Published: August 17, 2026 09:43 PM IST Updated: August 17, 2026 10:58 PM IST
1 minute Read
തിരുവനന്തപുരം∙ മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ മൂന്നാം സീസണ് മുന്നോടിയായി ഗംഭീര ടീം ലോഞ്ച് ചടങ്ങ്. കോവളം ലീല റാവിസിൽ ആവേശം അലയടിച്ച വർണാഭമായ ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു. സ്പോർട്സും എന്റർടൈൻമെന്റും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്, കെസിഎൽ ടൂർണമെന്റിന്റെ ഐക്കണായ രാജ്യാന്തര താരം സഞ്ജു സാംസൺ എന്നിവർ പ്രത്യേക അതിഥികളായിരുന്നു.
What you should work next
കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ‘‘ഐപിഎൽ ടൂർണമെന്റിന്റെ പരിശീലന ക്യാംപുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റു താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ട്.’’ - സഞ്ജു പറഞ്ഞു.
ദൃശ്യ- ശ്രവ്യ വിസ്മയങ്ങളോടെ നടന്ന ലോഞ്ചിങ് കാണികൾക്ക് നവ്യാനുഭവമായി. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറു ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഓരോ ജില്ലയുടെയും തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടീമുകളുടെ വേദിയിലേക്കുള്ള രാജകീയ എൻട്രി. ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിന്റെ 75 വർഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക വിഡിയോയും പ്രദർശിപ്പിച്ചു.
ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക്, ഹോസ്പിറ്റാലിറ്റി പാർട്ണർ ദ് ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക്, കൊല്ലം റമീസ് റസ്റ്ററന്റ് ആൻഡ് കേറ്ററേഴ്സ് എന്നീ സ്പോൺസർമാരെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിനെത്തിയവർക്കായി പ്രത്യേക വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോൺ ഒരുക്കിയിരുന്നു. പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിച്ച പ്രത്യേക മെന്റലിസം ഷോ ചടങ്ങിനെ കൂടുതൽ വിസ്മയഭരിതമാക്കി. അതിഥികൾക്കായി ഒരുക്കിയ പ്രത്യേക ഫോട്ടോ ബൂത്ത്, ട്രോഫി സോൺ എന്നിവയും പരിപാടിയുടെ ആവേശം ഇരട്ടിയാക്കി. ഓഗസ്റ്റ് 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും.
English Summary:






English (US) ·