കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളികളുടെ 'സ്വന്തം' ക്ലബ് ആയി ഇനി ഒഡീഷ എഫ്സിയും. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ മലയാളി ഹെഡ് കോച്ച് ആയി ടി.ജി.പുരുഷോത്തമനെ നിയോഗിച്ചതിനു പിന്നാലെ കോച്ചിങ് സംഘത്തിലും അടിമുടി മലയാളികളെ നിറച്ചിരിക്കുകയാണ് കലിംഗ ടീം. ഇന്ത്യൻ ഫുട്ബോളിലെ 'ഓൾറൗണ്ട്' താരം ജോ പോൾ അഞ്ചേരി, മുൻ ഗോൾ കീപ്പർ സജി ജോയ് ഉൾപ്പെടെ 5 മലയാളി പ്രഫഷനലുകളാണ് പുരുഷുവിനൊപ്പം ഒഡീഷ യ്ക്കു വണ്ടി കയറിയിട്ടുള്ളത്. കേരളത്തിന്റെ സ്വന്തം ലീഗായ സൂപ്പർ ലീഗ് കേരളയിലെ മികവിന്റെ ബലത്തിലാണ് ഒഡീഷയുടെ കേരള സ്കൗട്ടിങ്.
സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയ്ക്കു പിൻഗാമിയായി ഒഡീഷയെ ഒരുക്കുന്ന പുരുഷോത്തമന്റെ അസിസ്റ്റന്റ് കോച്ച് ആയാണ് ജോ പോളിന്റെ റോൾ. സൂപ്പർ ലീഗ് കേരളയുടെ രണ്ടു സീസണുകളിലും സഹപരിശീലകവേഷത്തിൽ തിളങ്ങിയതിനു പിന്നാലെയാണ് അഞ്ചേരിയുടെ ഐഎസ്എൽ എൻട്രി. എസ്എൽകെ ആദ്യ സീസണിൽ ഫോഴ്‌സ കൊച്ചിയുടെയും രണ്ടാം പതിപ്പിൽ തൃശൂർ മാജിക് എഫ്സിയുടെയും അസിസ്റ്റന്റ് കോച്ച് ആയിരുന്നു അഞ്ചേരി. രണ്ടു വട്ടവും അഞ്ചേരിയുടെ ടീം ഫൈനലിൽ പ്രവേശിച്ചിരുന്നു. ദീർഘകാലം ദേശീയ ടീമിലും മോഹൻ ബാഗാൻ, ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ചാംപ്യൻ ക്ലബ്ബുകളിലും കളിച്ച പരിചയമുള്ള അഞ്ചേരി ഫുട്ബോൾ കമന്റേറ്റർ എന്ന നിലയിലും ശ്രദ്ധ നേടിയ താരമാണ്. ഒരു സ്പാനിഷ് സഹ പരിശീലകനെയും ഒഡീഷ പരിഗണിച്ചെങ്കിലും പുരുഷോത്തമന്റെ നിർദേശപ്രകാരമാണ് തൃശൂർക്കാരൻ തന്നെയായ ജോ പോളിനു വഴി തെളിഞ്ഞത്.
പ്ലേയിങ് കരിയറിൽ ഗോൾ കീപ്പറായിരുന്ന പുരുഷോത്തമന്റെ പുതിയ ടീമിൽ ഗോൾ കീപ്പിങ് കോച്ചായെത്തുന്നത് മുൻസഹതാരം കൂടിയായ സജി ജോയിയാണ്. എറണാകുളം സ്വദേശിയായ സജി എഫ്സി കൊച്ചിൻ, വാസ്കോ ഗോവ ടീമുകളുടെ ഗോളി ആയിരുന്നു. എസ്എൽകെയിലെ തിളക്കവുമായാണ് സജിയും ഒഡീഷയിലേക്ക് ചേക്കേറുന്നത്. ആദ്യ സീസണിൽ ഫൈനൽ കളിച്ച ഫോഴ്സ കൊച്ചിയുടെ ഗോൾ കീപ്പിങ് കോച്ചായിരുന്നു സജി.
സ്‌ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച് അനുഗ്രഹ് സുരേഷ്, ഹെഡ് ഫിസിയോ കെ.എസ്.അഖിലേഷ്, അനലിസ്റ്റ് കിരൺ കെ.നാരായണൻ എന്നിവരാണ് ഒഡീഷ വാർ റൂമിലെ മറ്റു മലയാളികൾ. കണ്ണൂരിൽ നിന്നുള്ള അനുഗ്രഹ് ഫോഴ്സ കൊച്ചിയുടെയും ഇന്ത്യൻ ജൂനിയർ ടീമിന്റെയും അനുഭവസമ്പത്തുമായാണ് സൂപ്പർ ലീഗിലെത്തുന്നത്. തൃശൂർ സ്വദേശിയായ അഖിലേഷ് കഴിഞ്ഞ സീസണിൽ ഐഎസ്എൽ ക്ലബ് മുംബൈ സിറ്റിയുടെ ഫിസിയോയായിരുന്നു. ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ കളിച്ച കേരള ടീമിന്റെ വിഡിയോ അനലിസ്റ്റ് കൂടിയായ പാലക്കാടുകാരൻ കിരൺ എസ്എൽകെ കിരീടം നേടിയ കണ്ണൂർ വോറിയേഴ്സിൽ നിന്നാണെത്തുന്നത്.
പരിശീലക സംഘത്തിനു പുറമേ, 3 മലയാളി താരങ്ങൾകൂടി ഉൾപ്പെട്ടതാണ് ഒഡിഷ എഫ്സി. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന്ഇന്ത്യൻ താരം കെ.പി.രാഹുലിനെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ഒഡീഷ പുരുഷോത്തമൻ ചുമതലയേറ്റതിനു പിന്നാലെ സ്ട്രൈക്കർ വി.പി. സുഹൈർ, എസ്എൽകെ ക്ലബ് തൃശൂർ മാജിക് എഫ്സിയുടെ സെന്റർ ബാക്ക് തേജസ് കൃഷ്ണ എന്നിവരെയും സ്വന്തമാക്കിയിരുന്നു.
English Summary:







English (US) ·