഴകാരണം ഒരുമണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത അംഗ്ക്രിഷ് രഘുവംശി (46 പന്തിൽ 71 റൺസ്) റിങ്കു സിങ് (29 പന്തിൽ 49 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കോലിയുടെ കരുത്തിൽ 5 പന്ത് ബാക്കി നിൽക്കെ ബെംഗളൂരു ജയം സ്വന്തമാക്കി. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 4ന് 192. ബെംഗളൂരു 19.1 ഓവറിൽ 4ന് 194.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെഗളൂരുവിന് ഓപ്പണർ ജേക്കബ് ബേതലിനെ (12 പന്തിൽ 15) തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒരുമിച്ച ദേവ്ദത്ത് പടിക്കലും (27 പന്തിൽ 39) വിരാട് കോലിയും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. തുടർച്ചയായ രണ്ട് കളികളിൽ പൂജ്യത്തിന് പുറത്തായ കോലിയുടെ തിരിച്ചുവരവ് അനിവാര്യമായിരിക്കുമെന്ന ക്രുനാൽ പാണ്ഡ്യയുടെ വാക്കുകൾ പൊന്നായി. മൈതാനത്തെത്തി ആദ്യ പന്തുമുതൽ കണ്ടത് കോലിയുടെ ബാറ്റിങ് ക്ലാസ്. 11 ഫോറും 3 സിക്സും അടങ്ങിയ മനോഹര ഇന്നിങ്സ് പൂർത്തിയായപ്പോൾ ബെംഗളൂരു വിജയതീരം തൊട്ടിരുന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽത്തന്നെ ഓപ്പണർമാരായ ഫിൻ അലനെയും (8 പന്തിൽ 18) ക്യാപ്റ്റൻ അജിൻക്യ രഹാനെയെയും (13 പന്തിൽ 19) കൊൽക്കത്തയ്ക്കു നഷ്ടമായി. തുടർന്നു 3–ാം വിക്കറ്റിൽ ഒരുമിച്ച രഘുവംശിയും കാമറൂൺ ഗ്രീനും (24 പന്തിൽ 32) ചേർന്ന് കൊൽക്കത്തയുടെ സ്കോർ 100 കടത്തി. 46 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്ത സഖ്യം താളം കണ്ടെത്തുന്നതിനിടെ 13–ാം ഓവറിൽ കാമറൂൺ ഗ്രീനിനെ പുറത്താക്കി റാസിഖ് ദർ, കൊൽക്കത്തയുടെ സ്കോറിങ് വേഗം കുറച്ചു. പിന്നീട്, റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് രഘുവംശി കൊൽക്കത്തയുടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 46 പന്തിൽ 76 റൺസ് നേടിയ 4–ാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊൽക്കത്തയ്ക്കു മികച്ച ടോട്ടൽ നൽകിയത്. 46 പന്തിൽ 7 ഫോറും 3 സിക്സും അടക്കമാണ് രഘുവംശി 71 റൺസ് നേടിയത്.
English Summary:







English (US) ·