ഒന്നല്ല, രണ്ടല്ല.. മൂന്ന്; എക്സ്ട്രാ ടൈമിൽ ‘ഡബിൾ’ അടിച്ച് സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; അർജന്റീന ലോകകപ്പ് സെമിയിൽ (3–1)

1 week ago 4

കാൻസസ് സിറ്റി∙ അടിക്കുമോ അടിക്കുമോ എന്ന അവസാനം വരെ ആകാംക്ഷയും ആശങ്കയും ജനിപ്പിക്കും. ഒടുവിൽ പതിവുപോലെ ആരാധകരെ സന്തോഷത്തിൽ ആറാടിച്ച് ആ വിജയഗോൾ എത്തും. പക്ഷേ ഇക്കുറി ഒന്നല്ല, ‘രണ്ടു വിജയഗോൾ’ നേടിയാണ് അർജന്റീനയുടെ പടയോട്ടം. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന ലോകകപ്പ് സെമിയിൽ കടന്നു. എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിൽ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനയ്ക്കു വേണ്ടിയും രണ്ടാം പകുതിയിൽ ഡാൻ എൻഡോയ് സ്വിറ്റ്‌സർലൻ‍ഡിനു വേണ്ടിയും ഗോൾ നേടി. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

What you should work next

നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേയ്ക്ക് നീണ്ടത്. പത്തു പേരായി ചുരുങ്ങിയതോടെ സ്വിറ്റ്സർലൻഡ് പൂർണമായും പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞിരുന്നു. 112–ാം മിനിറ്റിലാണ് അർജന്റീന ലീഡ് നേടുന്നത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ജോസ് മാനുവൽ ലോപ്പസിന്റെ അസിസ്റ്റിൽനിന്ന് യൂലിയൻ അൽവാരസ്, സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബെലിനെ മറികടന്ന് അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അർജന്റീന ആരാധകർ സന്തോഷം കൊണ്ട് മതിമറന്ന നിമിഷം. എന്നാൽ അവിടെയും അവസാനിച്ചില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ തിയാഗോ അൽമാഡ നൽകിയ പാസിൽനിന്ന് സ്വിസ് ബോക്സിലെ റീബൗണ്ട് മുതലെടുത്ത് ലൗറ്റാരോ മാർട്ടീനസ് ഗോൾ നേടി അർജന്റീനയുടെ സ്കോർ നില ഉയർത്തി. 3–1. നിമിഷങ്ങൾക്കകം ഫൈനൽ വിസിൽ മുഴങ്ങി. അർജന്റീന അജയ്യരായി സെമിയിലേക്ക്.

∙ അതിവേഗം അർജന്റീനപത്താം മിനിറ്റിൽ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്, ലിവർപൂൾ താരമായ അലിസ്റ്ററുടെയും ആദ്യ ഗോൾ. മത്സരത്തിന്റെ തുടക്കം മുതൽ അറ്റാക്കിങ് മോഡിലായിരുന്ന സ്വിറ്റ്സർലൻഡ്, ലീഡ് വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ചു. കടുത്ത ടാക്കിളുകളുമായി സ്വിസ്‌പ്പട മുന്നേറിയെങ്കിലും അർജന്റീനയുടെ ശക്തമായി പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മിന്നും ഫോമും അവരെ ലക്ഷ്യത്തിൽനിന്ന് അകറ്റിനിർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്വിറ്റ്സർലൻഡിന് ഒരു ഫ്രീകിക്ക് അനുവദിച്ചെങ്കിലും അതു മുതലാക്കാൻ അവർക്കായില്ല.

