‘ഒന്നിനെയും നിസ്സാരമായി കാണരുത്’: തോറ്റു തുടങ്ങുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ, 2024നു ശേഷം ആദ്യമായി ജയമില്ലാതെ ട്വന്റി20 പരമ്പര

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: June 26, 2026 11:14 PM IST Updated: June 27, 2026 12:07 AM IST

2 minute Read

ശ്രേയസ്സ് അയ്യർ  (PTI Photo/R Senthilkumar)
ശ്രേയസ്സ് അയ്യർ (PTI Photo/R Senthilkumar)

ബെൽഫാസ്റ്റ് ∙ ലോകകപ്പ് കിരീടം നേടിയശേഷമുള്ള ആദ്യ രാജ്യാന്തര ട്വന്റി20 മത്സരം, ക്യാപ്റ്റനായി ശ്രേയസ്സ് അയ്യരുടെ അരങ്ങേറ്റം, എതിരാളികൾ താരതമ്യേന ദുർബലരായ അയർലൻഡ്; അമിത ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ അടിതെറ്റി. ഐറിഷ് പടയോട് ദയനീയ തോൽവി ഏറ്റുവാങ്ങാനായിരുന്നു ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്റെ വിധി. രണ്ടു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 34 റൺസിനാണ് ഇന്ത്യയുടെ തോൽവി.

What you should work next

അയർലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. 9 ട്വന്റി20കളും മൂന്ന് ഏകദിനങ്ങളുമടക്കം ഇന്ത്യയ്ക്കെതിരെ കളിച്ച 12 രാജ്യാന്തര മത്സരങ്ങളിൽ അയർലൻഡിന്റെ ആദ്യ ജയമാണിത്. അയർലൻഡിനോട് തോൽക്കുന്ന എട്ടാമത്തെ ഫുൾ മെംബർ രാജ്യമാണ് ഇന്ത്യ. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക എന്നിവർ മാത്രമാണ് ഐറിഷ്പടയ്ക്കു മുന്നിൽ ഇതുവരെ മുട്ടുമടക്കാത്തവർ.

ട്വന്റി20യിൽ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ശ്രേയസ്സ് അയ്യരുടെയും വിധി. ട്വന്റി20യിൽ നായകനായിട്ടുള്ള അരങ്ങേറ്റ മത്സരത്തിൽ തോൽക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ്സ് അയ്യർ. വിരാട് കോലി (2017ൽ ഇംഗ്ലണ്ടിനെതിരെ), ഋഷഭ് പന്ത് (2022ലർ ദക്ഷിണാഫ്രിക്കയ്ക്കെതിരെ), ശുഭ്മൻ ഗിൽ (2024ൽ സിംബാബെയ്‍ക്കെതിരെ) എന്നിവരാണ് ഇതിനു മുൻപ് തോൽവി രുചിച്ച് തുടങ്ങിയവർ. 2024 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ട്വന്റി20 പരമ്പര ജയിക്കാതിരിക്കുന്നതും. ഇതിന് മുൻപ് 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര 1-1 ന് സമനിലയിൽ അവസാനിച്ചിരുന്നു; അതിനുശേഷം കളിച്ച 12 പരമ്പരകളും ഇന്ത്യ വിജയിച്ചിരുന്നു.

തോൽവിക്കു പിന്നാലെ പ്ലാനിങ്ങിലുണ്ടായ പിഴവുകളെക്കുറിച്ച് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ വിശദീകരിച്ചു. ഇത്തവണ സംഭവിച്ചത് മറക്കാൻ ശ്രമിക്കുകയാണെന്നും തീർച്ചയായും ഈ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അടുത്ത മത്സരത്തിൽ സർവ്വശക്തിയും സംഭരിച്ച് തിരിച്ചുവരുമെന്ന് ഉറപ്പാക്കുമെന്നും ശ്രേയസ്സ് അയ്യർ പറഞ്ഞു.
‘‘തുടക്കത്തിൽ ബോളർമാർ നന്നായി പന്തെറിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് ലാറ്ററൽ മൂവ്‌മെന്റ് ലഭിച്ചു, കൂടാതെ രണ്ട് വിക്കറ്റുകളും അവർ നേടി. അതുകൊണ്ട് നമുക്ക് മികച്ചൊരു തുടക്കം ലഭിച്ചു, എന്നാൽ അതിനിടയിൽ നമ്മുടെ പ്ലാനിങ് നടപ്പിലാക്കുന്നതിൽ പാകപ്പിഴകൾ സംഭവിച്ചു.

ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ ബൗണ്ടറികൾ ചെറുതാണെന്ന് അറിഞ്ഞിട്ടും നേരെ മുന്നോട്ട് സിക്‌സറുകളും ഫോറുകളും അടിക്കാൻ നമ്മൾ അവർക്ക് അവസരമൊരുക്കി. എന്നാൽ പിന്നീട്, ഓവറുകൾ വേഗത്തിൽ തീർക്കേണ്ടി വന്നപ്പോൾ ബോളർമാർ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. നമുക്ക് ലഭിച്ച തുടക്കം വെച്ച് നോക്കുമ്പോൾ, ചേസ് ചെയ്യാൻ 140 റൺസ് ഒരു മികച്ച സ്‌കോർ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. എങ്കിലും, ഇവിടെ കളിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമാണ്. ഈ സാഹചര്യങ്ങളിൽ കളിക്കാനും വിക്കറ്റിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കാനും നമുക്ക് കഴിഞ്ഞു, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഇതൊരു മികച്ച തുടക്കമാണ്.’’– ശ്രേയസ്സ് പറഞ്ഞു.

ഒന്നിനെയും അത്ര നിസ്സാരമായി കാണരുത് എന്നാണ് ഞാൻ കരുതുന്നതെന്നാണ് തോൽവിക്കു ശേഷം ടീമിനോട് പറഞ്ഞതെന്നും ശ്രേയസ്സ് പറഞ്ഞു. ‘‘വെറുതെ മൈതാനത്തിറങ്ങി മത്സരങ്ങൾ ജയിക്കാൻ ആർക്കും കഴിയില്ല. നമ്മൾ കഠിനാധ്വാനം ചെയ്യുകയും ആ നിമിഷത്തിൽ പൂർണ്ണ ശ്രദ്ധയോടെ നിലനിൽക്കുകയും വേണം. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, നമ്മൾ വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ഒരവസരം ലഭിച്ചാൽ അത് നമ്മൾ കൃത്യമായി ഉപയോഗിക്കണം. അതെ, ഒരു സാഹചര്യത്തെയും ഒരിക്കലും നിസ്സാരമായി കാണരുത്.’’– ശ്രേയസ്സ് കൂട്ടിച്ചേർത്തു. 28നാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം.

English Summary:

Shreyas Iyer's captaincy debut saw the Indian cricket squad endure an unexpected 34-run decision against Ireland successful their archetypal T20 planetary aft the World Cup win. Playing successful Belfast, India failed to pursuit Ireland's 183-run target, being bowled retired for 148 runs. Captain Iyer acknowledged readying errors, stressing the value of not underestimating opponents and learning from the loss.

Read Entire Article