‘കണ്ണു നിറഞ്ഞു പോയി, ഇത്രയും സ്നേഹം അർഹിക്കുന്നുണ്ടോയെന്ന് അറിയില്ല’: ആരെയും അറിയിക്കാതെ സഞ്ജുവിന്റെ ലാൻഡിങ്

1 week ago 3

തിരുവനന്തപുരം∙ കുറെ മത്സരങ്ങളിൽ വലിച്ചടിച്ച് ഔട്ടായിക്കൊണ്ടിരുന്നപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ടാണ് ലോകകപ്പിൽ ഗെയിം പ്ലാൻ മാറ്റിയതെന്നു സഞ്ജു സാംസൺ. സ്വന്തം നാട്ടിൽ നടന്ന കളിയിൽ തിളങ്ങാനാകാത്തതിന്റെ വിഷമത്തിലാണ് ലോകകപ്പിനു പോയതെങ്കിലും അവിടെ ഇത്രയും വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലെന്നും സഞ്ജു പറ‍ഞ്ഞു. ലോകകപ്പിലെ ഉജ്വല പ്രകടനത്തിന്റെ തിളക്കവുമായി നാട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ രസകരമായ പ്രതികരണം. ‘കുറെ കളികളിൽ വലിച്ചടിച്ചു നോക്കി. ശരിയായില്ല. നമ്മുടെ വീഴ്ചകളിൽനിന്നു പഠിക്കണമല്ലോ. ലോകകപ്പിനു മുൻപ് ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സ്ട്രൈക്ക് റേറ്റ് കൂട്ടാൻ നോക്കിയാണ് ബാറ്റ് ചെയ്തതെങ്കിലും നടന്നില്ല. അതോടെയാണ് വേറെ ഗെയിം പ്ലാനോടെ ലോകകപ്പിനു തയാറെടുത്തത്’– സഞ്ജു വ്യക്തമാക്കി.

സച്ചിന്റെ ഉപദേശംസച്ചിൻ തെൻഡുൽക്കർ നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്. കുറെ വർഷങ്ങളായി അദ്ദേഹത്തിനു മെസേജ് അയയ്ക്കാറുണ്ടായിരുന്നു. ഫോം ഔട്ടായി മനസ്സൊന്നു പാളിയപ്പോൾ ആരെ വിളിക്കണമെന്നു ചിന്തയിൽ അദ്ദേഹത്തിന്റെ പേരു മാത്രമാണ് മനസ്സിൽ വന്നത്. 25 മിനിറ്റോളം സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും ചിന്തിക്കണമെന്നും പരിശീലിക്കണമെന്നുമെല്ലാം പറഞ്ഞുതന്നത് ഏറെ സഹായകമായി. ന്യൂസീലൻഡ് പരമ്പരയിൽ ഫോം കണ്ടെത്താനാകാതെ പോയപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനലിന്റെ തലേ ദിവസവും അദ്ദേഹം വിളിച്ചു. എങ്ങനെയുണ്ടെന്നും എല്ലാം റെഡിയല്ലേ എന്നുമൊക്കെ ചോദിച്ചു. എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലത്. കളി കഴിഞ്ഞപ്പോഴും അദ്ദേഹം അഭിനന്ദന മെസേജ് അയച്ചിരുന്നു.

ഒരു മാസം ഫോൺ ഓഫ്ഇംഗ്ലണ്ടിനെതിരായ സെമിയിൽ പേസർ ജോഫ്ര ആർച്ചറിനെ ഞാനെങ്ങനെ നേരിടുമെന്നൊക്കെയുള്ള ഹൈപ്പ് മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഞാനതൊന്നും ആലോചിക്കാൻ പോയിട്ടില്ല. സമൂഹമാധ്യമങ്ങൾ പോസിറ്റീവായും നെഗറ്റീവായും വലിയ സ്വാധീനം ചെലുത്താറുണ്ട്. അത് ഏതു രീതിയിൽ കൈകാര്യം ചെയ്യണമെന്ന് എല്ലാവരും പഠിച്ചിരിക്കേണ്ട കാര്യമാണ്. നാട്ടുകാർ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലായത് സമൂഹ മാധ്യമങ്ങൾ കാണുന്നതുകൊണ്ടാണ്. പക്ഷേ, അതിന്റെ മറുവശം സംഭവിക്കുമ്പോൾ അതൊക്കെ സഹിക്കാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം സമൂഹമാധ്യമങ്ങൾ നോക്കിയാൽ മതിയെന്ന ഉപദേശമാണ് എനിക്കു കിട്ടിയത്. ഞാനതു പാലിച്ചു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ ഓഫാണ്. എന്റെ മീഡിയ ടീമാണ് സമൂഹ മാധ്യമ അക്കൗണ്ട് മാനേജ് ചെയ്തത്. അതോടെ ചുറ്റുമുള്ള ബഹളങ്ങളിൽ നിന്ന് മാറി ക്രിക്കറ്റിൽ കൂടുതൽ ഫോക്കസ് ചെയ്യാനായി.

