Published: January 28, 2026 06:44 PM IST Updated: January 28, 2026 11:06 PM IST
2 minute Read
വിശാഖപട്ടണം∙ ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് തോൽവി. വിശാഖപട്ടണത്തു നടന്ന മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ 165 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിന് 50 റൺസ് വിജയം. തുടർച്ചയായ വിജയങ്ങളിലൂടെ പരമ്പര ഇന്ത്യ നേരത്തേ സ്വന്തമാക്കിയിരുന്നു. തകർപ്പൻ ബാറ്റിങ്ങിലൂടെ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 23 പന്തുകൾ നേരിട്ട ശിവം ദുബെ ഏഴു സിക്സുകളും മൂന്നു ഫോറുകളും ഉൾപ്പടെ 65 റൺസാണു നേടിയത്. 15 പന്തുകളിൽ അർധസെഞ്ചറി പിന്നിട്ട താരം, 15–ാം ഓവറിൽ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ മൂന്നാമത്തെ അർധ സെഞ്ചറിയാണ് ശിവം ദുബെ വിശാഖപട്ടണത്ത് അടിച്ചെടുത്തത്.
റിങ്കു സിങ് (30 പന്തിൽ 39), സഞ്ജു സാംസൺ (15 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായ ഇന്ത്യയ്ക്ക്, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (എട്ട് റൺ) പുറത്താകൽ നിരാശയായി. സഞ്ജുവും റിങ്കു സിങ്ങും ചേർന്ന സഖ്യമാണ് ഇന്ത്യയ്ക്ക് കുറച്ചെങ്കിലും പ്രതീക്ഷ നൽകിയത്. ഇരുവരും ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇവരുടെ പുറത്താകലിനു ശേഷം, ശിവം ദുബെ തകർത്തടിച്ചെങ്കിലും ഹാർദിക് പാണ്ഡ്യ (രണ്ട്), ഹർഷിത് റാണ (ഒൻപത്) എന്നിവർ അതിവേഗം മടങ്ങിയത് ഇന്ത്യയെ കൂട്ടത്തകർച്ചയിലെത്തിച്ചു. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 165ന് ഓൾഔട്ടായി.
New Zealand won by 50 runs
![]()
NZ
215-7 20/20
![]()
IND
165-10 18.4/20
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഓപ്പണര്‍ ടിം സീഫർട്ടാണ് കിവീസിന്റെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സുകളും ഏഴു ഫോറുകളും ഉൾപ്പടെ 62 റണ്‍സടിച്ചു. 23 പന്തിൽ 44 റൺസെടുത്ത ഡെവോൺ കോൺവെയും ന്യൂസീലൻഡിനായി തിളങ്ങി.
ഓപ്പണിങ് വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും മധ്യനിര തകര്‍ന്നത് ന്യൂസീലൻഡിനെ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലാക്കി. മധ്യനിരയിൽ ഡാരിൽ മിച്ചലിനും (18 പന്തിൽ 39) ഗ്ലെൻ ഫിലിപ്സിനുമൊഴികെ (16 പന്തിൽ 24) മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ ഡാരിൽ മിച്ചലിന്റെ പ്രകടനമാണ് കിവീസിനെ 200 കടത്തിയത്.
ബുമ്രയെറിഞ്ഞ 19–ാം ഓവറിൽ ഇന്ത്യ വഴങ്ങിയത് 19 റൺസാണ്. ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ ബുമ്ര ഒരോവറിൽ വഴങ്ങുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. ഹർഷിത് റാണയെറിഞ്ഞ 20–ാം ഓവറിൽ 14 റൺസും ഇന്ത്യ വിട്ടുകൊടുത്തു. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്രയും രവി ബിഷ്ണോയിയും ഓരോ വിക്കറ്റു വീതവും നേടി. പരമ്പരയിലെ അവസാന മത്സരം 31ന് തിരുവനന്തപുരത്തു നടക്കും.
ഇന്ത്യ പ്ലേയിങ് ഇലവൻ– സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, രവി ബിഷ്ണോയി.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ടിം സീഫർട് (വിക്കറ്റ് കീപ്പർ), ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാർക് ചാപ്മാൻ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), സാക് ഫോക്സ്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ഇഷ് സോധി
English Summary:







English (US) ·