ഏഴു വീതം സിക്സുകളും ഫോറുകളും, 85 റൺസുമായി ഹെറ്റ്മെയർ, സിംബാബ്‌വെയ്ക്കെതിരെ വെസ്റ്റിൻഡീസിന് 107 റൺസ് ജയം

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: February 24, 2026 09:46 AM IST

1 minute Read

CRICKET-ICC-MENS-T20-WC-2026-WIS-ZIM
റോവ്മൻ പവലും ഷിമ്രോൺ ഹെറ്റ്മിയറും ബാറ്റിങ്ങിനിടെ. Photo: AFP

മുംബൈ∙ നിഷ്കളങ്കമായ ചിരിയും നിർഭയ ബാറ്റിങ്ങും; ഷിമ്രോൺ ഹെറ്റ്മെയർ എന്ന വിൻഡീസ് കരുത്തിനെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ‘പുഞ്ചിരിയിൽ പൊതിഞ്ഞ’ 7 വീതം പടുകൂറ്റൻ സിക്സറുകളും ഫോറുകളുമടക്കം 34 പന്തിൽ 85 റൺസോടെ ഹെറ്റ്മെയർ മുന്നിൽനിന്നു നയിച്ച ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ, സിംബാബ്‌വെയ്ക്കെതിരെ വെസ്റ്റിൻഡീസിന് 107 റൺസ് ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. ഹെറ്റ്മെയറിനു പുറമേ, റോവ്മാൻ പവലും (35 പന്തിൽ 59) വിൻഡീസിനായി അർധ സെഞ്ചറി നേടി. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെയുടെ പോരാട്ടം 147 റൺസിൽ ഒതുങ്ങി. സ്കോർ: വിൻഡീസ് 20 ഓവറിൽ 6ന് 254. സിംബാബ്‌വെ 17.4 ഓവറിൽ 147ന് ഓൾഔട്ട്. ഹെറ്റ്മെയറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

255 റൺസ് പിന്തുടർന്ന സിംബാബ്‌വെയെ വിൻഡീസ് സ്പിന്നർമാർ വരിഞ്ഞുമുറുക്കി. 4 വിക്കറ്റ് വീഴ്ത്തിയ ഗുഡകേഷ് മോട്ടിയും 3 വിക്കറ്റ് നേടിയ അകീൽ ഹുസൈനും ചേർന്നാണ് സിംബാബ്‌വെയെ ചുരുട്ടിക്കെട്ടിയത്. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ബ്രണ്ടൻ കിങ്ങിനെയും (9) ഷായ് ഹോപ്പിനെയും (14) നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹെറ്റ്മെയർ– പവൽ സഖ്യമാണ് വിൻഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടക്കത്തിൽ ഹെറ്റ്മെയറിന് സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച പവൽ പിന്നാലെ അടിച്ചുകളിക്കാൻ തുടങ്ങിയതോടെ വിൻഡീസ് സ്കോർ ബോർഡ് കുതിച്ചു.

52 പന്തിൽ 122 റൺസ് ചേർത്ത സഖ്യം വിൻഡീസ് സ്കോർ 200 കടക്കുമെന്ന് ഉറപ്പാക്കി. സെ‍ഞ്ചറിക്ക് 15 റൺസ് അകലെ ഹെറ്റ്മെയർ വീണെങ്കിലും, ഷെർഫെയ്ൻ റുഥർഫോഡ് (13 പന്തിൽ 31 നോട്ടൗട്ട്), റൊമാരിയോ ഷെപ്പേഡ് (10 പന്തിൽ 21) എന്നിവരുടെ ബലത്തിൽ സ്കോർ 250 കടന്നു.

English Summary:

Twenty 20 World Cup, West Indies vs Zimbabwe Match Updates

Read Entire Article