Published: November 15, 2026 12:48 PM IST
1 minute Read
ക്വാലലംപുർ ∙ എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 12–0നു അമേരിക്കൻ അധീനതയിലുള്ള ദ്വീപുമേഖലയായ ഗുവാമിനെ കീഴടക്കി. 4 ഗോളുകൾ നേടിയ രാജ് സിങ് വാഹങ്ബാം (55, 73, 83, 84 മിനിറ്റുകൾ), ഹാട്രിക് നേടിയ ക്യാപ്റ്റൻ ദല്ലാൽമുവോൻ ഗാങ്ടെ (13, 27, 32) എന്നിവരുടെ മികവിലാണ് ഇന്ത്യ വൻവിജയം കുറിച്ചത്.
പസിഫിക് സമുദ്രത്തിലെ മൈക്രോനേഷ്യയിൽ മരിയാന ദ്വീപുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഗുവാം. ഇതോടെ, 2 മത്സരങ്ങളിൽ 6 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ്. ഗ്രൂപ്പ് ചാംപ്യന്മാരായാൽ അടുത്തവർഷത്തെ അണ്ടർ 17 ഏഷ്യൻ കപ്പിനു യോഗ്യത നേടാം. അഞ്ചാം മിനിറ്റിൽ മുകന്ദോ സിങ് നൽകിയ ക്രോസ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച ലിയോ തോങ്ബാമാണ് (5-ാം മിനിറ്റ്) ഇന്ത്യൻ സ്കോറിങ് തുടങ്ങിയത്. ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികച്ച ഗാങ്ടെ, ഋഷികേശ് മനാവതി (20) എന്നിവരിലൂടെ ഇന്ത്യ ലീഡുയർത്തി (5–0).
ഇതോടെ രണ്ടാം പകുതിയിൽ ഇന്ത്യ പ്രതിരോധത്തിലേക്കു മാറുമെന്നു കരുതിയെങ്കിലും പരിശീലകനും മുൻ ഇന്ത്യൻ താരവുമായ മെഹ്റാജുദ്ദീൻ വദൂവിന്റെ പ്ലാൻ മറ്റൊന്നായിരുന്നു. രണ്ടാം പകുതിയിൽ കുതിപ്പ് ടോപ് ഗീയറിലേക്കു മാറ്റിയ ഇന്ത്യ 7 തവണകൂടി നിറയൊഴിച്ചു. വാഹങ്ബാം നാലു തവണ ലക്ഷ്യം കണ്ടപ്പോൾ, ഡേവിഡ് ഇറോം (53), ഫെലിക്സ് സായ്കോം (56), റിസ്തിക് മെയ്തി (87) എന്നിവരും ഇന്ത്യയ്ക്കായി ഗോളടിച്ചു.
English Summary:





English (US) ·