Published: August 30, 2026 11:29 PM IST
2 minute Read
വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനെ തൊട്ടടുത്ത് കണ്ടതിന്റെ ആവേശത്തിലാണ് പുതുപ്പള്ളിക്കാർ. ഹെലികോപ്റ്ററിൽ പുതുപ്പള്ളിയിലെത്തിയ ഗെയ്‌ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. വൻ സ്വീകരണമാണ് പ്രിയതാരത്തിന് പുതുപ്പള്ളി നൽകിയത്. ക്രിസ് ഗെയ്‌ലിനെ പുതുപ്പള്ളിയിലെത്തിച്ച എംഎൽഎ ചാണ്ടി ഉമ്മൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.
What you should work next
ക്രിസ് ഗെയ്‌ലിനെ പുതുപ്പള്ളിയിൽ എത്തിക്കാനുള്ള സാഹചര്യം എന്തായിരുന്നു? ആ തോന്നൽ എങ്ങനെയാണുണ്ടായത്?∙ കേരള ക്രിക്കറ്റ് അസോസിയേഷനുമായി പലകാര്യങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ഏതാനും ദിവസം മുൻപ് കെസിഎയുടെ ഒരു പരിപാടിക്കായി അവർ എന്നെ അവർ ക്ഷണിച്ചിരുന്നു. ഞാൻ കെസിഎയുമായി ചേർന്ന് പല കാര്യങ്ങൾ ചെയ്യാൻ ആലോചിക്കുന്നുണ്ട്. അവിടെ ചെന്നപ്പോഴാണ് ക്രിസ് ഗെയ്ൽ കേരളത്തിൽ വരുന്നുണ്ടെന്ന കാര്യം അറിഞ്ഞത്. അങ്ങനെയാണെങ്കിൽ പുതുപ്പള്ളിയിൽ കൊണ്ടുവരാൻ പറ്റുമോ എന്ന് ഞാൻ അന്വേഷിച്ചു. ഹെലികോപ്റ്റർ ഉൾപ്പെടെ സംഘടിപ്പിച്ചാൽ അദ്ദേഹത്തെ പുതുപ്പള്ളിയിൽ കൊണ്ടുവരാമെന്ന് അറിയിപ്പു കിട്ടി. അങ്ങനെയാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നത്.
കാരണം, അദ്ദേഹം വരുമ്പോഴുള്ള ഒരു മോറൽ ബൂസ്റ്റ് ഉണ്ടല്ലോ. അതായത്, ഒരു രാജ്യാന്തര താരം നമ്മുടെ നാട്ടിൽ വന്ന് സംസാരിക്കുന്നു എന്നു പറയുമ്പോൾ ആ നാടിനും നാട്ടുകാർക്കും ഒരു ബൂസ്റ്റ് കൊടുക്കുമ്പോൾ അതിന് വലിയൊരു പോസിറ്റിവിറ്റിയുണ്ട്. അദ്ദേഹം എന്തു സംസാരിക്കുന്നു എന്നതിനല്ല. സാന്നിധ്യത്തിനാണ് പ്രാധാന്യം. ഞാൻ എംഎൽഎ ആയപ്പോൾ മുതൽ പുതുപ്പള്ളിയെ ഒരു സ്പോർട്സ് സെന്റർ ആക്കി മാറ്റണം എന്നുള്ള ആഗ്രഹത്തിലാണ്. ക്രിസ് ഗെയ്ൽ ഇവിടെ വന്നത് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വലിയ മുതൽക്കൂട്ടാണ്.
പുതുപ്പള്ളിയിലെത്തിയ ശേഷം എന്തായിരുന്നു ക്രിസ് ഗെയ്‌ലിന്റെ പ്രതികരണം?
∙ ഞായറാഴ്ച ഉച്ചയ്ക്ക് ക്രിസ് ഗെയ്ൽ എത്തിയെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. കാരണം അദ്ദേഹത്തിന് ഫ്ലൈറ്റ് എടുക്കാൻ പറ്റാത്ത ഒരു സാഹചര്യം വന്നു. പക്ഷേ വൈകിട്ട് വീണ്ടും കണ്ടിരുന്നു. പുതുപ്പള്ളി വളരെ ഇഷ്ടമായെന്നും ഇവിടേക്ക് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ലഭിച്ചത് മനോഹരമായ സ്വീകരണമാണെന്നും ഒരുപാട് ഇഷ്ടപ്പെട്ടുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഈ നാടിനെ അത്രയ്ക്കും മനസ്സിലേറ്റി എന്നാണ് അതിനർഥം. വെറും ഒരാഴ്ച മുൻപാണ് ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലേക്ക് വരും എന്ന് ഉറപ്പായത്. അത്ര സമയം മാത്രമേ തയാറെടുപ്പുകൾക്കായി കിട്ടിയിട്ടുള്ളൂ. ഹെലികോപ്റ്റർ അറേഞ്ച് ചെയ്തത് നമ്മുടെ ഫൗണ്ടേഷനാണ്. അതിനുള്ള ഫണ്ട് സംഘടിപ്പിച്ചു. 11 കലാരൂപങ്ങൾ സംഘടിപ്പിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ഒരാഴ്ച കൊണ്ടാണ് ഇതു ചെയ്തത്.
