ഒരേ സമയം രണ്ട് ഇന്ത്യന്‍ ടീമുകൾ, സൂര്യയ്ക്കു പുറമേ നയിക്കാൻ ശ്രേയസ് അയ്യർ, അടിച്ചുപൊളിക്കാൻ വൈഭവും പ്രിയൻ‍ഷ് ആര്യയും!

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 20, 2026 05:46 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
ശ്രേയസ് അയ്യർ, പ്രിയൻഷ് ആര്യ, വൈഭവ് സൂര്യവംശി. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമില്‍ വന്‍ അഴിച്ചുപണികൾക്കു ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലുള്ള സ്ഥിരം ടീമിനു പുറമേ, ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ‍ പ്രകടനം നടത്തുന്നവരെ ഉൾപ്പെടുത്തി മറ്റൊരു ടീമിനെക്കൂടി തയാറാക്കി നിർത്താനാണ് ബിസിസിഐ നീക്കമെന്നാണു വിവരം. ഈ വർ‍ഷം ഏഷ്യൻ ഗെയിംസിലും ഇതേസമയം തന്നെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്ക് ഒരേ കാലയളവിൽ കളിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് 30 മുതൽ 35 വരെ ട്വന്റി20 താരങ്ങളെ ഒരുക്കിനിർത്താൻ ബിസിസിഐ ആലോചിക്കുന്നത്.

ഐപിഎലിനു പിന്നാലെ ടീം ഇന്ത്യയ്ക്ക് അയർലൻഡിനെതിരെ മത്സരങ്ങളുണ്ട്. ഈ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഈ വർഷം തന്നെ രണ്ട് ഇന്ത്യൻ ടീമുകള്‍ ഒരേ സമ‍യം വ്യത്യസ്ത മത്സരങ്ങൾക്കു വേണ്ടി ഒരുങ്ങുന്നതും കളിക്കുന്നതും കാണേണ്ടിവരും. 2028ലെ ഒളിംപിക്സിലും ക്രിക്കറ്റ് മത്സരങ്ങളുണ്ട്. ഈ സമയത്തും മത്സരങ്ങൾ സാധാരണ പരമ്പരകളെ ബാധിക്കാതെ നോക്കണം. നേരത്തേ തന്നെ താരങ്ങളെ ഒരുക്കിനിർത്തുന്നത് ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നാണു ബിസിസിഐയുടെ വിലയിരുത്തൽ. ഈ വർഷം സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെയും ടീം ഇന്ത്യയ്ക്ക് ട്വന്റി20 മത്സരങ്ങളുണ്ട്.

കൂടുതൽ താരങ്ങളെ ട്വന്റി20 ടീമിലേക്കു പരിഗണിക്കുമ്പോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരുമുണ്ട്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ തോൽവിയറിയാതെ നയിക്കുന്ന ശ്രേയസ് അയ്യർ, ബാറ്റിങ്ങിലും തകർപ്പൻ ഫോമിലാണ്. യുവതാരങ്ങളായ വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, പ്രിയൻഷ് ആര്യ, അങ്ക്രിഷ് രഘുവംശി എന്നിവർ സിലക്ടർമാരുടെ റഡാറിലുണ്ട്. ആര്‍സിബി ക്യാപ്റ്റൻ രജത് പാട്ടീദാർ, ആയുഷ് ബദോനി എന്നിവരും വൈകാതെ ഇന്ത്യൻ ടീമിൽ കളിച്ചേക്കും. ശശാങ്ക് സിങ്, അനുകൂൽ റോയ്, രവി ബിഷ്ണോയി, ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, കാർത്തിക്ക് ത്യാഗി, ധ്രുവ് ജുറേൽ എന്നിവരും 35 അംഗ സംഘത്തിൽ ഇടം പിടിച്ചേക്കും.

അതേസമയം ട്വന്റി20യിലെ ‘പ്രധാന’ ടീം അതേപടി നിലനിൽക്കുകയും ചെയ്യും. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിലെ ഏറക്കുറെ എല്ലാ താരങ്ങളെയും 35 അംഗ സംഘത്തിന്റെ ഭാഗമാക്കും. മലയാളി താരം സഞ്ജു സാംസൺ തന്നെയാകും പ്രധാന ടീമിന്റെ വിക്കറ്റ് കീപ്പർ. അതേസമയം മോശം ഫോമിൽ തുടരുന്ന ഋഷഭ് പന്തിന് 35 അംഗ പട്ടികയിലും ഇടം ലഭിച്ചേക്കില്ല.

Read Entire Article