Published: August 22, 2026 02:46 PM IST
1 minute Read
‘ലീഗ് ഓഫ് ലെജൻഡ്സ്’ ഓൺലൈൻ യുദ്ധ ഭൂമിയിൽ എതിരാളികളുടെ കോട്ട തകർക്കാനുള്ള ആവേശക്കുതിപ്പ്. ബുദ്ധിയും വേഗവും തന്ത്രവും ആവോളം വേണ്ട ഓൺലൈൻ ഗെയിം; അവിടെ ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായി ഒരു മലയാളി– ഗെയിമിങ് വേദികളിൽ ‘കാറ്റ് ബോട്ട്’ എന്നറിയപ്പെടുന്ന കൊച്ചിക്കാരൻ അക്ഷജ് ഷേണായി.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ആദ്യമായി അരങ്ങേറിയ ഇ– സ്‌പോർട്സിൽ ‘ലീഗ് ഓഫ് ലെജൻഡ്സ്’ ഗെയിമിൽ അക്ഷജിന്റെ നേതൃത്വത്തിലുള്ള ടീമാണു കളത്തിലിറങ്ങിയത്. ഇത്തവണയും അക്ഷജിന്റെ ടീം ഗെയിംസിന് യോഗ്യത നേടിയിട്ടുണ്ട്. കായിക മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചാൽ നഗോയയിലെ ഐച്ചി സ്കൈ എക്സ്പോ വേദിയിൽ ഇ– സ്പോർട്സ് മത്സരത്തിനു ടീം ഇറങ്ങും.
എറണാകുളം ടിഡി റോഡ് രാധേശ്യാമിൽ ബിസിനസുകാരനായ രാജാറാം ഷേണോയിയുടെയും പ്രീതിയുടെയും മകനാണ് ഇരുപത്തിനാലുകാരൻ അക്ഷജ് . വടുതല ചിന്മയ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ‘ലീഗ് ഓഫ് ലെജൻഡ്സ്’ ഗെയിം കളിക്കാൻ തുടങ്ങി. ബെംഗളൂരുവിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെ ഗെയിമിങ്ങിൽ സീരിയസായി; സ്വന്തമായി ടീമുണ്ടാക്കി. ഇപ്പോൾ ഇന്ത്യൻ ഇ– സ്പോർട്സ് സ്ഥാപനമായ എസ്8യുഎലിന്റെ താരം.
ലീഗ് ഓഫ് ലെജൻഡ്സിനു പുറമേ, പബ്ജി, ഓണർ ഓഫ് കിങ്സ്, പോക്കിമോൻ യുണൈറ്റ്, ഇ ഫുട്ബോൾ ഉൾപ്പെടെയുള്ള 11 ഗെയിമുകൾ ഏഷ്യൻ ഗെയിംസിലുണ്ട്.
ദിവസവും 3 മണിക്കൂറോളം ഓൺലൈനായാണ് അക്ഷജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശീലനം. ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള ദക്ഷിണ, കിഴക്കനേഷ്യൻ രാജ്യങ്ങളാണ് ഇ– സ്പോർട്സിലെ പുലികൾ.
കുട്ടികളൊക്കെ കംപ്യൂട്ടർ ഗെയിമിന് അഡിക്റ്റാവുന്നതു നല്ലതാണോ?
അക്ഷജിന്റെ ഉത്തരം: ‘ഒരിക്കലുമല്ല. അങ്ങനെയാവാനും പാടില്ല. പ്രധാന വരുമാന മാർഗമായി ഗെയിമിങ്ങനെ കാണരുത്. ബുദ്ധിശക്തിയും ചിന്താശേഷിയും കൃത്യമായി വിനിയോഗിക്കണം. കരുതലോടെ വേണം ഗെയിം കളിക്കാൻ’.
English Summary:






English (US) ·