Published: April 19, 2026 10:46 AM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ സഞ്ജു സാംസൺ നയിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിക്കു പകരം രവീന്ദ്ര ജഡേജയെ ചെന്നൈ ക്യാപ്റ്റനായി പരീക്ഷിച്ചിരുന്നു. എന്നാൽ 2022ൽ വീണ്ടും ക്യാപ്റ്റൻസി ധോണിയിലേക്കു തന്നെയെത്തി. പിന്നീട് 2024ൽ ഋതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനായി നിയമിച്ചു. എന്നാൽ അതിനു ശേഷം മികച്ച പ്രകടനങ്ങൾ നടത്താൻ ഫ്രാഞ്ചൈസിക്കു സാധിച്ചിരുന്നില്ല. 2024, 2025 സീസണുകളിൽ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. 2026 സീസണിൽ കളിച്ച അഞ്ചിൽ മൂന്നു മത്സരങ്ങളും ചെന്നൈ തോറ്റു. ഈ സാഹചര്യത്തിലാണ് സഞ്ജു ചെന്നൈയെ നയിക്കുമെന്ന അശ്വിന്റെ പ്രവചനം.
‘‘രവീന്ദ്ര ജഡേജ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ ധോണിയിൽനിന്നുള്ള മാറ്റം തുടങ്ങിക്കഴിഞ്ഞു. അതു കൃത്യമായി നടപ്പായില്ല. തുടർന്ന് ഋതുരാജ് ഗെയ്ക്‌വാദ് വന്നു. കുറച്ചു വർഷങ്ങളായി ഋതുരാജ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചേർന്ന് തന്റെ ചുമതലകൾ നിർവഹിക്കുന്നുണ്ട്. ഞാൻ ഒരു ജ്യോതിഷിയൊന്നുമല്ല. പക്ഷേ ഒരു ഘട്ടത്തിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകും. അക്കാര്യം ഉറപ്പാണ്. എപ്പോഴാണ് അതു സംഭവിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ സഞ്ജു ടീമിനെ നയിക്കും.’’– അശ്വിന്‍ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.
‘‘ആരുടെയെങ്കിലും പകരക്കാരൻ എന്ന ഇമേജോടെ സഞ്ജു ടീമിലുള്ളതിനോട് എനിക്കു താൽപര്യമില്ല. ആരെയെങ്കിലും പിന്തുടരണമെന്നു നമുക്കു തോന്നുന്നതാണു പ്രശ്നമാകുന്നത്. സഞ്ജുവിന് അദ്ദേഹത്തിന്റേതായ രീതികളുണ്ടാകണം.’’– അശ്വിൻ വ്യക്തമാക്കി. 2026 ഐപിഎൽ താരലേലത്തിനു മുൻപ് 18 കോടി രൂപ നൽകിയാണ് സഞ്ജുവിനെ ചെന്നൈ വാങ്ങിയത്. പകരം രവീന്ദ്ര ജഡേജ, സാം കറൻ എന്നീ താരങ്ങളെ രാജസ്ഥാൻ റോയൽസിനു കൈമാറി. മഹേന്ദ്ര സിങ് ധോണി സീസണിൽ ഇതുവരെ കളിക്കാൻ ഇറങ്ങാത്തതിനാൽ സഞ്ജുവിനാണു വിക്കറ്റ് കീപ്പറുടെ ചുമതല.
സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ 6,7,9 എന്നിങ്ങനെയായിരുന്നു മലയാളി താരത്തിന്റെ സ്കോറുകൾ. എന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചറി നേടി സഞ്ജു തിരിച്ചെത്തി. ഡൽഹിക്കെതിരെ 115 റൺസെടുത്ത താരം പുറത്താകാതെനിന്നു. സൺറൈസേഴ്സിനെതിരായ അവസാന മത്സരത്തിൽ മൂന്നു പന്തിൽ ഏഴു റൺസാണു താരം സ്വന്തമാക്കിയത്.
English Summary:







English (US) ·