ഏഷ്യൻ കപ്പ് മത്സരം നടക്കുമോയെന്ന് ആശങ്ക,കലൂർ സ്റ്റേഡിയം ചോരുന്നു,നവീകരണം വൈകുന്നു

3 weeks ago 4

കൊച്ചി ∙ നീണ്ട ഇടവേളയ്ക്കു ശേഷം കലൂർ നെഹ്റു സ്റ്റേഡിയത്തിൽ രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു സാധ്യത തെളിയുമ്പോഴും നവീകരണ പ്രവൃത്തികൾ വൈകുന്നതിൽ ആശങ്ക. ഇന്ത്യ – ഹോങ്കോങ് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം മാർച്ച് 31നു കലൂർ സ്റ്റേഡിയത്തിൽ നടത്താനാണു ധാരണ. മാർച്ച് 5ന് അകം സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന ഉപാധിയോടെയാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) മത്സരത്തിന് അനുമതി നൽകിയത്. സ്റ്റേഡിയത്തിലെ വാണിജ്യ സ്ഥാപനങ്ങൾ മത്സരത്തിന് ഒരു ദിവസം മുൻപേ അടച്ചിടുക, അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ.

എന്നാൽ, സ്റ്റേഡിയം നവീകരണം പൂർത്തിയാകാത്തതാണ് ആശങ്ക. അർജന്റീന സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന പ്രതീക്ഷയിൽ നവീകരണം സ്വകാര്യ സ്പോൺസറെ ഏൽപിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. ഫലത്തിൽ, നവീകരണം ജിസിഡിഎയുടെ ചുമലിലായി. സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ ‘നവീകരിച്ചെന്നാണ്’ ജിസിഡിഎ അവകാശപ്പെട്ടത്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടന്ന 22നു തലേ രാത്രിയിലുണ്ടായ കനത്ത മഴയിൽ സ്റ്റേഡിയത്തിന്റെ മേൽക്കൂര അണ പൊട്ടിയതു പോലെ ചോർന്നിരുന്നു. സ്റ്റേഡിയത്തിനുള്ളിൽ പാനലുകൾ ഉപയോഗിച്ചു നിർമിച്ചിരുന്ന മുറികളിൽ പലതും പൊളിച്ചിട്ട നിലയിലാണ്. ശുചിമുറികളിൽ പലതിലും വൈദ്യുതിയില്ല. 

ഐഎസ്എൽ ദിവസം വെളിച്ചമില്ലാത്ത ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു പലരും. പല മുറികളിലും ഫോൾസ് സീലിങ് പൊളിഞ്ഞു കിടക്കുകയാണ്. അതേസമയം, പുറത്തെ പ്രധാന കവാടവും ചുറ്റുമതിലുമെല്ലാം നിർമിക്കുകയും പെയിന്റ് പൂശുകയും ചെയ്തതിനാൽ ഒറ്റക്കാഴ്ചയിൽ സ്റ്റേഡിയം അടിമുടി നവീകരിച്ചതായി തോന്നുകയും ചെയ്യും. 

സ്റ്റേഡിയം വാടകയെച്ചൊല്ലി ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലാക്കിയതും സ്റ്റേഡിയം മേൽക്കൂര ചോർന്നതും ഉൾപ്പെടെയുള്ള വിവാദങ്ങളും ആരാധകർക്ക് ആശങ്ക പകരുന്നു. 2017 അണ്ടർ 17 ലോകകപ്പിനു ശേഷം കലൂർ സ്റ്റേഡിയത്തിലേക്കു രാജ്യാന്തര മത്സരം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യ – ഹോങ്കോങ് ഫുട്ബോൾ മത്സരം മാർച്ച് 31ന് കൊച്ചിയിൽ

ഇന്ത്യ–ഹോങ്കോങ് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ ഫുട്ബോൾ മത്സരം കൊച്ചിയിൽ നടത്താൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അനുമതി ലഭിച്ചു. മാർച്ച് 31നാണ് മത്സരം.രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ നടത്താൻ ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും നിർദേശിച്ച വ്യവസ്ഥകൾ എല്ലാം കലൂർ സ്റ്റേഡിയത്തിൽ പാലിക്കുമെന്നും സൗകര്യങ്ങളൊരുക്കാനും മറ്റു പ്രവർത്തനങ്ങൾക്കുമായി മാർച്ച് 5 വരെ സമയപരിധി നൽകിയിട്ടുണ്ടെന്നും കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിനു സമീപമുള്ള കടകൾ മത്സരത്തിന് രണ്ട് ദിവസം മുൻപ് അടച്ചിടാൻ ഉടമകൾ സമ്മതിച്ചതായും ഗ്യാസ് സിലിണ്ടറുകൾ മാറ്റി പൈപ്പ് ഗ്യാസ് സ്ഥാപിച്ചതായും സ്റ്റേഡിയം അധികൃതർ അറിയിച്ചു.റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയവും മത്സരത്തിനായി പരിഗണിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ എഎഫ്സി അനുമതി നിഷേധിക്കുകയായിരുന്നു.

English Summary:

Kochi stadium faces uncertainty regarding renovation for an upcoming planetary shot match, contempt the AFC Asian Cup Qualifiers betwixt India and Hong Kong being scheduled for March 31st

Read Entire Article