കടുംപിടിത്തവുമായി അംപയർ, തൊട്ടുപിന്നാലെ സ്റ്റബ്സ് പുറത്ത്; ഹെൽമറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധം, തർക്കിച്ച് താരങ്ങൾ; ഒടുവിൽ പിഴയും

1 day ago 1

ഓൺലൈൻ ഡെസ്‌ക്

Published: April 12, 2026 11:52 AM IST Updated: April 12, 2026 12:03 PM IST

1 minute Read

ഫോർത്ത് അംപയറുമായി തർക്കിക്കുന്ന ഡ‍ൽഹി താരം നിതീഷ് റാണ (ഇടത്), ഔട്ടായ ശേഷം ഡ്രസിങ് റൂമിലെത്തിയപ്പോൾ ഹെൽമറ്റ് വലിച്ചെറിയുന്ന ട്രിസ്റ്റൻ സ്റ്റബ്സ് (X/@ABXD_DC)
ഫോർത്ത് അംപയറുമായി തർക്കിക്കുന്ന ഡ‍ൽഹി താരം നിതീഷ് റാണ (ഇടത്), ഔട്ടായ ശേഷം ഡ്രസിങ് റൂമിലെത്തിയപ്പോൾ ഹെൽമറ്റ് വലിച്ചെറിയുന്ന ട്രിസ്റ്റൻ സ്റ്റബ്സ് (X/@ABXD_DC)

ചെന്നൈ ∙ സഞ്ജു സാംസന്റെ സെഞ്ചറി മികവിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ ആദ്യം ജയം സ്വന്തമാക്കിയ മത്സരശേഷം വിവാദവും. മത്സരത്തിൽ അംപയറുടെ തീരുമാനത്തിനെതിരെ ഡൽഹി താരങ്ങളാണ് പ്രതിഷേധിച്ചത്. ഡൽഹി കോച്ച് ഹേമങ് ബദാനി, ബാറ്റർമാരായ നിതീഷ് റാണ, കരുൺ നായർ എന്നിവർ മാച്ച് ഒഫിഷ്യലുകളുമായ തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‍ഡൽഹി ഇന്നിങ്സിന്റെ 19–ാം ഓവറിലായിരുന്നു സംഭവം. ഡൽഹി ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സിനെ ഗ്ലൗസ് മാറ്റാൻ അംപയർ അനുവദിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്കു വേണ്ടി പൊരുതിയത് അർധസെഞ്ചറി നേടിയ ട്രിസ്റ്റൻ സ്റ്റബ്സായിരുന്നു. എന്നാൽ 19–ാം ഓവറിൽ സ്റ്റബ്സ് പുറത്തായത് മത്സരത്തിൽ നിർണായകമായി. ചെന്നൈയിലെ കഠിനമായ ചൂടിൽ താരങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ടൈമൗട്ടില്‍ മുഖത്ത് വെള്ളമൊഴിച്ചാണ് സ്റ്റബ്‌സും ഡേവിഡ് മില്ലറും ചൂടിനെ നേരിട്ടത്. 19–ാം ഓവറിന്റെ രണ്ടാം പന്തിനു ശേഷമാണ് ഗ്ലൗസ് മാറ്റാന്‍ സ്റ്റബ്സ് അംപയറോട് അനുവാദം ചോദിച്ചത്. വിയര്‍പ്പു മൂലം ഗ്രിപ്പിനെ ബാധിച്ചതിനാലാണ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാന്‍ അഭ്യര്‍ഥിച്ചത്. പക്ഷേ നാലാം അംപയര്‍ താരത്തിന്റെ ആവശ്യം അനുവദിച്ചില്ല. ഇത് ഗ്രൗണ്ടിന് പുറത്ത് ചൂടേറിയ വാക്കേറ്റത്തിന് കാരണമായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

തൊട്ടടുത്ത പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റബ്സ് പുറത്തായി. ഡ്രസിങ് റൂമിലെത്തിയ സ്റ്റബ്സ്, ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഐപിഎല്‍ നിയമപ്രകാരം ഓവറിന് മധ്യേ ബാറ്റർക്ക് ഗ്ലൗസോ മറ്റു സാഗ്രികളോ മാറ്റാന്‍ അനുവാദമില്ല. ബോളർ പന്ത് നൽകാൻ സജ്ജമാകുമ്പോൾ ബാറ്റർ തയാറായിരിക്കണം. വൈകുന്നതിന് പിഴ ചുമത്താനും നിയമം അനുവദിക്കുന്നുണ്ട്.

അതേസമയം, നാലാം അംപയറുമായി തർക്കിച്ചതിന് നിതീഷ് റാണയ്ക്കെതിരെ നടപടിയെടുത്തു. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്. ഐപിഎലിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 നിതീഷ് റാണ ലംഘിച്ചതായി കണ്ടെത്തി. ഒരു മത്സരത്തിനിടെ ‘കേൾക്കാവുന്ന രീതിയിലുള്ള അസഭ്യപദ പ്രയോഗം’ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്.

English Summary:

Chennai Super Kings secured their archetypal triumph of the play against Delhi Capitals, propelled by Sanju Samson's century, but the lucifer was marred by controversy. Delhi players protested an umpire's determination regarding Tristan Stubbs' mitt change, starring to heated exchanges and imaginable enactment against Delhi officials.

Read Entire Article