എന്താ ഇപ്പോ സംഭവിച്ചെ? ശ്രേയസ് അയ്യരുടെ ഫീൽഡിങ് കണ്ട് ഞെട്ടി സൂര്യകുമാർ യാദവും രോഹിത് ശർമയും– വിഡിയോ

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 17, 2026 10:26 AM IST

2 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.
ശ്രേയസ് അയ്യരുടെ ഫീൽഡിങ്ങിനിടെ സൂര്യകുമാർ യാദവിന്റെ മുഖഭാവം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

മുംബൈ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ അർധ സെഞ്ചറി നേടി പഞ്ചാബ് കിങ്സിനെ വിജയത്തിലെത്തിച്ചെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പഞ്ചാബ് ആരാധകരെയും മുംബൈ ഇന്ത്യൻസ് താരങ്ങളെയും ക്രിക്കറ്റ് ലോകത്തെയാകെയും ഞെട്ടിച്ചത് ഒരു ഫീൽഡിങ് പ്രകടനത്തിന്റെ പേരിലാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്ക‍‍ഡെ സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽനിന്നു നടത്തിയ ആക്രോബാറ്റിക് പ്രകടനം വിശ്വസിക്കാനാകാതെ ഞെട്ടിയവരിൽ സൂപ്പർ താരങ്ങളായ സൂര്യകുമാർ യാദവും രോഹിത് ശർമയും ഉൾപ്പെടുന്നു. 12 പന്തിൽ 14 റൺസെടുത്ത പാണ്ഡ്യയെ, സേവ്യർ ബാർട്‌ലെറ്റിന്റെ 18–ാം ഓവറിലെ മൂന്നാം പന്തിലാണ് തകർപ്പൻ ഫീൽഡിങ്ങിലൂടെ പഞ്ചാബ് ക്യാപ്റ്റൻ മടക്കുന്നത്.

സിക്സർ ലക്ഷ്യമാക്കി പാണ്ഡ്യ തകർപ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും, ബൗണ്ടറി ലൈനിലേക്ക് ഓടിയെത്തിയ ശ്രേയസ് പിന്നോട്ടുചാടി പന്തു പിടിച്ചെടുത്ത ശേഷം, ഗ്രൗണ്ടിൽനിന്നിരുന്ന മാർകോ യാൻസന് ഇട്ടുകൊടുക്കുകയായിരുന്നു. പിന്നീട് ദൗത്യം പൂർത്തിയാക്കിയ പോലെ ബൗണ്ടറി ലൈനിന് അപ്പുറത്തേക്കു വീണ് ആഘോഷ പ്രകടനം. മുംബൈ ഡഗ് ഔട്ടിന് സമീപത്തുനിന്നായിരുന്നു ശ്രേയസിന്റെ അവിശ്വസനീയമായ പ്രകടനം. ശ്രേയസിനെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഞെട്ടലോടെ നോക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുംബൈയ്ക്കെതിരെ 7 വിക്കറ്റ് ജയത്തോടെ പഞ്ചാബ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്കു കുതിച്ചുകയറി. തുടർച്ചയായ നാലാം തോൽവിയോടെ മുംബൈ പട്ടികയുടെ അടിത്തട്ടിൽ ‘സ്ഥാനം’ നിലനിർത്തി. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 21 പന്തുകളും 7 വിക്കറ്റുകളും ബാക്കിവച്ച് പഞ്ചാബ് മറികടന്നു. വാങ്കഡെയിൽ മുംെബൈയെ ഏറ്റവും കൂടുതൽ തവണ തോൽപിക്കുന്ന ടീമെന്ന റെക്കോർഡും (6 തവണ) പഞ്ചാബിനു സ്വന്തമായി. അപരാജിത ഇന്നിങ്സുമായി ഓപ്പണർ പ്രഭ്സിമ്രൻ സിങ് (39 പന്തിൽ 80 നോട്ടൗട്ട്) ടീമിനെ മുന്നിൽനിന്നു നയിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (35 പന്തിൽ 66) അർധ സെഞ്ചറിയുമായി ഒപ്പംനിന്നു. മുംബൈ ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറി (60 പന്തിൽ 112*) ഇതോടെ പാഴായി. സ്കോർ: മുംബൈ– 20 ഓവറിൽ 6ന് 195. പഞ്ചാബ്– 16.3 ഓവറിൽ 3ന് 198. സീസണിൽ ഇതുവരെ തോൽവി വഴങ്ങാത്ത ഏക ടീമെന്ന റെക്കോർഡും പഞ്ചാബ് നിലനിർത്തി.

