ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയതിനു പിന്നാലെ കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട ഏകദിന ലോകകപ്പ് നേടാൻ തയാറെടുപ്പ് തുടങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമും ബിസിസിഐയും. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യത ടീം ബിസിസിഐ തയാറാക്കിയതായാണ് റിപ്പോര്‍ട്ട്. ടീമിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുള്ള 20 താരങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. ഇവരുടെ പ്രകടനം സെലക്ടര്‍മാര്‍ ഐപിഎലിലുടനീളം പരിശോധിക്കും.
2027 ഒക്ടോബര്‍– നവംബര്‍ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പട്ടിക തയാറാക്കിയത്. എസ്.എസ്. ദാസ്, ആർ.പി.സിങ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. സെലക്ഷൻ പാനൽ അംഗങ്ങൾ അവരുടെ അതത് കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കുമെന്നും മറ്റു മത്സരങ്ങൾ ടിവിയിലൂടെയും നിരീക്ഷിക്കുമെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോടു പറഞ്ഞു. ഈ മാസം 28നാണ് ഐപിഎൽ ആരംഭിക്കുന്നത്.
അഗാർക്കർ മുംബൈയിലും എസ്.എസ്. ദാസ് ദാസ് കൊൽക്കത്തയിലും ഐപിഎൽ മത്സരങ്ങൾ നിരീക്ഷിക്കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ആർ.പി. സിങ്ങും രത്രയും ഡൽഹിയിലും ഓജ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലുമായി ഐപിഎൽ മത്സരങ്ങൾ നിരീക്ഷിക്കും. ‘‘ഓരോ സെലക്ടറും ആഴ്ചയിൽ ഒരു മത്സരമെങ്കിലും നേരിട്ട് കാണണമെന്നാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ആഴ്ചയിൽ അഞ്ച് മത്സരങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കും. അല്ലാത്തവ ടിവിയിലൂടെ നിരീക്ഷിക്കാം.’’– ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2028 ട്വന്റി20 ലോകകപ്പും അതിനുമുൻപ് ഒളിംപിക്സും മുന്നിലുള്ളതിനാൽ, ഈ ഐപിഎലിൽ പ്രധാനമായും ഏകദിന ലോകകപ്പിനായി പരിഗണിക്കപ്പെടുന്ന 20 കളിക്കാരുടെ പ്രകടനവും കായികക്ഷമതയുമാകും വിലയിരുത്തുക. ഐപിഎലിൽ പെട്ടെന്ന് തിളങ്ങുന്ന പുതിയ താരങ്ങളെ ടീമിലേക്ക് ഉടൻ പരിഗണിക്കാൻ സാധ്യതയില്ല. ഏകദിന സ്പെഷലിസ്റ്റുകളായ താരങ്ങളുടെ പ്രകടനവും ശാരീരികക്ഷമതയുമാണ് ട്രാക്ക് ചെയ്യുക.
അതേസമയം, ഏകദിന ലോകകപ്പ് വരെ കാലാവധി നീട്ടി നൽകണമെന്ന് അജിത് അഗാർക്കർ ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ബിസിസിഐ ഉദ്യോഗസ്ഥൻ തള്ളി. ‘‘സെലക്ഷൻ പാനൽ ബിസിസിഐയുടെ ഒരു ഉപസമിതിയാണ്, സെലക്ടർമാരുടെ കരാർ ഈ വർഷം സെപ്റ്റംബർ വരെയാണ്. അഗാർക്കറുടെ കരാർ സെപ്റ്റംബറിൽ അവസാനിക്കും. അതിനുശേഷം അദ്ദേഹം അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരെ തുടരണോ എന്ന് ബിസിസിഐയും അഗാർക്കറും തീരുമാനിക്കും. ഭരണഘടനയനുസരിച്ച് ഒരു മുതിർന്ന സെലക്ടർക്ക് നാല് വർഷം വരെ തുടരാം, അതിനാൽ കാലാവധി നീട്ടാൻ അദ്ദേഹം പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 2023 ജൂലൈയിൽ ചീഫ് സെലക്ടറായി ചുമതലയേറ്റ അഗാർക്കർ, വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ഇന്ത്യൻ ടീമിലുണ്ടായ നിർണയക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്.
∙ പട്ടികയിൽ ആരൊക്കെ?അജിത് അഗാർക്കറും സംഘവും തിരഞ്ഞെടുത്ത ചുരുക്ക പട്ടികയിൽ ആരൊക്കെയുണ്ടെന്നതിലാണ് ആകാംക്ഷ. നിലവിൽ ഏകദിന ടീമിന്റെ ഭാഗമായ എല്ലാ താരങ്ങളും പട്ടികയിലുണ്ട്. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ്. സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. 2027ലെ ലോകകപ്പ് വരെ ഇവർ ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കെ.എൽ.രാഹുൽ പ്രധാന വിക്കറ്റ് കീപ്പറായും ഋഷഭ് പന്ത് ബാക്അപ് വിക്കറ്റ് കീപ്പറായും ടീമിലുണ്ട്.
ഇവർക്കൊപ്പം ട്വന്റി20 ലോകകപ്പിൽ തിളങ്ങിയ സഞ്ജു സാംസണും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച റെക്കോർഡുള്ള താരമാണ് സഞ്ജു. ഏകദിനത്തിലും ട്വന്റി20യിലും താരം അവിടെ സെഞ്ചറി നേടിയിട്ടുണ്ട്. ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി മത്സരംഗത്തുള്ള മറ്റൊരു താരം.
പേസർ ഹർഷിത് റാണ പരുക്ക് മാറി വരാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവരാണ് ഏകദിനത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റു പേസർമാർ. കൂടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഉണ്ടാകും. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്കൊപ്പം ട്വന്റി20 വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേലിനെയും ഏകദിനത്തിലേക്ക് പരിഗണിക്കുന്നുണ്ട്.
English Summary:







English (US) ·