Published: May 17, 2026 01:22 PM IST Updated: May 17, 2026 01:29 PM IST
2 minute Read
ചണ്ഡിഗഡ് ∙ ‘ലുഖാ’ എന്ന വെബ് സീരീസിൽ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ യോഗ്‌രാജ് സിങ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ചണ്ഡിഗഡ് ജില്ലാ കോടതിയെയാണ് യോഗ്‌രാജ് സമീപിച്ചത്. ഇതിനു പിന്നാലെ കോടതി പൊലീസിനോട് വിവരം തേടിയെന്നും മേയ് 20നകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ജാമ്യാപേക്ഷ 20നു പരിഗണിച്ചേക്കും.
∙ എന്താണ് വിവാദം?മേയ് 8ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ‘ലുഖാ’ എന്ന ഹിന്ദി വെബ് സീരീസിലെ 17 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ ക്ലിപ്പിൽ, യോഗ്‌രാജ് സിങ് അവതരിപ്പിക്കുന്ന ‘വാലിയ സാഹബ്’ എന്ന കഥാപാത്രം, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തോട് സംസാരിക്കുമ്പോൾ, ‘ഒരു സ്ത്രീയുടെ സ്ഥാനം പകൽ സമയത്ത് അടുക്കളയിലും രാത്രിയിൽ ശാരീരിക അടുപ്പത്തിനുമാണ്’ എന്ന് പറയുന്നുണ്ട്. ഇതാണു വിവാദമായത്. സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ ഉൾക്കൊള്ളുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79, ഐടി ആക്ട് 2000-ലെ സെക്ഷൻ 62-എ എന്നിവ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകരായ ഉജ്ജ്വൽ ഭാസിൻ, ജതിൻ വർമ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
പുറത്തുപോയി ജോലി ചെയ്യുകയും അതോടൊപ്പം വീട്ടുചുമതലകൾ നോക്കുകയും ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് ഈ സംഭാഷണങ്ങളെന്ന് ഉജ്ജ്വൽ ഭാസിൻ പറഞ്ഞു. ‘‘യോഗ്‍രാജ് സിങ്ങിനെതിരെ സ്വമേധയാ നടപടിയെടുക്കാൻ ഞാൻ വനിതാ കമ്മിഷനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സംഭാഷണം ചണ്ഡീഗഡിലെ സ്ത്രീകളെ മാത്രമല്ല, ഉപജീവനത്തിനായി വീട് വിട്ടിറങ്ങുന്ന രാജ്യത്തെ എല്ലാ സ്ത്രീകൾക്കും എതിരെയുള്ളതാണ്. ഇനി മുതൽ ആരും അദ്ദേഹത്തെ തങ്ങളുടെ മാതൃകാപുരുഷനായി കണക്കാക്കുമെന്ന് ഞാൻ കരുതുന്നില്ല. യുവാക്കൾ കോച്ചിങ്ങിനായ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്നത് നിർത്തും. ഈ പരാമർശം കേട്ടതിനുശേഷം അവരുടെ അമ്മമാർ അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയക്കില്ല.’’– ഉജ്ജ്വൽ ഭാസിൻ പറഞ്ഞു. സീരീസിൽ ചണ്ഡീഗഡ് പൊലീസിന്റെ യൂണിഫോം ഉപയോഗിച്ചതിനെയും, സിഖ് മതത്തിൽ മതപരമായ പ്രാധാന്യമുള്ള പദമായ ‘ഗുർബാനി’ എന്ന് ഒരു വനിതാ കഥാപാത്രത്തിന് പേരിട്ടതിനെയും പരാതിക്കാരൻ എതിർത്തു.
∙ നടപടിയെടുത്ത് വനിതാ കമ്മിഷനുംസംഭവത്തിൽ പഞ്ചാബ് സംസ്ഥാന വനിതാ കമ്മിഷൻ യോഗ്‌രാജ് സിങ്ങിന് നോട്ടിസ് അയക്കുകയും പഞ്ചാബ് പൊലീസ് ആസ്ഥാനത്തെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. വെബ് സീരീസിലെ അപകീർത്തികരമായ പ്രസ്താവനകൾ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ കമ്മിഷൻ വിലയിരുത്തിയതായും അന്വേഷണം നടത്തി എടുത്ത നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് പൊലീസിനോട് നിർദേശിച്ചതായും കമ്മിഷൻ അധ്യക്ഷ രാജ് ലാലി ഗിൽ പറഞ്ഞു. ഉചിതമായ നടപടി ഉറപ്പാക്കാൻ താൻ പഞ്ചാബ് പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.
സംഭവത്തിൽ യോഗ്‌രാജ് സിങ്ങും ‘ലുക്കൈ’ വെബ് സീരീസിന്റെ അണിയറപ്രവർത്തകരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024 സെപ്റ്റംബറിൽ എം.എസ് ധോണിക്കെതിരെയുള്ള ആരോപണങ്ങളും 2025 ജനുവരിയിൽ കപിൽ ദേവിനെക്കുറിച്ചുള്ള പരാമർശങ്ങളും ഉൾപ്പെടെ, യോഗ്‌രാജ് സിങ് മുൻപും പല പ്രസ്താവനകളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പിതാവാണ് യോഗ്‌രാജ് സിങ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KesariPunjab എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·