മിന്നൽ പഞ്ചാബ്

ദീപക് ചാഹർ എറിഞ്ഞ ആദ്യ ഓവറിൽ 3 ഫോറും ഒരു സിക്സും ഉൾപ്പെടെ 21 റൺസ് നേടിയാണ് പഞ്ചാബ് കിങ്സ് ഓപ്പണർമാർ മറുപടി ബാറ്റിങ്ങിനു തുടക്കമിട്ടത്. അഫ്ഗാൻ സ്പിന്നർ അല്ല ഗസൻഫറിനെ പവർപ്ലേയിൽ പന്തേൽപിച്ച തന്ത്രത്തിൽ മുംബൈ, പ്രിയാൻഷ് ആര്യയുടെയും (15) കൂപ്പർ കൊന്നോലിയുടെയും (17) വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ അഞ്ചാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ പ്രഭ്സിമ്രന്റെ ക്യാച്ച് കൈവിട്ട ജസ്പ്രീത് ബുമ്രയുടെ പിഴവിന് അതിനുശേഷം അവർ വലിയ വിലകൊടുക്കേണ്ടിവന്നു. വിജയലക്ഷ്യം 250ന് മുകളിലെന്ന് തോന്നിപ്പിക്കുംവിധം ആഞ്ഞടിച്ച പ്രഭ്സിമ്രൻ 23 പന്തിൽ സീസണിലെ തന്റെ രണ്ടാം അർധ സെഞ്ചറി പിന്നിട്ടു. തുടർ ബൗണ്ടറികളുമായി ഒപ്പം മുന്നേറിയ ശ്രേയസും 31–ാം പന്തിൽ അർധ സെഞ്ചറിയിലെത്തി. 66 പന്തിൽ 139 റൺസാണ് ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. 16–ാം ഓവറിൽ ശ്രേയസ് പുറത്താകുമ്പോൾ പഞ്ചാബ് വിജയത്തിന് അരികിലെത്തിയിരുന്നു. 

ഡികോക്ക് റിട്ടേൺസ് 

തുടർച്ചയായ 4 മത്സരങ്ങളിൽ റിസർവ് ബെഞ്ചിലിരുന്ന് കളി കണ്ടശേഷം സീസണിലാദ്യമായി ക്രീസിലെത്തിയ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയാണ്( 60 പന്തിൽ 112 നോട്ടൗട്ട്) ആദ്യം ബാറ്റു ചെയ്ത മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. അർധ സെഞ്ചറി നേടിയ നമാൻ ധിറും (31 പന്തിൽ 50) മുംബൈ ബാറ്റിങ്ങിൽ തിളങ്ങി. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് ശർമ ഇന്നലെ പുറത്തിരുന്നതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ‍ഡികോക്കും റയാൻ റിക്കൽട്ടനും സീസണിലാദ്യമായി മുംബൈ ഇന്നിങ്സ് ഓപ്പൺ ചെയ്തു. റിക്കൽട്ടനെയും (2) സൂര്യകുമാർ യാദവിനെയും (0) അർഷ്‌ദീപ് സിങ് തുടക്കത്തിൽ പുറത്താക്കിയെങ്കിലും 68 പന്തിൽ 122 റൺസ് നേടിയ നമാൻ– ഡികോക് കൂട്ടുകെട്ട് മുംബൈയെ മികച്ച സ്കോറിലേക്കു നയിച്ചു. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഡികോക്ക് 53 പന്തുകളിൽ സെഞ്ചറി തികച്ചു.

English Summary:

Shreyas Iyer's unthinkable fielding effort, redeeming a definite six and dismissing Hardik Pandya, stunned cricket fans and players alike during the IPL lucifer betwixt Punjab Kings and Mumbai Indians

Read Entire Article