Published: March 31, 2026 05:57 PM IST
1 minute Read
മുംബൈ∙ ഐപിഎലിനായി മുംബൈയിലെത്തിയ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റ് എൻജിനീയറെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലെ ട്രൈഡന്റ് ഹോട്ടലിൽ താമസിച്ചിരുന്ന ജാൻ വില്യം ലാംഗ്ഫോർഡ് (76) എന്നയാളാണ് മരിച്ചത്. ഐപിഎൽ സംപ്രേക്ഷണ ജോലികളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഇദ്ദേഹം, മാർച്ച് 24 മുതൽ ഈ ഹോട്ടലിൽ താമസിച്ചു വരുകയായിരുന്നു.
ഞായറാഴ്ച മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് അദ്ദേഹം മുറിയിലേക്ക് മടങ്ങിയത്. എന്നാൽ തൊട്ടടുത്ത ദിവസം റിസപ്ഷനിൽ നിന്ന് വിളിച്ചിട്ട് പ്രതികരണമൊന്നും ഉണ്ടായില്ല. ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി വാതിലിൽ മുട്ടിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഒടുവിൽ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോൾ ലാംഗ്ഫോർഡ് തറയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു.
ഉടൻ മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയപ്പോൾ 19.1 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു. 38 പന്തിൽ 6 വീതം സിക്സും ഫോറുമടക്കം 78 റൺസ് നേടിയ രോഹിത്തും 43 പന്തിൽ 81 റൺസ് നേടിയ റയാൻ റിക്കൽറ്റനും നിറഞ്ഞാടിയതാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@mipaltanൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·