Published: June 21, 2026 05:24 AM IST Updated: June 21, 2026 06:16 AM IST
2 minute Read
ടൊറന്റോ ∙ ഒടുവിൽ 12 വർഷത്തെ ‘ശാപം’ ജർമനി തീർത്തു. 2014ൽ ലോകകപ്പ് ജേതാക്കളായശേഷം പിന്നീട് നടന്ന രണ്ടു ലോകകപ്പകളിലും നോക്കൗട്ട് കാണാതെ പുറത്തായ ജർമൻ പട ടൊറന്റോ സ്റ്റേഡിയത്തിൽ ഐവറി കോസ്റ്റിനെ കീഴടക്കി ആ കടമ്പ കടന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി ജർമനി 2-1 ന്റെ നാടകീയ വിജയം പിടിച്ചെടുത്തത്. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോൾ നേടിയ സൂപ്പർ സബ് ഡെനിസ് ഉൺഡവ് ആണ് ജർമനിയുടെ വിജയശിൽപി.
What you should work next
തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും ജർമനിയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ജർമൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച ഐവറി കോസ്റ്റ് കൗണ്ടർ അറ്റാക്കുകളിലൂടെ അവരെ വിറപ്പിച്ചു. പത്താം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ്വാ കിമ്മിഷിന്റെ പാസിൽ നിന്ന് കായ് ഹാവർറ്റ്സ് ഉതിർത്ത മനോഹരമായ ഹെഡർ ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി. 21–ാം മിനിറ്റിൽ ടൊറന്റോയിലെ 43,000ത്തോളം വരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി ജർമനി ആദ്യമായി വലകുലുക്കി.
കോർണർ കിക്കിക്കിൽ നിന്ന് അലക്‌സാണ്ടർ പാവ്‌ലോവിച്ചാണ് പന്ത് വലയിലെത്തിച്ചത്. എന്നാൽ ഗോൾ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോളിയെ ഫൗൾ ചെയ്തതായി വാർ പരിശോധനയിൽ കണ്ടെത്തിയതോടെ റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. ഒൻപതു മിനിറ്റുകൾക്കുശേഷമാണ് ഐവറി കോസ്റ്റ് ഞെട്ടിച്ചത്. യാൻ ഡിയോമാൻഡെയുടെ വേഗതയേറിയ മുന്നേറ്റത്തിന് ഒടുവിൽ അമാദ് ഡിയാലോ എടുത്ത ഷോട്ട് മാനുവൽ നോയർ തടഞ്ഞെങ്കിലും, റീബൗണ്ടിൽ വന്ന പന്ത് ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി കൃത്യമായി വലയിലാക്കി ഐവറി കോസ്റ്റിന് ലീഡ് നൽകി. ജർമനും താരങ്ങളും ആരാധകരും ഒരുപോലെ സ്തബ്ധരായ നിമിഷം. ജർമനി–0, ഐവറി കോസ്റ്റ്– 1.
പിന്നീട് 38-ാം മിനിറ്റിൽ ആർസനൽ താരവും ജർമൻ ഫോർവേഡുമായ കായ് ഹാവർറ്റ്സ് പന്ത് വലയിലെത്തിച്ചെങ്കിലും ബയൺ മ്യൂണിക്കിന്റെ ജമാൽ മുസിയാല യുടെ ഫൗൾ കാരണം അതും അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതി ആരംഭിച്ചതോടെ ജർമനി കടുത്ത സമ്മർദ്ദം ചെലുത്തി കളിക്കാൻ തുടങ്ങി. ഐവറി കോസ്റ്റിന്റെ ശക്തമായ പ്രതിരോധം 68-ാം മിനിറ്റ് വരെ പിടിച്ചുനിന്നെങ്കിലും ഒടുവിൽ ജർമൻപട അത് ഭേദിച്ചു. 68-ാം മിനിറ്റിൽ പകരക്കാരനായി വന്ന നാദിം അമിരി നൽകിയ മനോഹരമായ ക്രോസ് സ്വീകരിച്ച് ഡെനിസ് ഉൺഡവ് ഒരു ഉഗ്രൻ വോളിയിലൂടെ ജർമനിക്കു വേണ്ടി ഗോൾ മടക്കി.
ഇതിനുശേഷം വിജയഗോളിനായുള്ള പരിശ്രമമായി ഇരുടീമുകളും. 89-ാം മിനിറ്റിൽ നിക്കോളാസ് പെപ്പെ നൽകിയ പാസ് സ്വീകരിച്ച സൈമൺ അഡിൻഗ്രയ്ക്ക് ജർമൻ ബോക്സിൽ പന്ത് നിയന്ത്രിക്കാൻ കഴിയാതെ പോയത് ഐവറി കോസ്റ്റിന് തിരിച്ചടിയായി. അഞ്ച് മിനിറ്റുകൾക്കു ശേഷം ഇൻജറി ടൈമിലാണ് ജർമനിയുടെ വിജയഗോൾ പിറന്നത്. 90+4-ാം മിനിറ്റിൽ ഫെലിക്സ് നെമെച്ചാ നൽകിയ ഇൻസിസീവ് ത്രൂ പാസ് ബോക്സിനുള്ളിൽ സ്വീകരിച്ച ഡെനിസ് ഉൺഡവ്, തിരിഞ്ഞുനിന്ന് ഒരു ക്ലിനിക്കൽ ഷോട്ടിലൂടെ പന്ത് ഫൊഫാനയെ മറികടന്ന് വലയുടെ ഇടത് കോണിലേക്ക് അടിച്ചുകയറ്റി. ഗോൾ! ഉൺഡവുടെ ഇരട്ടഗോൾ, ജർമനിയുടെ വിജയഗോൾ.
ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ ക്യുറാസോവയെ 7-1 ന് തകർത്ത ജർമനി, തുടർച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് 6 പോയിന്റുമായി റൗണ്ട് ഓഫ് 32ന് (നോക്കൗട്ട്) യോഗ്യത ഉറപ്പാക്കിയത്. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജർമനിക്ക് ഈ മുന്നേറ്റം വലിയ ആശ്വാസവും ശക്തമായ തിരിച്ചുവരവുമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയുടെ അവസാനമത്സരം ഇക്വഡോറിനെതിരെയാണ്.
English Summary:





English (US) ·