മുംബൈ ∙ വെസ്റ്റിൻഡീസിനെതിരായ നിർണായക സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ ഇന്നിങ്സുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണെ പ്രശംസിച്ചുള്ള പോസ്റ്റുകൾക്ക് താഴെ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു: ‘‘സഞ്ജു വീണ്ടും ഫോമിലാകും, അടുത്ത കളി ഡക്കാകും’’. വെസ്റ്റിൻഡീസിനെതിരെ 97 റൺസിന്റെ അപരാജിത ഇന്നിങ്സുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന്റെ ബാറ്റിങ് വെറും ഒരു ‘വൺടൈം വണ്ടർ’ ആണെന്നു സൂചിപ്പിച്ചായിരുന്നു ആ പരിഹാസ കമന്റ്.
അമിത പ്രതീക്ഷയിലെത്തിയപ്പോഴൊക്കെ പലപ്പോഴും ഇടറി വീണ ചരിത്രം സഞ്ജുവിനുള്ളതിനാൽ ആരാധകരും ആശങ്കയിലായിരുന്നു. എന്നാൽ പരിഹാസങ്ങളെയും ആശങ്കകളെയും കാറ്റിൽപ്പറത്തിയുള്ള ഇന്നിങ്സാണ് ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സഞ്ജു പുറത്തെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 42 പന്തിൽ 89 റൺസെടുത്താണ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മികച്ച ടോട്ടലിലെത്താൻ സഹായിച്ചത് സഞ്ജുവിന്റെ ഇന്നിങ്സാണ്. ഏഴു സിക്സുകളും എട്ടു ഫോറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ആദ്യ ഓവറിൽ തന്നെ മികച്ച തുടക്കമാണ് സഞ്ജു നൽകിയത്. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു ഫോറും ഒരു സിക്സും സഹിതം 11 റൺസാണ് സഞ്ജു അടിച്ചത്. ട്വന്റി20യിൽ തനിക്ക് ഏറ്റവും മോശം റെക്കോർഡുള്ള ബോളർക്കും നേടിയ ആ റൺസ് സഞ്ജുവിന് നൽകിയ ആത്മവിശ്വാസം ചില്ലറയല്ല. എന്നാൽ ആർച്ചർ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സഞ്ജു ഒന്നു പകച്ചു, ആരാധകരും. ആർച്ചറുടെ ഒരു എക്സ്ട്രാ ബൗൺസർ സഞ്ജുവിന്റെ ബാറ്റിൽ തട്ടി ഉയർന്നു. എന്നാൽ മിഡ്–ഓണിൽനിന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ആ ക്യാച്ച് കൈവിട്ടു. സഞ്ജുവിന് ലഭിച്ച ആ ‘ലൈഫിന്’ ഇംഗ്ലണ്ട് വലിയ വില നൽകേണ്ടി വന്നു.
പിന്നീട് തുടർച്ചയായി ഇംഗ്ലണ്ട് ബോളർമാരെ പ്രഹരിച്ച സഞ്ജുവിന്റെ ബാറ്റിൽനിന്ന് ബൗണ്ടറികൾ ഒഴുകി. അഭിഷേക് പുറത്തായതിനു പിന്നാലെയെത്തിയ ഇഷാൻ കിഷൻ ഉറച്ച പിന്തുണ നൽകിയതോടെ സഞ്ജുവിന് സമ്മർദമില്ലാതെ കളിക്കാനായി. അഞ്ചാം ഓവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു. എട്ടാം ഓവറിൽ ലിയാം ഡോസണെ സിക്സറിന് തൂക്കി സഞ്ജു ട്വന്റി20 ലോകകപ്പിൽ തന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചറി തികച്ചു. 26 പന്തിലായിരുന്നു നേട്ടം. ഇതിനുശേഷവും സഞ്ജു ‘അടി’ തുടർന്നു. പത്താം ഓവറിൽ ഇഷാൻ പുറത്താകുമ്പോൾ രണ്ടാം വിക്കറ്റിൽ ഇരുവരും 97 റൺസ് അടിച്ചുകൂട്ടി. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്.
