എന്തൊരു കഷ്ടമാണ്! ചെന്നൈയ്ക്കു വീണ്ടും തിരിച്ചടി, ഫോമിലുള്ള യുവതാരം മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരും; തിങ്കളാഴ്ചത്തെ സ്കാനിങ് നിർണായകം

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 19, 2026 10:41 PM IST Updated: April 19, 2026 10:55 PM IST

1 minute Read

X/IPL
ആയുഷ് മാത്രെയും ഋതുരാജ് ഗെയ്‌ക്‌വാദും ബാറ്റിങ്ങിനിടെ. ചിത്രം:X/IPL

ചെന്നൈ ∙ വിജയവഴിയിൽനിന്നു വീണ്ടും തോൽവിയിലേക്ക് തെന്നിമാറിയ ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത തിരിച്ചടി. ഐപിഎൽ സീസണിൽ ചെന്നൈയുടെ മുൻനിര ബാറ്ററായ ആയുഷ് മാത്രേയ്ക്കു മൂന്നു ആഴ്ചത്തേയ്ക്കു കളിക്കാൻ സാധിക്കില്ലെന്നാണ് വിവരം. ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പതിനെട്ടുകാരനായ ആയുഷ് മാത്രേയ്ക്കു ഇടത് പിൻതുടയിൽ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച മുംബൈയിലെത്തുന്ന താരം സ്കാനിങ്ങിനു വിധേയനാകും. ഇതിനു ശേഷമാകും അന്തിമതീരുമാനം. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.

ഹൈദരാബാദിനെതിരെ, ചെന്നൈ ഇന്നിങ്സിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മാത്രേ, റൺസിനായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. വേദന അനുഭവപ്പെട്ട ഉടൻ തന്നെ ടീം ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസെക് താരത്തെ പരിശോധിച്ചു. വീണ്ടും ബാറ്റു ചെയ്തെങ്കിലും തൊട്ടുപിന്നാലെ ഔട്ടായി. മാത്രെയുടെ പരുക്ക് ആശങ്കപ്പെട്ടതു പോലെ ഗുരുതരമല്ലെന്നും നിലവിൽ താരത്തിനു വേദന അനുഭവപ്പെടുന്നില്ലെന്നുമാണ് ടീം മാനേജ്മെന്റ് വൃത്തങ്ങൾ നൽകുന്ന വിവരം. എങ്കിലും തിങ്കളാഴ്ച നടക്കുന്ന സ്കാനിങ്ങിനു ശേഷം മാത്രമേ പരുക്കിന്റെ യഥാർഥ വ്യാപ്തി അറിയാൻ കഴിയൂ.

മാത്രെയുടെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാകും. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരം ടീമിന് മികച്ച തുടക്കം നൽകുന്നുണ്ട്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാൽ, സഞ്ജു സാംസണിനൊപ്പം മാത്രെയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റായ ഈ മുംബൈ താരം, കഴിഞ്ഞ സീസണിൽ ഗെയ്‍ക്ഡവാദിനു പരുക്കേറ്റപ്പോൾ പകരക്കാരനായാണ് സിഎസ്‌കെയിലെത്തിയത്. ചെന്നൈയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം താരത്തിന്റ പേരാണ്. ആയുഷ് മാത്രേ കളിച്ചില്ലെങ്കിൽ കാർത്തിക് ശർമ, ഉർവിൽ പട്ടേൽ എന്നിവരിലൊരാൾക്കാകും നറുക്കുവീഴുക.

നേരത്തെ, കാൽത്തുടയിലെ പേശികൾക്കു പരുക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹ്മദിന് ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. ഖലീലിന്റെ കാലിന് പൊട്ടലുണ്ടെന്നും ഇതു ഭേദമാകാൻ 12 ആഴ്ചകളോളം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണു പരുക്കേറ്റത്.

ഹൈദരാബാദിനെതിരായ മത്സരത്തിൽ വേദന അനുഭവപ്പെട്ടിട്ടും ആയുഷ് മാത്രേ ബാറ്റിങ് തുടർന്നത് വിമർശനങ്ങൾക്ക് ഇടയാക്കി. ആർ.അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ഇതിനെ ചോദ്യം ചെയ്തു. “അവൻ തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ കണ്ടിട്ട് കുറച്ചുനാൾ പുറത്തിരിക്കേണ്ടി വരുമെന്ന് ഞാൻ ആശങ്കപ്പെടുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ തന്നെ കാൽമുട്ടിൽ കെട്ടുമായിട്ടാണ് അവൻ വന്നത്. രണ്ടു മൂന്നു മത്സരങ്ങളായി അദ്ദേഹം ഇംപാക്ട് സബ്ബായാണ് കളിക്കുന്നത്. അവന്റെ പരുക്ക് ഒരു ആശങ്കയായിരുന്നു.

ഫീൽഡ് ചെയ്യാത്തതുകൊണ്ട് ഇതു പേശിവലിവ് ആകാൻ വഴിയില്ല. ഫീൽഡ് ചെയ്യാതെയും പേശിവലിവ് വരുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഹൈഡ്രേഷൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊരു പരുക്കാണെന്ന് കരുതുക. ഫിസിയോകൾ വന്ന് അവനെ പരിശോധിച്ചു. അദ്ദേഹം മുടന്തുകയായിരുന്നു, എന്നിട്ടും അവനോട് അടുത്ത പന്ത് കളിക്കാനും വിക്കറ്റുകൾക്കിടയിൽ ഓടാനും ആവശ്യപ്പെടുന്നു. മുടന്തുന്ന സമയത്ത് അദ്ദേഹം റിട്ടയേർഡ് ഔട്ട് ആകേണ്ടതായിരുന്നു. ഇത്ര അശ്രദ്ധമായി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് ഞെട്ടിക്കുന്നതായിരുന്നു.” അശ്വിൻ പറഞ്ഞു.

English Summary:

Ayush Mhatre's wounded has dealt a important stroke to the Chennai Super Kings, who are already struggling with caller losses. The young batter is expected to beryllium sidelined for astatine slightest 3 weeks, impacting the team's batting lineup and strategical options.

Read Entire Article