Published: September 02, 2026 10:49 PM IST
1 minute Read
കോഴിക്കോട് ∙ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘സിആർ7’ ബ്രാന്‍ഡിന്റെ ഡയറക്ടറുമായ എൽമ എവേറോ കേരളത്തിലെത്തി. കോഴിക്കോട്ട് സ്വകാര്യ ചടങ്ങിനായി എത്തിയ എൽമ, മുഖ്യമന്ത്രി വി.ഡി.സതീശനുമായും അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച, താമസിച്ചിരുന്ന ഹോട്ടലിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
What you should work next
വി.ഡി.സതീശനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും എൽമ എവേറോ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും മൂന്നു ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞു. സിആർ7ന് കേരളത്തിൽ ഒട്ടേറെ ആരാധകർ ഉണ്ടെന്നും താനും അതിൽ ഒരാളാണെന്നും വി.ഡി.സതീശൻ എൽമയോട് പറയുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് എൽമ, മുഖ്യമന്ത്രിയോട് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന്റെയും ഊഷ്മളമായ അടുപ്പത്തിന്റെയും കുറിപ്പോടെയാണ് വിഡിയോ എല്‍മ പങ്കിട്ടത്. ‘‘ഇന്ത്യയിലെ കേരളത്തിൽ വച്ച് പ്രമുഖ രാഷ്ട്രീയ നേതാവായ വി.ഡി.സതീശനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. പങ്കുവയ്ക്കലിന്റെയും അടുപ്പത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും മനോഹര നിമിഷങ്ങൾക്കാണ് ഈ ദിനം സാക്ഷ്യം വഹിച്ചത്. പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്, സവിശേഷമായ ഒരു അനുഭവവും എന്നും ഓർത്തുവയ്ക്കാനുള്ള നിമിഷവും.’’– ക്രിയേറ്റീവ് ഏജന്‍സിയായ ‘ക്ലോഡിയസ് ഷോ’ എൽമയെ ടാഗ് ചെയ്ത് പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
മുഖ്യമന്ത്രി വി.ഡി.സതീശനും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘‘കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.’’ – വി.ഡി.സതീശന്‍ കുറിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത സഹോദരിയും പോർച്ചുഗീസ് ബിസിനസുകാരിയുമാണ് എല്‍മ. സമൂഹമാധ്യമങ്ങളിൽ സജീവമായ എൽമ, റൊണാൾഡോയെയും കുടുംബത്തെയും കുറിച്ചുള്ള വിശേഷങ്ങളും സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.
English Summary:






English (US) ·