നാലാമനായി എത്തിയ ശിവം ദുബെയും ‘കട്ടയ്ക്ക്’ ഒപ്പം നിന്നതോടെ സഞ്ജു കളംനിറഞ്ഞു. 13–ാം ഓവറിൽ ആർച്ചറിനെ തുടർച്ചയായി രണ്ടു സിക്സർ പറത്തി, അതിവേഗം സെഞ്ചറിയിലേക്ക് കുതിക്കുകയാണെന്ന പ്രതീക്ഷ നൽകി. എന്നാൽ വിൽ ജാക്സ് എറിഞ്ഞ തൊട്ടടുത്ത പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഡീപ് കവറിൽ ഫിൽ സോൾട്ട് കയ്യിലൊതുക്കി. അർഹിച്ച സെഞ്ചറിക്ക് വെറും 11 റൺകലെയാണ് സഞ്ജു വീണത്. 89 റൺസുമായി നിരാശയോടെ സഞ്ജു മടങ്ങി. എങ്കിലും ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ ഭഭ്രമാക്കിയതിന്റെ സംതൃപ്തിയും.
∙റെക്കോർഡുകൾ വീണു
∙ ഇതോടെ ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡിനൊപ്പമെത്തി സഞ്ജു. 2016 ലോകകപ്പ് സെമിയിൽ വെസ്റ്റിൻഡീസിനെതിരെ വിരാട് കോലി പുറത്താകാതെ നേടിയ 89 റൺസായിരുന്നു ഇതുവരെയുള്ള ടോപ് സ്കോർ. ആ സ്കോറിനൊപ്പമെത്തി സഞ്ജുവും.
∙ ട്വന്റി20 ലോകകപ്പ് നോക്കൗട്ടുകളിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറും ഇതാണ്. കഴിഞ്ഞദിവസം, ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം ഫിൻ അലനാണ്(100*) ഒന്നാമത്. 2009 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ താരം തിലകരത്‌നെ ദില്‍ഷന്‍ നേടിയ 96* റൺസാണ് രണ്ടാമത്. കോലി മൂന്നാമതും സഞ്ജു നാലാമതും.
∙ ട്വന്റി20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. ടൂർണമെന്റിൽ ഇതുവരെ 16 സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. 2024 ലോകകപ്പിൽ 15 സിക്സർ നേടി രോഹിത് ശർമയുടെ റെക്കോർഡാണ് തകർത്തത്. ഈ ടൂർണമെന്റിൽ 15 സിക്സർ നേടിയ ശിവം ദുബെയും, 14 സിക്സർ നേടിയ ഇഷാൻ കിഷനും തൊട്ടുപിന്നാലെയുണ്ട്.
ആർച്ചറും സഞ്ജുവും
ഈ മത്സരത്തിന് മുൻപ് ജോഫ്ര ആർച്ചർ സഞ്ജുവിന്റെ ഒരു പേടിസ്വപ്നമായിരുന്നു. മുൻപ് അഞ്ച് ട്വന്റി20 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ മൂന്ന് തവണയും സഞ്ജുവിനെ പുറത്താക്കിയത് ആർച്ചറായിരുന്നു. ആർച്ചറുടെ വേഗതയ്ക്കും ബൗൺസിനും മുന്നിൽ റൺസ് കണ്ടെത്താൻ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. ഈ മത്സരത്തിന് മുൻപ് ആർച്ചറുടെ 23 പന്തുകളിൽ വെറും 25 റൺസാണ് സഞ്ജു നേടിയിരുന്നത്. എന്നാൽ സെമിഫൈനലിൽ ആ പഴയ കണക്കുകളെല്ലാം സഞ്ജു തിരുത്തി.
തനിക്ക് ലഭിച്ച ജീവൻ കൃത്യമായി വിനിയോഗിച്ച സഞ്ജു, ആർച്ചറുടെ തൊട്ടടുത്ത ഓവറിൽ ഒരു തകർപ്പൻ സിക്സറും ഫോറും നേടി ആധിപത്യം ഉറപ്പിച്ചു. ആർച്ചറുടെ ഷോർട്ട് ബോളുകളെ പുൾ ഷോട്ടിലൂടെ നേരിടുന്നത് കാണാൻ ഗാലറി ആവേശത്തിലായി. ഈ മത്സരത്തിൽ മാത്രം 38 റൺസാണ് അർച്ചർക്കെതിരെ സഞ്ജു നേടിയത്.
English Summary:







English (US) ·