ഒരേയൊരു ഹാളണ്ട്, ഡബിൾ അടിച്ച് സൂപ്പർ താരം, സെനഗലിനെ തകർത്ത് നോർവേ ലോകകപ്പ് നോക്കൗട്ടിൽ (3–2)

4 weeks ago 5

മനോരമ ലേഖകൻ

Published: June 23, 2026 08:00 AM IST

1 minute Read

FBL-WC-2026-MATCH41-NOR-SEN
നോർവേ താരങ്ങളുടെ വിജയാഹ്ലാദം. Photo: CHARLY TRIBALLEAU / AFP

ന്യൂയോർക്ക്∙ ഫിഫ ലോകകപ്പിൽ രണ്ടാം വിജയവുമായി എർലിങ് ഹാളണ്ടിന്റെ നോർവേ നോക്കൗട്ടിൽ കടന്നു. സെനഗലിനെ 3–2 എന്ന സ്കോറിനാണ് നോര്‍വേ വീഴ്ത്തിയത്. വിജയത്തോടെ ആറു പോയിന്റുമായി നോർവേ നോക്കൗട്ട് ഉറപ്പിച്ചു. ഐ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് നോർവേ. ഒന്നാമതുള്ള ഫ്രാൻസിനും ആറു പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഫ്രാൻസാണു മുന്നിൽ. 27ന് നടക്കുന്ന ഫ്രാൻസ്– നോർവേ മത്സരത്തിലെ വിജയികൾ ഗ്രൂപ്പ് ചാംപ്യൻമാരാകും.

What you should work next

രണ്ടു കളികളും തോറ്റ സെനഗലിന് പോയിന്റൊന്നുമില്ലെങ്കിലും അവർ ലോകകപ്പിൽനിന്നു പുറത്തായിട്ടില്ല. അടുത്ത മത്സരത്തിൽ ഇറാഖിനെ വലിയ മാർജിനിൽ തോൽപിച്ചാൽ മികച്ച എട്ടു മൂന്നാം സ്ഥാനക്കാരിൽ ഇടം പിടിച്ച് നോക്കൗട്ടിൽ കടക്കാൻ സെനഗലിനും അവസരം ലഭിക്കും. 48,58 മിനിറ്റുകളിൽ ഹാളണ്ട് നേടിയ ഇരട്ട ഗോളുകളാണ് നോർവേയ്ക്കു നിര്‍ണായക വിജയം നേടിക്കൊടുത്തത്. 43–ാം മിനിറ്റിൽ മാർകസ് ഹോംഗ്രെൻ പെഡഴ്സനും നോർവേയ്ക്കായി ലക്ഷ്യം കണ്ടു. 53, 90+3 മിനിറ്റുകളിൽ ഇസ്മായില സാറാണ് സെനഗലിന്റെ രണ്ടു ഗോളുകളും നേടിയത്.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നോര്‍വെ മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു പന്തു ലഭിച്ച മാർകസ് ഹോംഗ്രെൻ പെഡേഴ്സൻ ബോക്സിലേക്കു കടന്നുകയറി സെനഗൽ ബോക്സിലേക്ക് ലക്ഷ്യമിടുകയായിരുന്നു. പകരക്കാരനായിറങ്ങിയ താരത്തിന്റെ ആദ്യ രാജ്യാന്തര ഗോളാണിത്. ആദ്യ പകുതിയിൽ നോർവേ ഒരു ഗോളിനു മുന്നിൽനിന്ന ശേഷം സംഭവബഹുലമായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോർവേ സ്കോർ രണ്ടാക്കി ഉയർത്തി. മാർട്ടിൻ ഒഡെഗാർഡിന്റെ പാസിൽ സൂപ്പർ താരം എർലിങ് ഹാളണ്ട് ലക്ഷ്യം കണ്ടു.

What you should work next

53–ാം മിനിറ്റിൽ സെനഗൽ ഗോൾ മടക്കി. സാദിയോ മാനെയുടെ അസിസ്റ്റിൽ വല കുലുക്കിയത് ഇസ്മായില സാർ. അഞ്ചു മിനിറ്റുകൾക്ക് അപ്പുറം നോർവെ ഗോൾ നേട്ടം മൂന്നാക്കി. പാട്രിക് ബെർഗിന്റെ അസിസ്റ്റിൽ വീണ്ടും എർലിങ് ഹാളണ്ടിന്റെ ഗോൾ. സെനഗൽ താരങ്ങളുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് അന്റോണിയോ നുസയാണ് പാട്രിക് ബെർഗിന് നിർണായകമായ പാസ് നൽകിയത്. പാട്രികിന്റെ ക്രോസിൽ പന്തു ലഭിച്ച ഹാളണ്ട് തകർപ്പനൊരു വോളിയിലൂടെ വലകുലുക്കി. സ്കോർ 3–1. മൂന്നു ഗോള്‍ വഴങ്ങിയെങ്കിലും നോർവേ ബോക്സിലേക്കു തുടർച്ചയായി പന്തെത്തിക്കാൻ സെനഗലിനു സാധിച്ചിരുന്നു. അതിന്റെ ഫലമായി രണ്ടാം പകുതിയുടെ ഇൻജറി ടൈമിലായിരുന്നു സെനഗലിന്റെ രണ്ടാം ഗോൾ. നിക്കോളാസ് ജാക്സൻ നൽകിയ പാസിൽ വീണ്ടും ഇസ്‍മായില സാർ ഗോളടിച്ചു. സ്കോർ 3–2ൽ എത്തിച്ചതോടെ സമനില ഗോളിനായി സെനഗൽ പരമാവധി പൊരുതിനോക്കിയതാണ്. എന്നാൽ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഇതോടെ മത്സരം 3–2ന് അവസാനിച്ചു.

English Summary:

Norway vs Senegal: FIFA World Cup 2026 Live Score Updates

Read Entire Article