Published: July 08, 2026 03:49 PM IST
1 minute Read
ഗോൾവല കാക്കുന്നവരുടെ ഏകാന്തതയെക്കുറിച്ചു മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ.അതിലൊരാളെ നോക്കി ഒരു സ്റ്റേഡിയമാകെ, ഒരു തലമുറയാകെ ഉള്ളുകൊണ്ട് ഏകാന്തത അനുഭവിക്കുന്നതും നെടുവീർപ്പിടുന്നതും ലോകം കണ്ടതു കഴിഞ്ഞ ദിവസമാണ്. നാലുവർഷം കൂടുമ്പോൾ ലോകകപ്പുകളിൽ മെക്സിക്കോയെ രക്ഷിക്കാൻ ഹെയർബാൻഡ് കെട്ടി ഇനി ഗിയ്യെർമോ ഒച്ചോവ വരില്ല. അക്കാര്യം ഒരുവട്ടം കൂടി എല്ലാവരെയും ബോധ്യപ്പെടുത്താൻ അയാൾ അസ്ടെക്ക സ്റ്റേഡിയത്തിന്റെ ഒത്ത നടുവിലേക്കു മെല്ലെ നടന്നുവന്നു. സെന്റർ സ്പോട്ടിൽ നിന്നു.കരഞ്ഞു കലങ്ങിച്ചുവന്ന കണ്ണുകളോടെ ചുറ്റുംനോക്കി. വിശുദ്ധനെന്ന ഓമനപ്പേരു പതിച്ചുതന്ന കൈകൾ ഉയർത്തി വീശി. കണ്ണീരടക്കാനാകാതെ നിലത്തേക്കു മുട്ടുകുത്തി.
13എന്ന അക്കം അശുഭകരമെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികൾക്കിടയിൽ ഒറ്റ മെക്സിക്കോക്കാരനും ഉണ്ടാകില്ല. കാരണം,അവരെ എക്കാലവും രക്ഷിച്ചിരുന്ന ‘മെമോ’യുടെ ജഴ്സി നമ്പറാണത്. ഭാഗ്യനിർഭാഗ്യങ്ങളുടെ കയറ്റിറക്കങ്ങൾ ഒരുപാടു കണ്ടിട്ടുണ്ട് ഒച്ചോവ. പക്ഷേ,ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം തുടർച്ചയായ ആറാം ലോകകപ്പെന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണു ഗ്ലൗസഴിക്കുന്നത്. 2014 ലോകകപ്പിൽ ബ്രസീലിനെതിരായ ആ ചരിത്രമത്സരം ഓർമയിലുള്ളവർക്കെല്ലാം ഇതേ വേദന തോന്നിക്കാണണം. നെയ്മാറിന്റെ ഉജ്വല ഹെഡറടക്കം ബ്രസീലിന്റെ ആറു ഷോട്ടുകൾ ജീവൻ കൊടുത്തു സേവ് ചെയ്തു മെക്സിക്കോയെ ഗോൾരഹിത സമനിലയിൽ രക്ഷിച്ച ഒച്ചോവ.
രൂപഭാവങ്ങളിലും അക്രോബാറ്റിക് ശൈലിയിലും റെനെ ഹിഗ്വിറ്റയെ ഓർമിപ്പിച്ച ഒച്ചോവ ദേശീയ ജഴ്സിയിൽ മാത്രമേ ശോഭിച്ചുള്ളൂ. അതിശയകരമായ റിഫ്ലക്സുമായി ക്ലോസ് റേഞ്ച് ഷോട്ടുകൾ രക്ഷിക്കാനുള്ള മിടുക്കുണ്ടായിട്ടും ക്ലബ് ഫുട്ബോളിൽ തിളങ്ങാനായില്ല.
ലോകചാംപ്യന്മാരായി എത്തിയ ജർമനിയെ 2018ൽ 1–0നു തകർത്തുവിട്ട കളിയിൽ ഒച്ചോവയുടെ വക 9 സേവുകൾ. പക്ഷേ, ഓരോ ലോകകപ്പിനു ശേഷവും അയാൾ എവിടേക്കോ അപ്രത്യക്ഷനായി. അടുത്ത ലോകകപ്പിൽ വീണ്ടുമെത്തി. കരിയർ അവസാനിച്ചെന്നുറപ്പിച്ചിരിക്കെയാണ് ഇത്തവണയും ടീമിലെത്തിയത്. ഒടുവിൽ സ്വന്തം മൈതാനത്ത്, ‘മെമോ’ എന്നാർത്തു വിളിക്കുന്ന ആയിരങ്ങൾക്കു നടുവിൽ ഒച്ചോവ ഗ്ലൗസഴിച്ചു. ഇരുബൂട്ടുകളും അഴിച്ചു കയ്യിൽ പിടിച്ചു.നിലത്തൊന്നു തൊട്ടുവണങ്ങി. എങ്ങോട്ടെന്നറിയാത്തതു പോലെ നടന്നുമറഞ്ഞു.
English Summary:





English (US) ·