Published: March 14, 2026 06:26 PM IST Updated: March 14, 2026 09:07 PM IST
1 minute Read
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഉപേക്ഷിച്ച് ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കരാറിലെത്തിയ സിംബാബ്‌വെ പേസർ ബ്ലസിങ് മുസറബനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). പിഎസ്എൽ ലേലത്തിൽ അൺസോൾഡായിരുന്ന മുസറബനി പിന്നീടു വെസ്റ്റിൻഡീസ് താരം ഷമാർ ജോസഫിനു പകരമായി ഇസ്‌ലാമാബാദ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ഐപിഎലിൽനിന്നുള്ള ഓഫർ വന്നതോടെ പിഎസ്എൽ ഉപേക്ഷിക്കാൻ മുസറബനി തീരുമാനിക്കുകയായിരുന്നു. ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനായാണ് മുസറബനി എത്തുന്നത്.
ഫ്രാഞ്ചൈസിയുമായി കരാർ ഒപ്പിട്ട ശേഷം അവസാനനിമിഷം പിന്മാറുന്നത് ചൂണ്ടിക്കാട്ടിയാണ് മുസറബനിക്കെതിരെ പിസിബി നിയമനടപടിക്ക് ഒരുങ്ങന്നത്. നഷ്ടപരിഹാരമടക്കം ആവശ്യപ്പെടും. എന്നാൽ നഷ്ടപരിഹാരം നൽകേണ്ടി വന്നാലും ഇതിനെ മറികടക്കാനുള്ള പ്രതിഫലം താരത്തിന് ഐപിഎലില്‍നിന്നു ലഭിക്കും. ഐപിഎലിലേക്ക് എത്തിയതോടെ 100 ശതമാനത്തിലധികമാണ് താരത്തിന്റെ പ്രതിഫലം വർധിച്ചത്. 1.1 കോടി പാക്ക് രൂപയ്ക്കാണ് മുസറബനിയെ ഇസ്‌ലാമാബാദ് യുണൈറ്റഡ് ടീമിലെത്തിച്ചത്. ഇത് ഏകദേശം 36.44 ലക്ഷം ഇന്ത്യന്‍ രൂപ വരും. 75 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുസറബനിയെ ടീമിലെടുത്തത്. അതായത്, 106 ശതമാനം വര്‍ധന.
ഇതാദ്യമായല്ല പിഎസ്‍എലിന് ഈ ഗതി വരുന്നത്. കഴിഞ്ഞ വര്‍ഷം പിഎസ്‍എലില്‍ പെഷവാര്‍ സാല്‍മിയുടെ താരമായിരുന്ന ദക്ഷിണാഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് പകരക്കാരനായി മുംബൈ ഇന്ത്യന്‍സിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ബോഷിനെ ഒരു വര്‍ഷം പിഎസ്‍എലില്‍നിന്നു വിലക്കി.
ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ 13 വിക്കറ്റ് നേടി മികച്ച പ്രകടനമാണ് ഈ ആറടി എട്ടിഞ്ചു പൊക്കക്കാരൻ വലംകൈ പേസർ നടത്തിയത്. 29 വയസ്സുകാരന്റെ പ്രകടനം സിംബാബ്‍വെയെ സൂപ്പര്‍ എട്ടിലെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മൂന്നാമനാണ് മുസറബനി. 80 ട്വന്‍റി20 മത്സരങ്ങളില്‍ നിന്നായി 90 വിക്കറ്റാണ് മുസറബനി നേടിയത്. ഇത് രണ്ടാം തവണയാണ് മുസറബനി ഐപിഎലിലെത്തുന്നത്. നേരത്തെ ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും മുസറബനി കളിച്ചിരുന്നില്ല.
English Summary:







English (US) ·