Published: March 16, 2026 09:48 AM IST
1 minute Read
ന്യൂഡൽഹി ∙ ഐസിസി കിരീടജേതാക്കളായ ഇന്ത്യൻ ടീമുകൾക്ക് ഗംഭീര സ്വീകരണമൊരുക്കി ബിസിസിഐ. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിനു പുറമേ, 2025 ഏകദിന ലോകകപ്പ് നേടിയ സീനിയർ വനിതാ ടീം, 2025 ചാംപ്യൻസ് ട്രോഫി ജേതാക്കളായ സീനിയർ പുരുഷ ടീം, 2026 അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, 2025 അണ്ടർ 19 ട്വന്റി20 ലോകകപ്പ് നേടിയ വനിതാ ടീം എന്നിവരെയാണ്, ബിസിസിഐയുടെ വാർഷിക പുരസ്കാര സമർപ്പണ വേദിയിൽ ആദരിച്ചത്.
മികച്ച താരങ്ങൾക്കുള്ള പുരസ്കാരത്തിന് ശുഭ്മൻ ഗില്ലും സ്മൃതി മന്ഥനയും അർഹനായി. ഗിൽ രണ്ടാം തവണയും മന്ഥന 5–ാം തവണയുമാണ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കുന്നത്. സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുൻ താരങ്ങളായ റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ് എന്നിവർ ഏറ്റുവാങ്ങി. മികച്ച രാജ്യാന്തര അരങ്ങേറ്റത്തിനുള്ള പുരസ്കാരത്തിന് പുരുഷതാരം ഹർഷിത് റാണയും വനിതാതാരം എൻ. ശ്രീചരണിയും അർഹരായി.
അതേസമയം, ചടങ്ങിലെ ടെലികാസ്റ്റിനിടെ ഗ്രാഫിക്സിലുണ്ടായ ഒരു പിശക് ആരാധകരെ ചൊടിപ്പിച്ചു. അവാർഡ് ദാന ചടങ്ങിനിടെ ഇന്ത്യയുടെ നിലവിലെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സ്ക്രീനിൽ വന്നപ്പോൾ, ഗ്രാഫിക്സിൽ അദ്ദേഹത്തെ ‘വിന്നിങ് ക്യാപ്റ്റൻ, ചാംപ്യൻസ് ട്രോഫി 2025’ എന്നാണ് വിശേഷിപ്പിച്ചത്. ഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തി രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ 2025ലെ ചാംപ്യൻസ് ട്രോഫി നേടിയത്.
ഇതിനു ശേഷമാണ് ശുഭ്മൻ ഗിൽ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ബിസിസിഐയുടെ ഈ തെറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ‘ഓഹോ, ശരിക്കും? ചാംപ്യൻസ് ട്രോഫി നേടിയപ്പോൾ രോഹിത് ശർമയാണ് ക്യാപ്റ്റൻ എന്നാണ് ഞങ്ങൾ കരുതിയത്’, ‘അവർ പറയുന്നതനുസരിച്ച് ശുഭ്മൻ ഗിൽ ആണ് ചാംപ്യൻസ് ട്രോഫി വിജയിച്ച ക്യാപ്റ്റൻ, രോഹിത് ശർമയല്ല, അവിശ്വസനീയമായ പകൽക്കൊള്ള’, ‘രോഹിത് ശർമ ക്യാപ്റ്റനായി ഐസിസി ചാംപ്യൻസ് ട്രോഫി നേടി, എന്നാൽ ഇവിടെ ബിസിസിഐ അവാർഡിൽ അവർ ശുഭ്മൻ ഗില്ലിനെ ക്യാപ്റ്റനാക്കി. ദയവായി ചരിത്രം മാറ്റിയെഴുതരുത്’ എന്നിങ്ങനെ പല പോസ്റ്റുകൾ എക്സിൽ നിറഞ്ഞു.
വിന്നിങ് ക്യാപ്റ്റന്മാർ ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോഴും ഗില്ലാണ് ചാംപ്യൻസ് ട്രോഫി ടീമിനെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത്. എന്നാൽ ചടങ്ങിൽ രോഹിത് ശർമ എത്താത്തതിനാലാണ് ചാംപ്യൻസ് ട്രോഫിയിൽ വൈസ് ക്യാപ്റ്റനായിരുന്ന ഗിൽ ഫോട്ടോയ്ക്കു പോസ് ചെയ്തതെന്നാണ് കരുതുന്നത്. പക്ഷേ ഗ്രാഫിക്സിൽ വന്ന പിശകിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല.
English Summary:







English (US) ·