പിന്തുണച്ചവർക്ക് നന്ദിപിന്തുണച്ചവരോടും പ്രാർഥിച്ചവരോടും നന്ദി പറയാൻ വാക്കുകളില്ല. എന്നെ ടീമിൽ എടുക്കാത്തപ്പോഴും നന്നായി പെർഫോം ചെയ്യാത്തപ്പോഴും നാട്ടുകാർ പിന്തുണയോടെ കൂടെയുണ്ടായിരുന്നു. അവർക്കു തിരികെ സന്തോഷിക്കാൻ അവസരം ഒരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ പ്രകടനം അവർക്കു സമർപ്പിക്കുന്നു. പ്രാർഥനകളും പിന്തുണയുമെല്ലാം നിറയുന്ന റീൽസും വീഡിയോകളുമെല്ലാം ഭാര്യ ചാരുലത കാണിച്ചു തരുമ്പോൾ കണ്ണു നിറഞ്ഞു പോയിട്ടുണ്ട്. അത്രയും സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോയെന്നു പോലും അറിയില്ല. എല്ലാവർക്കും നന്ദി. ഇനി രണ്ടു ദിവസം അച്ഛനും അമ്മയ്ക്കുമൊപ്പം സമാധാനമായി വീട്ടിലിരിക്കണമെന്നാണ് ആഗ്രഹം.

സഞ്ജുവിന് ഗംഭീര വരവേൽപ്തിരുവനന്തപുരം ∙ ലോകകപ്പിലെ ഉജ്വല പ്രകടനത്തിനു ശേഷം നാട്ടിലെത്തിയ മലയാളി താരം സഞ്ജു സാംസണ് വിമാനത്താവളത്തിലും സ്വദേശമായ വിഴിഞ്ഞത്തും ഉജ്വല സ്വീകരണം. മുൻകൂട്ടി അറിയിക്കാതെയാണ് സഞ്ജു നാട്ടിലേക്കു തിരിച്ചതെങ്കിലും വിമാനം തലസ്ഥാനത്ത് എത്തുന്നതിന് മുൻപ് വിവരം പുറത്തായതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നൂറുകണക്കിനു ആരാധകർ വിമാനത്താവളത്തിലെത്തി. സഞ്ജു... സഞ്ജു എന്ന് ആർപ്പു വിളിച്ചും ചേട്ടായെന്നുമുള്ള സ്നേഹ വിളികളോടെയുമാണ് അവർ അഭിമാന താരത്തെ വരവേറ്റത്.

ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ ടെർമിനലിൽ മന്ത്രി വി.ശിവൻകുട്ടി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. എ.എ.റഹിം എംപി ഉൾപ്പെടെയുള്ളവരും എത്തിയിരുന്നു.
പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്ത സഞ്ജു അവരുടെ പിന്തുണയ്ക്കു നന്ദി പറഞ്ഞു. വിഴിഞ്ഞത്തെ വീട്ടിലെത്തിയപ്പോഴും വീടിനു മുന്നിൽ നാട്ടിലെ ആരാധകർ കാത്തുനിന്നിരുന്നു. അവർക്കൊപ്പം സെൽഫിക്കു പോസ് ചെയ്ത ശേഷമാണ് സഞ്ജു വീട്ടിലേക്കു പോയത്. മാതാപിതാക്കൾ അടക്കടമുള്ളവർ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

സംസ്ഥാന സർക്കാർ സ്വീകരണം നൽകുംതിരുവനന്തപുരം ∙ ട്വന്റി20 ലോകകപ്പ് താരം സഞ്ജു സാംസണു തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സ്വീകരണമൊരുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ‘കേരളത്തിന്റെ പുത്രനായ സഞ്ജു നാടിന്റെ വലിയ അഭിമാനമാണ്. കുറെക്കാലമായി അർഹിക്കുന്ന അവസരങ്ങൾ നഷ്ടപ്പെട്ടിട്ടും സ്വന്തം കഴിവും അർപ്പണബോധവും കൊണ്ട് അതെല്ലാം മറികടന്നയാളാണു സഞ്ജു. സഞ്ജു പുതിയ തലമുറയ്ക്കു വലിയ മാതൃകയാണ്’– മന്ത്രി പറഞ്ഞു.

English Summary:

Sanju Samson discusses his strategical displacement during the World Cup, driven by accordant failures successful erstwhile matches. He besides expresses gratitude for the overwhelming enactment received from fans and mentions Sachin Tendulkar's invaluable proposal during challenging times.

Read Entire Article