Published: April 26, 2026 10:20 PM IST Updated: April 27, 2026 09:45 AM IST
1 minute Read
ലക്നൗ ∙ ഐപിഎലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന്റെ ‘അസാധാരണ’ പുറത്താകൽ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശി ‘ഒബിഎസ്’ പ്രകാരം പുറത്തായതാണ് വിവാദമായത്. വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ ഫിൽഡ് തടസ്സപ്പെടുത്തിയതിനാണ് താരം ഔട്ടാണെന്ന് തേഡ് അംപയർ വിധിച്ചത്. കൊൽക്കത്ത ഇന്നിങ്സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് രഘുവംശി തട്ടിയിട്ടു. സിംഗിളിനായി ഓട്ടം തുടങ്ങുകയും ചെയ്തു. എന്നാൽ മറുവശത്തുണ്ടായിരുന്ന കാമറൂൺ ഗ്രീൻ, താരത്തെ തിരിച്ചയച്ചു.
പക്ഷേ തിരിഞ്ഞോടിയപ്പോൾ ഓട്ടം, പിച്ചിന്റെ മറുവശത്തു കൂടിയായി. ഇതേസമയം മുഹമ്മദ് ഷമി സ്റ്റംപിലേക്ക് ബോൾ ഡയറക്ട് ത്രോ നടത്തി. എന്നാൽ ക്രീസിലേക്ക് ഡൈവ് ചെയ്ത് രഘുവംശിയുടെ അടിയിൽപ്പെട്ട് ബോളിന്റെ ചലനം നിന്നു. ഇതോടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. പന്തിന്റെ ദിശ മനസ്സിലാക്കി, രഘുവംശി മനഃപൂർവം ഫീൽഡ് തടസ്സപ്പെടുത്തിയെന്നായിരുന്നു ലക്നൗവിന്റെ പരാതി. തുടർന്ന് തീരുമാനം തേഡ് അംപയർക്കു വിട്ടു. രഘുവംശി പന്തിലേക്ക് നോക്കുന്നുണ്ടായിരുന്നെന്നും ലൈൻ മാറിയാണ് ഓടിയതെന്നും അദ്ദേഹം വിലയിരുത്തി. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു.
എന്നാൽ അംഗ്ക്രിഷ് രഘുവംശിയും കൊൽക്കത്ത ടീമും തീരുമാനത്തിൽ അസംതൃപ്തരായിരുന്നു. രോഷാകുലനായ രഘുവംശി ബൗണ്ടറി ലൈൻ കടക്കുമ്പോൾ തന്റെ ഹെൽമറ്റ് വലിച്ചെറിഞ്ഞു. ബൗണ്ടറി കുഷ്യനിൽ ബാറ്റ് ആഞ്ഞടിക്കുകയും ചെയ്തു. കൊൽക്കത്ത ഹെഡ് കോച്ച് അഭിഷേക് നായർ ഫീൽഡിന് പുറത്ത് ഫോർത്ത് ഒഫിഷ്യലുമായി ദീർഘനേരം സംസാരിക്കുന്നതും കാണാമായിരുന്നു. കമന്റേറ്റർമാരും അംപയറുടെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.
എന്താണ് ‘ഫീൽഡ് തടസ്സപ്പെടുത്തൽ’പന്തിനെയോ ഫീൽഡർമാരെയോ ബാറ്റർ തടസ്സപ്പെടുത്തി തങ്ങളുടെ പുറത്താകൽ ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളിലാണ് ‘ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ്’ ബാധകമാകുന്നത്. വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തിന്റെ കാര്യത്തിൽ, നിയമം (37.1.4) വ്യക്തമാണ്. ‘‘വിക്കറ്റുകൾക്കിടയിൽ ഓടുന്ന ഒരു ബാറ്റർ, വ്യക്തമായ കാരണമില്ലാതെ തന്റെ ദിശ മാറ്റുകയും അതുവഴി റണ്ണൗട്ട് ചെയ്യാനുള്ള ഫീൽഡറുടെ ശ്രമത്തെ തടസ്സപ്പെടുത്തുകയും ചെയ്തെന്ന് അംപയർക്ക് തോന്നുകയാണെങ്കിൽ, അപ്പീൽ നൽകുന്ന പക്ഷം ആ ബാറ്ററെ ഒബ്‌സ്ട്രക്റ്റിങ് ദ് ഫീൽഡ് (ഒബിഎസ്) പ്രകാരം ഔട്ട് ആയി പ്രഖ്യാപിക്കണം. റണ്ണൗട്ട് സംഭവിക്കുമായിരുന്നോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല.’’ അന്തിമതീരുമാനം തേർഡ് അംപയറുടെ അധികാരപരിധിയിലാണ്.
English Summary:







English (US) ·