ഫിഫ ലോകകപ്പ് ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ അർജന്റീന താരം ലയണൽ മെസ്സിയുടെ മുന്നേറ്റം. (Photo by Odd ANDERSEN / AFP)

ഫിഫ ലോകകപ്പ് ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ അർജന്റീന താരം ലയണൽ മെസ്സിയുടെ മുന്നേറ്റം. (Photo by Odd ANDERSEN / AFP)

അർജന്റീനയുടെ ലിയാൻഡ്രോ പരെഡെസിന്റെ ഫൗളിനെ തുടർന്നാണ് സ്വിറ്റ്സർലൻഡിന് ഫ്രീ കിക്ക് അനുവദിച്ചത്. റെമോ ഫ്രൂളർ ഫ്രീ കിക്കിൽനിന്നു പെനൽറ്റി ബോക്സിലേക്ക് ഒരു ക്രോസ് നൽകിയെങ്കിലും, അത് ലക്ഷ്യം തെറ്റി കളിസ്ഥളത്തിന് പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ അർജന്റീനയുടെ ഒരു ഫ്രീകിക്ക് അവസരം നഷ്ടപ്പെടുത്തി. സ്വിറ്റ്സർലൻഡിന്റെ ഡിബ്രിൽ സോ ചാലഞ്ച് ചെയ്തതിനെത്തുടർന്ന്, ലയണൽ മെസ്സി ഇടപെടുകയും റഫറി ജോവോ പിൻഹീറോയുമായി തർക്കിക്കുകയും ചെയ്തു. തുടർന്നാണ് അർജന്റീനയ്ക്ക് ഫ്രീ കിക്ക് അനുവദിച്ചത്. എന്നാൽ ആദ്യപകുതി 1–0ന് തന്നെ അവസാനിച്ചു.

∙ തിരിച്ചടിച്ച് സ്വിസ്പ്പടരണ്ടാം പകുതിയുടെ തുടക്കത്തിലും സ്വിറ്റ്സർലൻഡ് ആക്രമണം തുടർന്നു. ഫാബിയൻ റീഡർ പെനൽറ്റി ബോക്സിന് തൊട്ടുപുറത്ത് വച്ച് ഒരു പാസ്സ് കൈക്കലാക്കുകയും ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ശക്തമായ ഒരു ഷോട്ട് ഉതിർക്കുകയും ചെയ്തെങ്കിലും അർജന്റീന ഡിഫൻഡർമാർ മികച്ച ബ്ലോക്കിലൂടെ ആ ശ്രമം തടഞ്ഞു. എന്നാൽ ഒട്ടേറെ ശ്രമങ്ങൾക്ക് ഒടുവിൽ സ്വിറ്റ്സർലൻഡ് എമിലിയാനോ മാർട്ടിനെസിന്റെ പ്രതിരോധ മതിൽ തകർത്ത് സമനില ഗോൾ നേടി. 67–ാം മിനിറ്റിൽ പെനൽറ്റി ബോക്സിനുള്ളിൽ റിക്കാർഡോ റോഡ്രിഗസ് നൽകിയ കൃത്യമായ പാസ്സ് ഡാൻ എൻഡോയ് കൈക്കലാക്കുകയും, എമിലിയാനോ മാർട്ടിനെസിന്റെ കാലുകൾക്കിടയിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയും ചെയ്തു. സ്കോർ 1–1.

എന്നാൽ തൊട്ടുപിന്നാല സ്വിറ്റ്സർലൻഡിന് തിരിച്ചടി നേരിട്ടു. സൂപ്പർ താരം ബ്രീൽ എംബോളോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. വീണ്ടുമൊരു ആക്രമണാത്മക ശ്രമം നടത്തിയതിന് റഫറി വിഎആർ പരിശോധനയ്ക്കു ശേഷമാണ് മഞ്ഞകാർഡ് നൽകിയത്. മത്സരത്തിലെ രണ്ടാം മഞ്ഞകാർഡ് കണ്ടതോടെ റെഡ് കാർഡ് കണ്ട് താരം പുറത്തായി. തീരുമാനത്തിൽ അമ്പരന്നുപോയ എംബോളോ കളിയിൽ തുടരാൻ റഫറിയോട് അഭ്യർഥിച്ചുകൊണ്ടേയിരുന്നെങ്കിലും മൈതാനം വിട്ടുപോകാൻ താരത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സ്വിറ്റ്സർലൻഡ് പത്തു പേരായി ചുരുങ്ങി. നിശ്ചിത സമയം അവസാനിക്കുന്നതിന് മുൻപ് വിജയഗോളിനായി അർജന്റീന കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്.

Read Entire Article