ചെന്നൈ ∙ ചെപ്പോക്കിൽ സഞ്ജു കുറിച്ച റൺമലയ്ക്കു മുന്നിൽ ഡൽഹി കിതച്ചു വീണപ്പോൾ ചെന്നൈ സ്വന്തമാക്കിയത് ഈ ഐപിഎൽ സീസണിലെ ആദ്യ ജയം. സഞ്ജു സാംസന്റെ സെഞ്ചറിയുടെ മികവിൽ ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യ പിന്തുടർന്ന ഡൽഹി 20 ഓവറിൽ 189 റൺസിന് ഓൾഔട്ടായി. ചെന്നൈയ്ക്ക് 23 റൺസ് വിജയം. ജത്തോടെ രണ്ടു പോയിന്റു ലഭിച്ച ചെന്നൈ, ഒൻപതാം സ്ഥാനത്തേയ്ക്കു കയറി. ഒരു പോയിന്റുമായി കൊൽക്കത്തയാണ് അവസാനസ്ഥാനത്തത്.
മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് (38 പന്തിൽ 60), ഓപ്പണർ പാത്തും നിസ്സങ്ക (24 പന്തിൽ 41) എന്നിവരാണ് ഡൽഹിക്കു വേണ്ടി പൊരുതിയത്. ആദ്യ ഓവറുകളിൽ പതറിയെങ്കിലും പിന്നീട് കൃത്യമായ ലക്ഷ്യബോധത്തോടെ പന്തെറിഞ്ഞ ചെന്നൈ ബോളർമാർ ഡൽഹി ബാറ്റർമാരെ വരിഞ്ഞുമുറുക്കുകയായിരുന്നു. ജാമി ഓവർട്ടൺ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ അൻഷുൽ കാംബോജ് മൂന്നും ഖലീൽ അഹമ്മദ്, ഗുർജപ്നീത് സിങ്, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഐപിഎൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഗുർജപ്നീത് സിങ് വിക്കറ്റ് നേടുകയായിരുന്നു. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേലിനെയാണ് താരം സർഫറാസ് ഖാന്റെ കൈകളിൽ എത്തിച്ചത്.
ഓപ്പണിങ്ങിൽ നിസ്സങ്ക– രാഹുൽ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിൽ രാഹുലിനെ (10 പന്തിൽ 18) പുറത്താക്കി ഖലീൽ അഹമ്മദാണ് ചെന്നൈയ്ക്ക് ആദ്യ ബ്രേക്ത്രൂ നൽകിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. ഫോമിലുള്ള സമീർ റിസ്‌വി (9 പന്തിൽ 6), ഡേവിഡ് മില്ലർ (14 പന്തിസൽ 17) എന്നിവരെ പുറത്താക്കി ജാമി ഓവർട്ടൺ ചെന്നൈയ്ക്കു മേൽക്കൈ നൽകി. ഒരറ്റത്ത് ഉറച്ചുനിന്ന് ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിക്ക് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും 19–ാം ഓവറിൽ സ്റ്റബ്സിനെയും ഓവർട്ടൺ തന്നെ മടക്കി. അവസാന ഓവറിൽ കുൽദീപ് യാദവും (7 പന്തിൽ 4) ലുങ്കി എൻഗിഡിയും (5 പന്തിൽ 3) കൂടി വീണതോടെ ഡൽഹി ഓൾഔട്ട്.
∙ സഞ്ജു ‘തൂക്കി’!ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിച്ചപ്പോഴും ഒന്നു മാത്രമാണ് കയ്യകലെ സഞ്ജുവിനു നഷ്ടമായത്; സെഞ്ചറി. ആ നഷ്ടം ഐപിഎലിൽ സഞ്ജു തീർത്തു. മൂന്നു മത്സരങ്ങളിലെ ബാറ്റിങ് പരാജയത്തിനു മറുപടിയായി മൂന്നക്കമെന്ന മാന്ത്രികസഖ്യ സഞ്ജു കടന്നു. ഐപിഎലിൽ തന്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കന്നി സെഞ്ചറിയും. ഈ ഐപിഎൽ സീസണിലും ഒരു താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിന്റെ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി. ഇന്നിങ്സിലാകെ നാല് സിക്സും 15 ഫോറുമാണ് താരം അടിച്ചത്. 26 പന്തിൽനിന്നാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് താരം ഒറ്റയക്ക സ്കോർ പിന്നിട്ടത്. ആദ്യ മൂന്നു മത്സരങ്ങളിൽ 6, 7, 9 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ.
സഞ്ജുവിനെ (56 പന്തിൽ 115*) കൂടാതെ, അർധസെഞ്ചറി നേടിയ ആയുഷ് മാത്രെയുടെയും (36 പന്തിൽ 59) അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയുടെയും (10 പന്തിൽ 20*) മികവിൽ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് ചെന്നൈ കുറിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (18 പന്തിൽ 15) വിക്കറ്റാണ് ചെന്നൈയ്ക്കു നഷ്ടമായത്. 18–ാം ഓവറിനിടെ ആയുഷ് റിട്ടയർഡ് ഔട്ടാകുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കു സഞ്ജു മികച്ച തുടക്കമാണ് നൽകിയത്. നേരിട്ട ആദ്യ പന്തു മുതൽ ‘ടച്ചിൽ’ ആണെന്ന സൂചന നൽകിയ താരം, സിക്സറുകൾക്ക് പകരം ബൗണ്ടറികളിലൂടെയാണ് സ്കോർ കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്. പവർപ്ലേയിൽ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (18 പന്തിൽ 15) വിക്കറ്റ് ചെന്നൈയ്ക്കു നഷ്ടമായി. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഗെയ്‍ക്‌വാദിനെ പാത്തും നിസങ്കയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
പിന്നീടെത്തിയ ആയുഷ് മാത്രെ ഉറച്ച പിന്തുണ നൽകിയതോടെ സഞ്ജുവിന്റെ ‘ആവേശം’ കൂടി. 11–ാം ഓവറിൽ ചെന്നൈ സ്കോർ നൂറു കടന്നു. ഇതിനിടെ അക്ഷറിന്റെ പന്തിൽ സഞ്ജു നൽകിയ ക്യാച്ച് പാത്തും നിസ്സങ്ക ഡ്രോപ് ചെയ്യുകയും ചെയ്തു. 15–ാം ഓവറിൽ ആയുഷ് മാത്രെ അർധസെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎലിൽ താരത്തിന്റെ മൂന്നാം അർധസെഞ്ചറിയാണ് ഇത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും ആയുഷും ചേർന്ന് 113 റൺസാണ് കൂട്ടിചേർത്തത്. സഞ്ജുവിന്റെ സെഞ്ചറിക്ക് തൊട്ടുമുൻപാണ് ആയുഷ് റിട്ടയർഡ് ഹർട്ടായത്. പിന്നീട് ക്രീസിലെത്തിയത് പവർഹിറ്ററായ ശിവം ദുബെ. ഒരു സിക്സും രണ്ടു ഫോറുമാണ് ദുബെയുടെ ബാറ്റിൽനിന്നു പിറന്നത്.
English Summary:








English (US) ·