സംഘാടനത്തിൽ പാളിച്ചയെന്ന് എവിടെയെക്കെയോ കേട്ടു. അത് ക്രിസ് ഗെയ്‌ലിന് തോന്നിയിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഒന്നും സംഘടിപ്പിക്കാൻ തയാറാകാത്തവർ ഉണ്ടല്ലോ. പല കാര്യങ്ങൾ പറഞ്ഞ് ആൾക്കാരെ പറ്റിച്ചവർ. ഞാൻ രാഷ്ട്രീയം പറയുകയല്ല. എങ്കിലും പറയുന്നത് നമുക്ക് ഈ ഒരു ചെറിയ സമയത്തിനുള്ളിൽ ആണ് നമ്മളിതെല്ലാം ചെയ്തത്. അദ്ദേഹം വരുമെന്നു പോലും കൃത്യമായ ഉറപ്പില്ലായിരുന്നു. ആദ്യം ഓഗസ്റ്റ് 28ന് വരുമെന്നാണ് പറഞ്ഞത്. പിന്നീട് അത് ക്യാൻസലായി. പിന്നീട് 29ന് എന്നു പറഞ്ഞു. അതിനുശേഷമാണ് 30ാം തീയതി എന്നുറപ്പിച്ചത്. അങ്ങനെ ഒരുപാട് കൺഫ്യൂഷനുണ്ടായിരുന്നു.
പിന്നെ ഈ ദിവസത്തെ സാഹചര്യവും കുറച്ച് പ്രശ്നമായിരുന്നു. ഉപരാഷ്ട്രപതി കേരളത്തിൽ ഉണ്ടായിരുന്നതിനാൽ ഹെലികോപ്റ്റർ പറത്തുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. 10 മണിക്ക് വിമാനത്താവളത്തിലെത്തിയിട്ടും 12 മണിക്ക് മാത്രമേ ഞങ്ങൾക്ക് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യാൻ അനുവാദം ലഭിച്ചുള്ളൂ. ഉച്ചയ്ക്കും അതേ അവസ്ഥയായിരുന്നു. ഒരാൾ നമുക്കുവേണ്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ സൗകര്യം കൂടി നോക്കണം. അതുകൊണ്ടാണ് മറ്റൊരു പരിപാടിക്കും നിൽക്കാതെ അദ്ദേഹം പെട്ടെന്ന് മടങ്ങിയത്. അദ്ദേഹം വന്നത് പുതുപ്പള്ളി കൾച്ചറൽ ഹെറിറ്റേജ് സെന്ററിന്റെ ലോഗോ പ്രകാശനം എന്ന ഒറ്റ അജൻഡയിലാണ്. അത് അദ്ദേഹം നടത്തി. സംസാരിക്കുക എന്നതിനപ്പുറം സാന്നിധ്യം ആണല്ലോ നമുക്ക് ആവശ്യമുള്ളത്. അതുണ്ടായി.
ഗെയിൽ വന്നപ്പോൾ പുതുപ്പള്ളിക്കാർ എങ്ങനെയാണ് സ്വീകരിച്ചത്?
∙ ഇതുപോലെ ഒരു ആവേശം ജനങ്ങളിൽ ഞാൻ കണ്ടിട്ടില്ല. ഇത്രയും കുറഞ്ഞ സമയത്തിൽ സംഘടിപ്പിച്ചിട്ടുപോലും മൂവായിരത്തോളം പേരാണ് ഇന്ന് പുതുപ്പള്ളിയിൽ ഗെയ്‌ലിനെ കാണാനെത്തിയത്. നമ്മുടെ ഗ്രാമങ്ങളിലുള്ള കുട്ടികൾക്കുള്ള ആവേശമാണ്. യുവജനങ്ങൾക്ക് ഉള്ള സന്തോഷമാണ്. അതാണ് ഏറ്റവും പ്രധാനം.
പുതുപ്പള്ളിയിൽ സ്റ്റേഡിയത്തിനായി കണ്ടുവച്ച സ്ഥലം ഗെയ്‌ൽ കണ്ടിരുന്നോ? അതേക്കുറിച്ച് പ്രതികരിച്ചോ?∙ അദ്ദേഹം പോകുന്ന വഴിക്ക് കാറിലിരുന്ന് സ്ഥലം കണ്ടിരുന്നു. കേരളത്തിൽ സ്പോർട്സിന് പുതിയൊരു കാലഘട്ടം ഉണ്ടാകണം എന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർക്കും കുട്ടികൾക്കും മികച്ച അവസരം ലഭിക്കണം. സ്പോർട്സ് സിറ്റി എന്ന ആശയം വളരെ മികച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. വെന്നിമലയിലെ സ്റ്റേഡിയത്തിനായി നമ്മൾ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്തു ചെയ്യാൻ പറ്റും എന്നുള്ളത് നോക്കാം.
പുതുപ്പള്ളിയിൽ ഭാവിയിൽ സ്പോർട്സ് രംഗത്ത് എന്തുമാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്?∙ നമ്മൾ ഒരു സ്പോർട്സ് സിറ്റി എന്ന ആശയമായിട്ടാണ് മുന്നോട്ട് പോകുന്നത്. പുതുപ്പള്ളിയെ ഒരു സ്പോർട്സ് ഹബ്ബ് ആക്കണം. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. അത് വഴിയേ പറയാം.
English Summary:






English (US) ·