Published: February 03, 2026 10:15 AM IST
1 minute Read
തിരുവനന്തപുരം∙ കായിക മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ രൂക്ഷ വിമർശനവുമായി അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) സീനിയർ വൈസ് പ്രസിഡന്റ് ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. ഒരു കാലത്ത് രാജ്യത്തിന്റെ അത്‌ലറ്റിക് ഫാക്ടറി എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ കായിക മേഖലയെ സംസ്ഥാന സർക്കാർ ഭയങ്കരമായി അവഗണിക്കുകയാണെന്ന് അഞ്ജു കുറ്റപ്പെടുത്തി. കായിക വകുപ്പ് ഭരിക്കുന്നവർ താൽപര്യമെടുത്താലേ ഇവിടെ എന്തെങ്കിലും സാധ്യമാകൂ. പക്ഷേ അതുണ്ടാകുന്നില്ലെന്നും അഞ്ജു പറഞ്ഞു.
‘കായിക രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ നിരന്തരമായ ഒരു പ്രക്രിയ പോലെയായിരുന്നു. എന്നാൽ ഇന്ന് എല്ലാം നിലച്ച മട്ടാണ്. സ്പോർട്സ് ഹോസ്റ്റലുകളുടെ അടക്കം പ്രവർത്തനം പരിതാപകരമാണ്. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കളിക്കാർക്ക് മറ്റു സംസ്ഥാനങ്ങൾ നൽകുന്ന പ്രോൽസാഹനം നിർഭാഗ്യവശാൽ ഇവിടെ ലഭിക്കുന്നില്ല. ദേശീയ ഗെയിംസിനായി മികച്ച സ്റ്റേഡിയങ്ങൾ നിർമിച്ചിട്ട് അത് പരിപാലിക്കാനോ ഉപയോഗപ്പെടുത്താനോ കഴിയുന്നില്ല.
സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾ നടത്തേണ്ട സ്പോർട്സ് കൗൺസിലിന് സംസ്ഥാന ബജറ്റിൽ 45 കോടി രൂപ മാത്രമാണ് വകയിരുത്തിരിക്കുന്നത്. ഇതിനൊന്നും പണമില്ലെന്നു പറയുന്നിടത്താണ് 100 കോടിക്കു മുകളിൽ മുടക്കി ഫുട്ബോൾ താരം മെസ്സിയെ കൊണ്ടു വരാനുള്ള ശ്രമവും നടന്നത്. അതിനായി കോർപറേറ്റുകളുടെ പണം ഉപയോഗിക്കാനായിരുന്നു സർക്കാർ ശ്രമം. ഇതേ രീതിയിൽ പണം സ്വരൂപിച്ച് സംസ്ഥാനത്തെ പാവപ്പെട്ട അത്‌ലീറ്റുകളെ എന്തുകൊണ്ട് സഹായിച്ചു കൂടാ. മെസ്സിയെ കൊണ്ടുവന്നാൽ സംസ്ഥാനത്തെ കായിക രംഗം വികസിക്കുമെന്ന ചിന്ത തെറ്റാണ്. സംസ്ഥാനത്തെ കായിക സംവിധാനമാകെ ഉടച്ചുവാർക്കണം. കായിക മേഖലയ്ക്കായി പണം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്’– അഞ്ജു ചൂണ്ടിക്കാട്ടി.
ദേശീയ അത്‍ലറ്റിക്സ്: മത്സര കലണ്ടറായിതിരുവനന്തപുരം∙ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ ദേശീയ മത്സര കലണ്ടർ പ്രസിദ്ധീകരിച്ചു. മാർച്ച് 21ന് ഇന്ത്യൻ ഓപ്പൺ 400 മീറ്റർ മത്സരങ്ങളും ജൂൺ 14ന് ഇന്ത്യൻ അത്‌ലറ്റിക് സീരീസ് മത്സരങ്ങളും തിരുവനന്തപുരം കാര്യവട്ടത്തെ എൽഎൻസിപിഇ സ്റ്റേഡിയത്തിൽ നടക്കും. ജൂണിൽ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പാകും ഏഷ്യൻ ഗെയിംസ് യോഗ്യത നേടുന്നതിനുള്ള അവസാന അവസരം.
കോമൺവെൽത്ത് ഗെയിംസ് യോഗ്യതയ്ക്കുള്ള അവസാന അവസരം മേയ് 22 മുതൽ 25 വരെ റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സാണ്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ സാധ്യതയുളള ഇനങ്ങളിലായി 32 അത്‌ലീറ്റുകളെ മാത്രമേ അയക്കുന്നുള്ളൂവെന്നും എഎഫ്ഐ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജും ചീഫ് കോച്ച് കെ.രാധാകൃഷ്ണൻ നായരും അറിയിച്ചു.
English Summary:







English (US) ·