Published: March 14, 2026 09:03 AM IST
1 minute Read
കൊൽക്കത്ത ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ക്രിക്കറ്റ് ഉപേക്ഷിച്ച് സിംബാബ്‌വെ പേസ്‍ ബോളർ ബ്ലസിങ് മുസറബനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ 13 വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയ ആറടി എട്ടിഞ്ചു പൊക്കക്കാരൻ വലംകൈ പേസറെ ടീമിലെടുത്തതായി കൊൽക്കത്ത സ്ഥിരീകരിച്ചു. പിഎസ്എൽ ലേലത്തിൽ അൺസോൾഡായിരുന്ന മുസറബനി പിന്നീടു വെസ്റ്റിൻഡീസ് താരം ഷമാർ ജോസഫിനു പകരമായി ഇസ്‌ലാമാബാദ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ഐപിഎലിൽനിന്നുള്ള ഓഫർ വന്നതോടെ പിഎസ്എൽ ഉപേക്ഷിക്കാൻ മുസറബനി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ സിംബാബ്‍വെയെ സൂപ്പർ എട്ടിൽ എത്തിക്കുന്നതിൽ മുസറബനിയുടെ പ്രകടനം നിർണായകമായിരുന്നു. 2017ലാണു താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മുസറബനി 106 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ഐപിഎലിൽ സിംബാബ്‍വെ താരം മുൻപ് ഒരു തവണ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ലീഗിൽ ആർസിബിയിൽ പകരക്കാരന്റെ റോളിലായിരുന്നു മുസറബനി എത്തിയത്.
മാർച്ച് 17ന് കൊൽക്കത്തയിലെത്തുന്ന താരം ടീം ക്യാംപിൽ ചേരും. 9.20 കോടി രൂപ നൽകി വാങ്ങിയ ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ പ്രതിഷേധങ്ങളെ തുടർന്ന് കൊല്‍ക്കത്ത പുറത്താക്കിയിരുന്നു. കൊല്‍ക്കത്തയുടെ ശ്രീലങ്കൻ പേസർ മതീഷ പതിരാന ട്വന്റി20 ലോകകപ്പിനിടെ സംഭവിച്ച പരുക്കിനെ തുടർന്ന് ചികിത്സയിലാണ്. അതുകൊണ്ടു തന്നെ മുസറബനിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. മാർച്ച് 29ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഐപിഎലിൽ കൊൽക്കത്തയുടെ ആദ്യ പോരാട്ടം.
English Summary:







English (US) ·