കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയം വിട്ടു നൽകുന്നതിനുള്ള വാടക നാലിലൊന്നായി വെട്ടിക്കുറച്ചു. നേരത്തെ എട്ടു കോടി രൂപയായിരുന്നു ഓരോ മത്സരങ്ങൾക്കുമെങ്കിൽ ഇത് 2 കോടി രൂപയായാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) വെട്ടിക്കുറച്ചിരിക്കുന്നത്. ഇതനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നടക്കുന്ന 9 മത്സരങ്ങൾക്കായി 18 കോടി രൂപ നൽകിയാൽ മതി. മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം സജ്ജമായെന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു.
ഇത്തവണ വെട്ടിക്കുറച്ച വാടക എന്നത്തേക്കുമുള്ളതല്ലെന്നും ഈ സീസണിലെ മത്സരങ്ങൾക്കു മാത്രമാണെന്നും ചന്ദ്രൻ പിള്ള പറഞ്ഞു. നേരത്തെ വാടക താങ്ങാൻ കഴിയാതെ കൊച്ചി ഉപേക്ഷിച്ച് കുറഞ്ഞ വാടകയുള്ള കോഴിക്കോട്ടേക്ക് പോകാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഇവിടെ പിടിച്ചു നിർത്താൻ കൂടിയാണ് വാടക കുറച്ചിരിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ മേയ് മാസം വരെയുള്ള സമയങ്ങളിലാണ് 9 മത്സരങ്ങൾ നടക്കുക.
ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നേരിട്ടാണ് ഇത്തവണ ഐഎസ്എൽ സംഘടിപ്പിക്കുന്നത്. മെസിയും അർജന്റീനയും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയം നവീകരിച്ചതിനു ശേഷമുള്ള ആദ്യമത്സരങ്ങളാണ് നടക്കുന്നതെന്ന് ചന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടി. സ്റ്റേഡിയം നവീകരണത്തെ കുറിച്ച് ജിസിഡിഎ ചെയർമാൻ പറഞ്ഞ കാര്യങ്ങൾ–
∙ സ്റ്റേഡിയത്തിലെ ടർഫ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു.
∙ സ്റ്റേഡിയത്തിന്റെ ലോവർ ടിയറിലെ എല്ലാ കസേരകളും മാറ്റി പുതിയവ സ്ഥാപിച്ചു. വിഐപി മേഖലയിൽ പ്രത്യേക കസേരകൾ.
∙ സ്റ്റേഡിയത്തിലെ ടോയ്‍ലെറ്റ് ബ്ലോക്കുകൾ നവീകരിച്ചു.
∙ 770 മീറ്റർ നീളത്തിൽ പുറംമതിലും 510 മീറ്റർ നീളത്തിൽ ഉൾമതിലുകളും സ്ഥാപിച്ചു.
∙ സ്റ്റേഡിയത്തിലെ ഡ്രൈനേജ് ലൈനുകൾ പൂർണമായി ശുചീകരിച്ചു.
∙ പ്രവേശനപാതയിൽ മരങ്ങളുടെ സംരക്ഷണത്തിനും ജനങ്ങൾക്കു വിശ്രമിക്കാനുമായി 35 ട്രീ ഗാർഡുകൾ സ്ഥാപിച്ചു.
∙ മെട്രോ സ്റ്റേഷനു സമീപമുള്ള പ്രധാന പ്രവേശന കവാടത്തിന്റെ നിർമാണം പൂർത്തിയാക്കി.
∙ സ്റ്റേഡിയത്തിന്റെ എൻട്രൻസ് ലോബിയുടെ നവീകരണം പൂർത്തിയാക്കി.
∙ സ്റ്റേഡിയത്തിന്റെ ഉൾവശം കൂടുതല ആകർഷകമാക്കാൻ പുതുതായി പെയിന്റ് ചെയ്തു
∙ ഫ്ലഡ്‍ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ ഫെയ്മുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി
English Summary:







English (US) ·