ഐപിഎലിൽ ബോളേഴ്സ് ഡേ! ഋഷഭ് പന്തടക്കം ലക്നൗവിന്റെ നാലു ബാറ്റർമാർ ‘ഡക്ക്’, കളംനിറഞ്ഞ് ജഡേജ; രാജസ്ഥാൻ രണ്ടാമത്

1 month ago 6

മനോരമ ലേഖകൻ

Published: April 23, 2026 09:38 AM IST

2 minute Read

ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ താരം ജോഫ്ര ആർച്ചറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. X/@IPL
ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ താരം ജോഫ്ര ആർച്ചറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. X/@IPL

ലക്നൗ ∙ ബാറ്റർമാർക്ക് ‘വിശ്രമം’ നൽകി ബോളർമാർ നിറഞ്ഞാടിയ ഐപിഎൽ മത്സരത്തിൽ, ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ അവസാന ഓവർ വരെ പൊരുതിയ രവീന്ദ്ര ജഡേജയാണ് (29 പന്തിൽ 43 നോട്ടൗട്ട്) രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലക്നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ലക്നൗ 18 ഓവറിൽ 119ന് ഓൾഔട്ടായി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6ന് 159. ലക്നൗ 18 ഓവറിൽ 119ന് പുറത്ത്. രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. പോയിന്റു പട്ടികയിൽ രാജസ്ഥാൻ രണ്ടാമതായി; ലക്നൗ ഒൻപതാം സ്ഥാനത്താണ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ ആയുഷ് ബദോനിയെയും (0) ക്യാപ്റ്റൻ ഋഷഭ് പന്തിനെയും (0) നഷ്ടമായി. വൈകാതെ എയ്ഡൻ മാർക്രവും (0) വീണതോടെ ലക്നൗ പതറി. നാലാം വിക്കറ്റിൽ 43 റൺസ് ചേർത്ത മിച്ചൽ മാർഷ് (41 പന്തിൽ 55)– നിക്കൊളാസ് പുരാൻ (25 പന്തിൽ 22) സഖ്യം ലക്നൗവിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും പുരാനെ ജഡേജയും മാർഷിനെ നാന്ദ്രെ ബർഗറും വീഴ്ത്തിയതോടെ ലക്നൗ തോൽവി സമ്മതിച്ചു. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 12 പന്തിൽ 22 റൺസുമായി ആഞ്ഞടിച്ച യശസ്വി ജയ്സ്വാൾ മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ, ജയ്സ്വാളിനെയും ധ്രുവ് ജുറേലിനെയും (0) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ മുഹമ്മദ് ഷമി രാജസ്ഥാനെ ഞെട്ടിച്ചു. അടുത്ത ഓവറിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ (11 പന്തിൽ 8) മൊഹ്സിൻ ഖാനും പുറത്താക്കിയതോടെ രാജസ്ഥാൻ വിറച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 44 എന്ന നിലയിലായിരുന്നു സന്ദർശകർ. അധികം വൈകാതെ ക്യാപ്റ്റൻ റിയാൻ പരാഗും (19 പന്തിൽ 20) ഷിമ്രോൺ ഹെറ്റ്മെയറും (18 പന്തിൽ 22) കൂടി മടങ്ങിയതോടെ രാജസ്ഥാൻ പൂർണമായും പ്രതിരോധത്തിലായി. 5ന് 77 സ്കോറിൽ പതറിയ അവരെ ആറാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്ത രവീന്ദ്ര ജഡേജ– ഡോണവൻ ഫെരൈര ( 19 പന്തി‍ൽ 20) സഖ്യമാണ് 100 കടത്തിയത്.

എന്നാൽ ഡോണവനെ പുറത്താക്കിയ ലക്നൗ തിരിച്ചടിച്ചു. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന ജഡേജയിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ. സിംഗിളും ഡബിളുമായി പതിയെ കളംപിടിച്ച ജ‍ഡേജ രാജസ്ഥാൻ സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. ഇംപാക്ട് പ്ലെയറായി എത്തിയ ശുഭം ദുബെയെ (11 പന്തിൽ 19 നോട്ടൗട്ട്) കൂട്ടുപിടിച്ച ജഡേജ രാജസ്ഥാൻ ടോട്ടൽ 150 കടക്കുമെന്ന് ഉറപ്പാക്കി. 25 പന്തിൽ 49 റൺസാണ് ഇരുവരും ചേർന്നു നേടിയത്. രാജസ്ഥാൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതുതന്നെ. മയാങ്ക് യാദവ് എറിഞ്ഞ അവസാന ഓവറിൽ 2 ഫോറും ഒരു സിക്സുമടക്കം 20 റൺസ് നേടിയ ജഡേജയാണ് സ്കോർ 159ൽ എത്തിച്ചത്. നേരിട്ട ആദ്യ 24 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാതിരുന്ന ജഡേജ, അവസാന ഓവറിലാണ് ആദ്യമായി പന്ത് ബൗണ്ടറി കടത്തിയത്.

English Summary:

Rajasthan Royals secured a commanding 40-run triumph implicit Lucknow Super Giants successful an IPL lucifer wherever bowlers shone. Ravindra Jadeja's unbeaten 43 disconnected 29 balls anchored Rajasthan to a respectable 159/6, with bowlers past restricting Lucknow to 119 each out.

Read Entire Article