.jpg?%24p=f95ba45&f=16x10&w=852&q=0.8)
സ്റ്റോക്സും ഗസ് ആറ്റികിൻസണും, ക്രിസ് വോക്സ് സമീപം | PTI
കെന്നിങ്ടൺ: ഓവൽ ടെസ്റ്റിൽ ഒരു കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ജയിക്കാമായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കേൽ വോൺ. താരങ്ങൾ പരിഭ്രമിച്ചെന്നും ഹാരി ബ്രൂക്കിന്റെ പുറത്താകലോടെയാണ് ഇംഗ്ലണ്ട് തകർന്നതെന്നും വോൺ പറഞ്ഞു. അതേസമയം ബെൻ സ്റ്റോക്സ് ടീമിലുണ്ടെങ്കിൽ ഇംഗ്ലണ്ടിന് ആരെയും തോൽപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം ബിബിസിയോട് പ്രതികരിച്ചു.
ഇംഗ്ലണ്ടിന് ഒരു കൂട്ടുകെട്ട് മാത്രം മതിയായിരുന്നു. എന്നാൽ അവർ പരിഭ്രമിച്ചു. ആക്രമണോത്സുകതയോടെയാണ് ടീം കളിച്ചുകൊണ്ടിരുന്നത്. ഹാരി ബ്രൂക്കിന്റെ പുറത്താകലാണ് അവരുടെ തകർച്ചയ്ക്ക് കാരണമായത്. പക്ഷേ അതാണ് ഇംഗ്ലണ്ടിന്റെ കളിരീതി. - മൈക്കല്‍ വോൺ പറഞ്ഞു.
ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇത് ഗംഭീരമായ അഞ്ച് മത്സരങ്ങളായിരുന്നു. നമ്മൾ യാഥാർഥ്യബോധത്തോടെ ചിന്തിക്കണം. അവർ 10 പേരായി ചുരുങ്ങി, ഒരു ബൗളറെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. ബെൻ സ്റ്റോക്സ് കളിച്ചിരുന്നില്ല. എന്നാൽ ഓസ്ട്രേലിയക്കെതിരേ കളിക്കുന്ന ടീമിൽ എല്ലാവരും ഉണ്ടാകുമെന്ന് കരുതുന്നതായും വോൺ പറഞ്ഞു. ബെൻ സ്റ്റോക്സ് ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. ബെൻ സ്റ്റോക്സ് ടീമിലുണ്ടെങ്കിൽ അവർക്ക് ആരെയും തോൽപ്പിക്കാൻ കഴിയും. അദ്ദേഹമില്ലാതെ, അവർക്ക് ആരോടും തോൽക്കാനും കഴിയും. - വോൺ പറഞ്ഞു.
ഹാരി ബ്രൂക്കിന്റെ പുറത്താകലോടെയാണ് ഇംഗ്ലണ്ട് തകർന്നത്. 30-40 റൺസ് വേഗത്തിൽ നേടണമെന്നാണ് ബ്രൂക്ക് ചിന്തിക്കുന്നത്. ഇനി ആഷസ് പരമ്പരയിൽ സമാനമായ സാഹചര്യം വന്നാൽ ജയിക്കാനാണ് ബ്രൂക്ക് പഠിക്കേണ്ടത്. അവന്റെ കളിയും സമീപനവും എനിക്കിഷ്ടമാണ്. അധികമാരും കളിക്കാത്ത രീതിയിലാണ് അവൻ കളിക്കുന്നത്. - വോൺ കൂട്ടിച്ചേർത്തു.
ഓവലിൽ ആറുറൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 2-2ന് തുല്യതയിലുമായി.
Content Highlights: Just Needed One Partnership says Michael Vaughan After Englands Defeat oval test








English (US) ·