ന്യൂജഴ്സി∙ ചരിത്രമാകാൻ പോകുന്ന ലോകകപ്പിന്റെ കിക്കോഫിനു 3 ദിവസം ബാക്കി നിൽക്കെ വേദികൾ തയാർ. ഫൈനലിനു വേദിയൊരുക്കുന്ന ന്യൂജഴ്സി ഉൾപ്പെടെ യുഎസിലെ 11 സ്റ്റേഡിയങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായി. മെക്സിക്കോയും കാനഡയും സഹആതിഥേയത്വം വഹിക്കുമ്പോഴും 104 മത്സരങ്ങളിൽ 78 എണ്ണവും യുഎസിലാണു നടക്കുക. 50 ലക്ഷം മുതൽ ഒരു കോടി വരെ കളിയാരാധകർ യുഎസിലെ സ്റ്റേഡിയങ്ങളിലെത്തുമെന്നാണു പ്രതീക്ഷ.
ഫാൻ സോണുകൾ
ആരാധകർക്കു നിറഞ്ഞാടാൻ പാകത്തിന് എല്ലാ വേദികളിലും ഫാൻ സോണുകൾ തയാറാണ്. പൊതുനിരത്തുകളിലെ ആഘോഷ കേന്ദ്രങ്ങൾ വേറെ. പലയിടത്തും മത്സര ദിവസങ്ങളിലാണ് ആഘോഷങ്ങളെങ്കിൽ ഫിലഡൽഫിയയിൽ 39 ദിവസവും ഫാൻ ഫെസ്റ്റിവൽ നടക്കും. സാൻഫ്രാൻസിസ്കോയിൽ പലയിടങ്ങളിലായാണു ഫാൻ സോണുകൾ ഒരുക്കിയിട്ടുള്ളത്. ലൊസാഞ്ചലസിൽ എൻട്രി ടിക്കറ്റ് ഏർപ്പെടുത്തിയാണു ഫാൻ സോൺ പ്രവർത്തിക്കുക. മയാമിയിൽ കാർലോസ് വീവേയ്സിന്റെ സ്റ്റേജ് ഷോ നടക്കുമ്പോൾ ഡാലസിൽ പ്രമുഖരുടെ നീണ്ടനിര തന്നെ പല ദിവസങ്ങളിലെത്തുന്നു.
യാത്രയ്ക്കു പലവഴിപല ലോകകപ്പ് വേദികളും നഗരഹൃദയങ്ങളിൽനിന്ന് മാറിയാണെന്നതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ അനായാസമാകില്ല. പൊതുഗതാഗതം ശക്തമല്ലാത്ത ഡാലസിൽ അധിക ബസുകൾ ഏർപ്പെടുത്തും. ബോസ്റ്റണിൽ കമ്യൂട്ടർ ട്രെയിനുകൾ സജീവാണെങ്കിലും ടിക്കറ്റ് നിരക്ക് 20 ഡോളറിൽനിന്ന് 80 ഡോളറായി ഉയർന്നു. ന്യുജഴ്സിയിൽ പാർക്കിങ് നിരക്ക് മാത്രം 150 ഡോളറിനു മുകളിലാണ്. യാത്രക്കാരെ ഇറക്കി വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമാകും നടപ്പാകാൻ സാധ്യത. അതേസമയം, ഫിലഡൽഫിയ, ഹൂസ്റ്റൺ, അറ്റ്ലാന്റ എന്നിവിടങ്ങളിൽ യാത്രാനിരക്ക് വർധിച്ചിട്ടില്ല.
ഇറാൻ ടീം മെക്സിക്കോയിൽവാഷിങ്ടൻ ∙ ലോകകപ്പിനായി ഇറാൻ ടീം മെക്സിക്കോയിൽ പറന്നിറങ്ങി. കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും മാത്രമാണു യുഎസ് പ്രവേശനത്തിന് അനുമതി. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ അംഗങ്ങൾക്കു യുഎസ് വീസ നിഷേധിച്ചിരിക്കുകയാണ്. ഇതിനിടെ, ഓരോ മത്സരത്തിനു ശേഷവും ടീം മെക്സിക്കോയിലേക്കു മടങ്ങണമെന്ന നിബന്ധനയോടെയാണ് യുഎസ് വീസ അനുവദിച്ചിരിക്കുന്നതെന്ന് മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബോൽഫസൽ പസൻദിദെ ആരോപിച്ചു.
‘മത്സരദിവസം രാവിലെ യുഎസിൽ എത്തുന്ന ടീം അന്നു തന്നെ മടങ്ങണമെന്ന നിബന്ധനയോടെയാണു വീസ അനുവദിച്ചത്’ പസൻദിദെ പറഞ്ഞു. എന്നാൽ ഇറാൻ ടീം വക്താവ് അമീർ മെഹ്ദി അലാവിയുടെ വിശദീകരണം മറ്റൊരു വിധത്തിലായിരുന്നു. ടീമിന് മൾട്ടിപ്പിൾ എൻട്രി വീസയാണ് അനുവദിച്ചിരിക്കുന്നതെന്ന് അമീർ പറഞ്ഞു. ടീമിന്റെ ക്യാംപ് മെക്സിക്കോയിൽ ആയതിനാൽ ഓരോ മത്സരത്തിനു വേണ്ടി യുഎസിലേക്കു വരേണ്ടി വരും. യുഎസുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ ടീമിന്റെ ബേസ് ക്യാംപ് മെക്സിക്കോയിലേക്കു മാറ്റിയത്.
English Summary:





English (US) ·