Published: February 25, 2026 10:37 AM IST
1 minute Read
ന്യൂഡൽഹി ∙ അതൊരു തെറ്റായ തീരുമാനമായിരുന്നു....22 വർഷം മുൻപ് സച്ചിൻ തെൻഡുക്കറിനെതിരെ എൽബിഡബ്ല്യു വിധിച്ച വിവാദ തീരുമാനത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് വിഖ്യാത അംപയർ സ്റ്റീവ് ബക്നർ. 2003ൽ ഗാബയിൽ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ സച്ചിനെ പുറത്താക്കിയ ബക്നറുടെ തീരുമാനം വലിയ വിവാദമായിരുന്നു. 2 പതിറ്റാണ്ടിനുശേഷമാണ് ആ തീരുമാനം തെറ്റായിരുന്നുവെന്ന് ബക്നർ തുറന്നു പറഞ്ഞത്.
സച്ചിൻ തെൻഡുൽക്കറുടെ പുറത്താകലിനു കാരണമായ വിവാദ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ‘വില്ലനായി’ മാറിയ അംപയറാണ് സ്റ്റീവ് ബക്നർ. മറ്റു ചില മത്സരങ്ങളിൽ സച്ചിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നെന്ന് ജമൈക്ക സ്വദേശിയായ ബക്നർ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
2003ൽ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു ബക്നറുടെ ആ പിഴവ്. ജയ്സൻ ഗില്ലസ്പിയുടെ ഓവറിൽ സച്ചിൻ ബാറ്റുയർത്തി ലീവ് ചെയ്യാൻ ശ്രമിച്ച പന്ത് പാഡിന്റെ മുകൾഭാഗത്ത് തട്ടി. ഓസ്ട്രേലിയൻ ടീമിന്റെ അപ്പീലിൽ ബക്‌നർ ഔട്ട് വിളിച്ചതോടെ സച്ചിൻ നിരാശനായി മടങ്ങി. ടെലിവിഷൻ റീപ്ലേകളിൽ പന്തിന്റെ സഞ്ചാരപാത സ്റ്റംപിനു മുകളിലൂടെയാണെന്നു വ്യക്തമായതോടെ കമന്റേറ്റർമാരും ആരാധകരും അംപയർക്കെതിരെ വിമർശനമുന്നയിച്ചു.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് അംപയേഴ്സ് അസോസിയേഷനു നൽകിയ അഭിമുഖത്തിൽ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ തീരുമാനം ഏതെന്ന ചോദ്യം വന്നപ്പോഴായിരുന്നു ബക്നറുടെ കുറ്റസമ്മതം. അന്നുമുതൽ ഇന്നുവരെ എല്ലാവരും ഇതിനേക്കുറിച്ച് സംസാരിക്കുന്നു. എന്തിനാണ് സച്ചിനെ പുറത്താക്കിയതെന്നു ചോദിക്കുന്നു. ജീവിതം അങ്ങനെയാണ്. ചിലപ്പോൾ തെറ്റുകൾ സംഭവിക്കാം. അന്നത്തെ തീരുമാനം തെറ്റാണെന്ന് ഞാൻ അംഗീകരിക്കുന്നു– ബക്നർ പറഞ്ഞു. 128 ടെസ്റ്റ് മത്സരങ്ങളിൽ അംപയറായിരുന്ന സ്റ്റീവ് ബക്നർ തുടർച്ചയായി 5 ലോകകപ്പ് ഫൈനൽ മത്സരങ്ങളും നിയന്ത്രിച്ചു. 2009ലാണ് വിരമിച്ചത്.
English Summary:







English (US) ·