Published: April 14, 2026 01:09 PM IST Updated: April 14, 2026 10:31 PM IST
1 minute Read
ഹൈദരാബാദ് ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനം. 57 റൺസിനാണ് രാജസ്ഥാനെ ഹൈദരാബാദ് വീഴ്ത്തിയത്. സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ മിക്ക തീരുമാനങ്ങളും വിമർശനങ്ങൾക്കു വിധേയമായി. രവീന്ദ്ര ജഡേജയെ ബോൾ ചെയ്യിക്കാതിരുന്നതിനാണ് ഏറ്റവും കൂടുതൽ വിമർശനം. വൈഭവ് സൂര്യവംശിയെ ഫീൽഡിങ്ങിനിറക്കാതെ, ഇംപാക്ട് പ്ലെയറാക്കിയ തീരുമാനത്തിനെതിരെയും ചിലർ രംഗത്തെത്തി. ഫീൽഡിങ്ങിൽ ഇറങ്ങാത്തതിൽ വൈഭവ് നിരാശനായിരുന്നെന്നും അതു ബാറ്റിങ്ങിനെ ബാധിച്ചെന്നും രാജസ്ഥാൻ അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി തുറന്നുപറയുകയും ചെയ്തു.
രവീന്ദ്ര ജഡേജയെക്കൊണ്ട് ബോൾ ചെയ്യിപ്പിക്കാതിരുന്ന തന്റെ ‘തന്ത്രപരമായ’ തീരുമാനത്തെക്കുറിച്ചു മത്സരശേഷം റിയാൻ പരാഗ് വിശദീകരിച്ചത് ഇങ്ങനെ: ‘‘ഞങ്ങൾ വളരെ നന്നായി തുടങ്ങിയെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ ചില കാര്യങ്ങൾ മാറ്റി ചെയ്യാമായിരുന്നു. ജഡു ഭായ്, എനിക്കറിയില്ല, അത് ആ നിമിഷത്തിലെ തീരുമാനമായിരുന്നു. ഇഷാൻ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു, അതിനാൽ ആ റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ബിഷ്‌ണോയിയുടെ ഓവറുകളിൽ ഞാൻ വിശ്വസിച്ചു. പക്ഷേ വിക്കറ്റ് പെരുമാറുന്ന രീതി വച്ച് അവർ തീർച്ചയായും 30 റൺസ് അധികം നേടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി.’’
ബോൾ ചെയ്തില്ലെങ്കിലും ബാറ്റിങ്ങിൽ രവീന്ദ്ര ജഡേജയും (32 പന്തിൽ 45) ഡോണവൻ ഫെരൈരയും ( 44 പന്തിൽ 69) ചേർന്നാണ് രാജസ്ഥാനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഐപിഎലിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ എന്ന ബെംഗളൂരുവിന്റെ റെക്കോർഡ് (49) രാജസ്ഥാൻ തിരുത്തിയെഴുതുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഡോണവനും ജഡേജയും ക്രീസിൽ ഒന്നിക്കുന്നത്. 6–ാം വിക്കറ്റിൽ 72 പന്തിൽ 118 റൺസ് ചേർത്ത സഖ്യം രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഡോണവനെ വീഴ്ത്തിയ സാകിബ് രാജസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി. പിന്നാലെ ജഡേജയും മടങ്ങിയതോടെ രാജസ്ഥാൻ തോൽവി സമ്മതിച്ചു.
ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവംശിയെ ‘ഇംപാക്റ്റ് പ്ലെയർ’ ആക്കിയതും പലരെയും ഞെട്ടിച്ചു. ഫീൽഡിങ്ങിൽ മികവ് പുലർത്തുന്ന താരത്തെ എന്തിനു മാറ്റിനിർത്തിയെന്നാണ് ചോദ്യം. ഓറഞ്ച് ക്യാപ് ധരിച്ച് വൈഭവ് സഹതാരങ്ങൾക്ക് ഡ്രിങ്ക്സ് നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പലരുടെയും വിമർശനം. ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വൈഭവിന് ഫീൽഡ് ചെയ്യാനും താൽപര്യമുണ്ടെന്നും എന്നാൽ ടീം കോംബിനേഷൻ കാരണമാണ് മറിച്ചൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും രാജസ്ഥാൻ റോയൽസ് അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി പറഞ്ഞു.
‘‘ഫീൽഡിങ് അവസരം നഷ്ടമായതിൽ വൈഭവ് അത്ര സന്തോഷവാനായിരുന്നില്ല, കാരണം അവന് ഫീൽഡിങ് വളരെ ഇഷ്ടമാണ്. അവൻ ഒരു മോശം ഫീൽഡർ ആയതുകൊണ്ടല്ല തീരുമാനം. ഡോണവൻ ഫെരൈര ഫിറ്റ്നസ് ടെസ്റ്റ് പാസായിട്ടുണ്ട്. എസ്എ20 മത്സരങ്ങൾക്കിടെ അദ്ദേഹത്തിന്റെ കോളർബോണിന് പരുക്കേറ്റിരുന്നു. അദ്ദേഹം ഒരു മികച്ച ഫീൽഡറാണ്. അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണ്. നിർഭാഗ്യവശാൽ, വൈഭവിന് അവസരം നഷ്ടമായി.’’– ട്രെവർ പെന്നി പറഞ്ഞു.
English Summary:








English (US) ·