Published: March 31, 2026 04:16 PM IST Updated: March 31, 2026 09:07 PM IST
1 minute Read
ഗുവാഹത്തി∙ ബാറ്റിങ് ദുഷ്കരമായിരുന്ന ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി 15 പന്തിൽ അർധസെഞ്ചറി നേടിയതോടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഐപിഎലിനു ശേഷം വൈഭവിനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ബിസിസിഐ തയാറാകണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. എന്നാൽ, മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഈ വിഷയത്തിൽ വിഭിന്നമായ കാഴ്ചപ്പാടാണ്. വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ധൃതി പിടിക്കേണ്ട കാര്യമില്ലെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
‘‘അവന് അങ്ങനെമൊരു ലക്ഷ്യം നൽകരുത്. അവൻ ഒരു പുരുഷൻ പോലുമായിട്ടില്ല, അവൻ ഒരു കുട്ടിയാണ്. എം.എസ്.ധോണി 45 വയസ്സുവരെ കളിക്കുന്നുണ്ടെങ്കിൽ, സൂര്യവംശി 40 വയസ്സുവരെ കളിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് ക്രിക്കറ്റിൽ രണ്ടര പതിറ്റാണ്ട് ബാക്കിയുണ്ട്. അവനെ വെറുതെ വിടുക, ശരിയായ സമയമാകുമ്പോൾ അവൻ തനിയെ വരും. ഇന്ത്യക്ക് വേണ്ടി കളിക്കാതിരിക്കാൻ കഴിയാത്തത്ര മികച്ചവനാണ് അവൻ. അവൻ എങ്ങനെയായാലും ഒടുവിൽ കളിക്കും. അവൻ എപ്പോൾ കളിക്കും? അതിനായി നമ്മൾ അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. നമ്മൾ എന്തിനാണ് എപ്പോഴും തിടുക്കം കൂട്ടുന്നത്?’’ –അശ്വിൻ പറഞ്ഞു.
സൂര്യവംശി താൻ പ്രതിനിധീകരിച്ച ഓരോ ടീമിനു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, 14-ാം വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ലീഗിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. 15 വയസ്സ് തികയുന്നതിന് മുൻപു തന്നെ ഇന്ത്യയുടെ അണ്ടർ-19, എ ടീമുകൾക്കു വേണ്ടിയും വൈഭവ് ഒട്ടേറെ റെക്കോർഡുകൾ തകർത്തു.
വണ്ടർ വൈഭവ്കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെ നിന്നു തന്നെ ഈ സീസൺ തുടങ്ങാനായിരുന്നു വൈഭവിന്റെ തീരുമാനം. നേരിട്ട ആദ്യ പന്തുമുതൽ അടിതുടങ്ങിയ പതിനഞ്ചുകാരൻ താരത്തിനു മുന്നിൽ ചെന്നൈ ബോളർമാർ വിയർത്തു. മാറ്റ് ഹെൻറിയും ജയ്മി ഓവർടനും ഖലീൽ അഹമ്മദുമെല്ലാം അണിനിരന്ന ചെന്നൈ പേസ് നിരയെ നിർദാക്ഷിണ്യം തല്ലിത്തകർത്ത വൈഭവ്, 15 പന്തിൽ തന്റെ അർധ സെഞ്ചറി പൂർത്തിയാക്കി. ഐപിഎലിലെ വേഗമേറിയ മൂന്നാമത്തെ അർധ സെഞ്ചറിയാണിത്. 2023 സീസണിൽ, 13 പന്തിൽ അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ പേരിലാണ് റെക്കോർഡ്.
പവർപ്ലേയിൽ 74 റൺസാണ് ജയ്സ്വാളിനൊപ്പം (36 പന്തിൽ 38 നോട്ടൗട്ട്) വൈഭവ് കൂട്ടിച്ചേർത്തത്. അംശുൽ കംബോജിന്റെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ, രാജസ്ഥാന് ജയിക്കാൻ 13.4 ഓവറിൽ 52 റൺസ് മാത്രം മതിയായിരുന്നു. 305.88 സ്ട്രൈക്ക് റേറ്റിൽ 5 സിക്സും 4 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. പിന്നാലെ ധ്രുവ് ജുറേലും (9 പന്തിൽ 18) വീണത് രാജസ്ഥാന്റെ വേഗം കുറച്ചെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിനെ (11 പന്തിൽ 14 നോട്ടൗട്ട്) കൂട്ടുപിടിച്ച ജയ്സ്വാൾ മറ്റു പരുക്കുകളില്ലാതെ ടീമിനെ വിജയത്തിൽ എത്തിച്ചു.
English Summary:
Vaibhav Sooryavanshi's singular half-century successful the challenging IPL lucifer against Chennai Super Kings has sparked statement astir his imaginable debut successful the Indian elder team. While erstwhile players similar Mohammed Kaif and Michael Vaughan advocator for his inclusion, R.Ashwin suggests patience, emphasizing that the young prodigy is inactive a kid and should not beryllium rushed into planetary cricket.








English (US) ·